ചിലപ്പോഴെങ്കിലും കൈവിട്ടു പോകുന്നത്
വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വിഭിന്നങ്ങളായ സ്വഭാവങ്ങളുമായി സമ്മേളിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഓരോ ക്ലാസ് റൂമുകളിലും ഇരിക്കുന്നത്.
ഓരോരുത്തരെയും അടുത്തറിയുകയും അവരോടൊപ്പം നന്മ തിന്മകൾ ബോധ്യപ്പെടുത്തി മുന്നോട്ടു പോകുന്നതും ശ്രമകരമായ ഒരു ജോലി തന്നെയാണ്.
ഇതൊന്നും ശ്രദ്ധിക്കാതെ ക്ലാസിലെ വിഷയം മാത്രം പഠിപ്പിച്ചു സിലബസ് തീർത്തു പോന്നാലും പ്രശ്നമില്ല. ആരും ചോദിക്കില്ല. സ്വന്തം കാര്യം നോക്കി സുരക്ഷിതമായി കാലം കഴിക്കാം.
കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങളിലിടപെട്ടാൽ പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് നന്നായി സൂക്ഷിക്കണം.
അവരുടെ നന്മയ്ക്കു വേണ്ടി ഗവൺമെന്റ് ഉണ്ടാക്കിയിട്ടുള്ള ചില വകുപ്പുകൾ ദുരുപയോഗം ചെയ്ത് അധ്യാപകർ കുടുങ്ങിപ്പോകുന്ന പല കാഴ്ചകളും കൺമുൻപിൽ കണ്ടിട്ടുണ്ട്. വാർത്തകൾ കേട്ടിട്ടുണ്ട്.
പണ്ടത്തെ കാലം പറഞ്ഞിരുന്നിട്ടു കാര്യമില്ല. ഇന്ന് മാറ്റങ്ങൾ ഒട്ടേറെ വന്ന കാലമാണ്. നാലാം ക്ലാസുകാരൻ മൊബൈൽ കൊടുക്കാത്തതിന് ആത്മഹത്യ ചെയ്യുന്ന കാലം.
” ടീച്ചർമ്മാര്കണ്ണടച്ച് നടക്കുക. എന്തെങ്കിലും ഉപദേശിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരും. കുട്ടികളുടെ മനസ് ഇന്ന് അത്ര ദുർബലമാണ്.” ഇങ്ങനെ എല്ലാ ഭാഗത്തു നിന്നും ഉപദേശങ്ങൾ അധ്യാപകർക്കു കിട്ടുന്ന നാളുകൾ.
ഉള്ളു പൊള്ളിക്കുന്ന അനുഭവത്തിനോർമ്മ കാലമേറെ കഴിഞ്ഞെങ്കിലും എന്റെ മനസിൽ നിന്നു മായുന്നില്ല.
വിചാരിച്ചപ്പോലെ എല്ലാം നന്നായി കൊണ്ടുപോകാമെന്ന് എപ്പോഴും ആശിക്കാനാവില്ല. ചിലതൊക്കെ കൈവിട്ടു പോകാറുണ്ട്.
ഇതു ജീവിതമാണ്. അംഗീകരിച്ചേ മതിയാകൂ. എല്ലാം മറന്നുളള യാത്രയ്ക്കേ സാധ്യതയുള്ളു.
തലേന്നു പരീക്ഷാപേപ്പർ നോക്കി സമയം പോയതറിയാതെ വളരെ വൈകിയാണ് കിടന്നത്.
രാവിലെ എട്ടു മണിക്ക് ബസിലിരിക്കുമ്പോൾ വെറുതെ ഓർമിച്ചു.
ക്ലാസ്ടീച്ചറായതു കൊണ്ട് സ്വന്തം ക്ലാസിലെ പാഠങ്ങൾ മറ്റു ഡിവിഷനിലെ പാഠങ്ങൾക്കൊപ്പം എത്തുന്നില്ലല്ലോയെന്ന്.
കാരണം ഓരോ പ്രശ്നങ്ങൾ പരിഹരിച്ചും രജിസ്ട്രർ കാര്യങ്ങളും സ്കോളർഷിപ്പും അറിയിപ്പുമൊക്കെ കഴിഞ്ഞ് പുസ്തകം തുറക്കുമ്പോഴേക്കും ബെല്ലടിക്കും. വൈകുന്നേരം ക്ലാസു വിട്ടാൽ പിന്നെ പത്താം ക്ലാസൊഴികെ മറ്റു കുട്ടികളെ എക്സ്ട്രാ ക്ലാസിനിരുത്താനും പറ്റില്ല.
തലേന്നു ക്ലാസിലുണ്ടായ മറ്റൊരു പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്.
തൊട്ടടുത്ത ക്ലാസിലെ ടീച്ചർപറഞ്ഞാണറിഞ്ഞത് .ആ ക്ലാസിലെ രണ്ടു കുട്ടികളും എന്റെ ക്ലാസിലെ ഒരു കുട്ടിയും കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു പോന്നെങ്കിലും സ്കൂളിലേയ്ക്കല്ല വന്നതത്രെ.
ഒരു കുട്ടിയുടെ വീട്ടിൽ പോയി യൂണിഫോം മാറി കറങ്ങാൻ പോയി.
അവളുടെ പാരന്റ്സ് രാവിലെ ജോലിക്കു പോകും . വീട് അടച്ചുപൂട്ടി പോരുന്നത് ഈ കുട്ടിയാണ്.
വീട്ടിലാരുമില്ലാത്ത സാഹചര്യം മുതലെടുത്ത് അവിടെച്ചെന്നു വസ്ത്രം മാറി അവർ എവിടെയോ പോയി കറങ്ങി നടന്ന് കൃത്യസമയത്ത് വീട്ടിലെത്തി.
വീട്ടുകാരറിഞ്ഞില്ല. അധ്യാപകരും.
പിറ്റേന്നു പതിവുപോലെ സ്കൂളിലെത്തിയ അവരിലൊരാൾ തലേ ദിവസത്തെ സന്തോഷയാത്ര തൊട്ടടുത്തിരിക്കുന്ന കുട്ടിയോടു പങ്കിട്ടു.
രഹസ്യം സൂക്ഷിക്കാനറിയാത്ത പ്രായത്തിൽ അവൾ മറ്റൊരാളോടു പറഞ്ഞു. ഒടുവിൽ ക്ലാസ്ടീച്ചറുടെ ചെവിയിലുമെത്തി.
വിളിച്ചു ചോദിച്ചപ്പോൾ മൂന്നാളും കറങ്ങാൻ പോയതു തുറന്നു പറഞ്ഞു. അതിലൊരാൾ എന്റെ ക്ലാസിലേതും .
അടുത്ത ക്ലാസിലെ ടീച്ചർ വീട്ടുകാരെ ഫോൺ ചെയ്തു പറഞ്ഞു. അവരാരും ആദ്യം വിശ്വസിച്ചില്ല. എങ്കിലും സ്കൂളിലയ്ക്കുടൻ വരാമെന്നു പറഞ്ഞു ഫോൺ വെച്ചു.
ഞാനെത്ര വിളിച്ചിട്ടും എന്റെ ക്ലാസിലെ കുട്ടിയുടെ ഉമ്മ ഫോൺ എടുക്കുന്നില്ല.
വീട്ടിൽ നിന്നു ആരെയെങ്കിലും വിളിപ്പിക്കണമെന്ന് എച്ച്.എം.നിർബന്ധമായും പറഞ്ഞു.
മനസിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഇനി അവരുടെ വീടന്വേഷിച്ചു പോകേണ്ടിവരുമോ?
ഒരു ചായക്കട നടത്തി മകളെ വളർത്തുന്ന ഉമ്മയാണെന്നറിയാം.
അവളുടെ ഉപ്പ വല്ലപ്പോഴുമേ വരികയുള്ളു.അയാൾക്ക് ആദ്യഭാര്യയും മക്കളുമുണ്ട്. ഇവിടെ ഈ സ്ത്രീയുമായുണ്ടായ ബന്ധത്തിലെ മകളാണ് എന്റെ ക്ലാസിലെ കുട്ടി.
കുട്ടിക്ക് ഉമ്മയോടു വലിയ സ്നേഹമാണെങ്കിലും അനുസരണയോ പേടിയോയില്ല.
ഞാൻ ഫോൺ വിളിച്ചിട്ടും അമ്മ എടുക്കാത്തതിന്റെ പിറകിൽ കുട്ടിയുടെ സ്വാധീനവും ഉണ്ടെന്നെനിക്കു തോന്നി.
വല്ലാത്ത ആകുലതയിലായി ഞാൻ.
അടുത്ത ക്ലാസിലെ രണ്ടു കുട്ടികളുടെ മാതാപിതാക്കളും വന്നു.
ഇനി ഇങ്ങനെ ഉണ്ടാകില്ലയെന്നൊക്കെ പറഞ്ഞും എഴുതിക്കൊടുത്തും അവർ പോയി.
ഒരു കുട്ടി ലീവെടുത്താൽ ഉടനെ ക്ലാസ്ടീച്ചർ വീട്ടിലേയ്ക്കു വിളിച്ചു കാരണം ചോദിക്കണമെന്നും സ്റ്റാഫ് മീറ്റിംഗിൽ തീരുമാനമായി.
പിറ്റേന്നു ലീവു ലെറ്ററുമായുള്ള കുട്ടികളുടെ പതിവ് വരവു വേണ്ടെന്നും ക്ലാസ്ടീച്ചർ രാവിലെ അറ്റൻഡൻസ് എടുത്തു കഴിഞ്ഞാലുടൻ വരാത്ത കുട്ടികളുടെ വീട്ടിലേക്കു വിളിക്കണമെന്നും എല്ലാവരും തീരുമാനിച്ചു.
മാതാപിതാക്കളുടെ മൊബൈലിലൂടെ കുട്ടികൾ തന്നെയാണ് അവർ ലീവാണെന്ന സന്ദേശമയക്കുന്നതെന്ന പുതിയ അറിവും ആദ്യമായി കിട്ടി.
എന്റെ ചിന്തയിലിതൊന്നുമല്ല കുട്ടിയുടെ അമ്മയെ എങ്ങനെവിവരം ധരിപ്പിക്കും?
“ഇത് മിക്സ്ഡ് കോളേജല്ലല്ലോ!പെൺകുട്ടികളുടെ
സ്കൂളല്ലേ അവിടെ ഇങ്ങനെ നടന്നാൽ കുട്ടികൾക്ക് ടി.സി. കൊടുത്ത് പറഞ്ഞു വിട്ടില്ലെങ്കിൽ ഞങ്ങളുടെ കുട്ടികളും ചീത്തയാകുമെന്ന്”
മക്കളിലൂടെ വിവര ങ്ങളറിഞ്ഞ പല അമ്മമാരുടെ ഫോൺ കോളുകളും എനിക്കു വരാൻ തുടങ്ങി.
അറിവില്ലായ്മകൊണ്ടുള്ള അബദ്ധമല്ലേ എന്ന എന്റെ നിക്ഷ്പക്ഷ നിലപാടിനെ പരിഹാസത്തോടെ ചില അമ്മമാർ നേരിട്ടു.
“ടീച്ചറുടെ ക്ലാസിലെ ആ കുട്ടി ശനിയും ഞായറുമൊന്നും വീട്ടിലിരിക്കില്ല .കറങ്ങി നടപ്പാണ് അമ്മയുടെ അനുവാദത്തോടെ തന്നെ .ഞങ്ങളുടെ മക്കളെ അവിടെ നിന്നു മാറ്റേണ്ടിവരുമെന്ന”
ചെറു ഭീഷണി സ്വരവും കേട്ടു.
ടീച്ചറുടെ ക്ലാസിലെകുട്ടി എന്നത് ടീച്ചറുടെ കുട്ടിയാണ്.
ഓരോ പാഠങ്ങ ളോടനുബന്ധിച്ച് ലോക സംഭവങ്ങളും കഥകളും അനുഭവങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു കൊടുക്കാറുണ്ട്.
ഉപദേശരൂപേണയല്ലാതെ എത്ര തിരുത്തലുകളും വിവേചന ബുദ്ധിയോടെ കാര്യങ്ങളറിയേണ്ടതിനെക്കുറിച്ചു ദിനവും ക്ലാസു റൂമിൽ പറയുന്നുണ്ട്.
മാനസികമായി വല്ലാത്ത സംഘർഷമെനിക്കനുഭവപ്പെട്ടു.
ഒരു ദിനം കൂടി കഴിഞ്ഞു പോയി. ഉമ്മയുമായി വന്ന് ക്ലാസിൽ കയറിയാൽ മതിയെന്നു പറഞ്ഞാൽ കുട്ടി വല്ലയിടത്തും വീണ്ടും കറങ്ങിനടക്കാൻ പോയാലോ എന്ന ചിന്തയും എനിക്ക് വല്ലാത്ത പിരിമുറുക്കമായി.
പിറ്റേന്ന് രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടിയോടു ഞാൻ ചോദിച്ചു അമ്മ ഫോൺ എടുക്കുന്നില്ല. മറ്റാരുടെയെങ്കിലും നമ്പർ തരുമോയെന്ന്.
അവൾ വേഗം ഉമ്മയുടെ ചേച്ചിയുടെ നമ്പർ തന്നു. പക്ഷേ അതിൽ വിളിക്കും മുമ്പേ ഞാനൊന്നു കൂടി ശ്രമിച്ചപ്പോൾ അവളുടെ ഉമ്മ ഫോണ്ടെടുത്തു.
“എന്താണ് ടീച്ചറെ ?” കനത്ത ശബ്ദം.
ഒരു കണക്കിന് കാര്യം പറഞ്ഞൊപ്പിച്ചു.
സ്കൂളിൽ വന്ന് എച്ച്.എമ്മിനെ കാണണം. പല ദിവസങ്ങളിലും കുട്ടി ആബ്സന്റ് ആകുന്നുണ്ട് എന്നും ഞാൻ പറഞ്ഞു.
അവർ മിണ്ടാതെ ഫോൺ വെച്ചു.
ഉച്ചയൂണു കഴിഞ്ഞ് ബെല്ലടിച്ച് കുട്ടികൾ ക്ലാസിൽ കയറുന്ന സമയം . സ്റ്റാഫ്റൂമിൽ നിറയെ അധ്യാപർ.
ഒരലർച്ച ശബ്ദത്തോടെ അവളുടെ ഉമ്മ വാതിൽക്കൽ നിൽക്കുന്നു.
എല്ലാവരും സ്തബ്ധരായി. കുട്ടിയെ വഴക്കു പറയുന്നതാണെന്നാണ് ഞാൻ കരുതിയത്.
പക്ഷേ അവർ ഞങ്ങളെ ചീത്ത പറയാൻ തുടങ്ങി. മൊത്തം ടീച്ചേഴ്സും എന്നെ നോക്കി. എന്റെ കുട്ടിയുടെ അമ്മ എന്റെ സ്വന്തമാണല്ലോ.
പുറത്തേയ്ക്ക് ചെന്നപ്പോൾ അവർ വലിയബഹളമുണ്ടാക്കുകയാണ്.
വരാന്തയിൽ നിന്നിരുന്ന കുട്ടികൾ പരസ്പരം പേടിയോടെ നോക്കി.
അങ്ങേയറ്റത്തെ ക്ലാസ് മുറിയിൽ നിന്ന് മകൾ ഉമ്മയുടെ ഉച്ചത്തിലുളള ശബ്ദം കേട്ട് ഓടിപ്പിണഞ്ഞെത്തി .
ഉമ്മയുടെ വായ്പൊത്തിപ്പിടിച്ചു.
എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ ഞാനും അടുത്ത ക്ലാസിലെ ടീച്ചറും തറഞ്ഞു നിന്നു പോയി.
അവർ ദേഷ്യത്തോടെപറയുന്ന വാക്കുകളുടെ സംഗ്രഹമിതാണ്.
കുട്ടികളുടെ വ്യക്തി പരമായ കാര്യങ്ങളിൽ ഇടപെട്ട അധ്യാപകരാണ്തെറ്റുകാർ.
ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. സത്യത്തിൽ അവസാനത്തേതും.
പിന്നീടൊരിക്കലും ഇങ്ങനെയൊരു സ്തംഭനാവസ്ഥ എനിക്ക് അധ്യാപക ജീവിതത്തിലുണ്ടായിട്ടില്ല.
“ഇത് ന്യൂ ജെൻ കുട്ടികളാണെന്നും ആൺപിള്ളേരുമായി കറങ്ങുമെന്നുമവർ ഒച്ചയിട്ടു. ക്ലാസിൽ വന്നില്ലെങ്കിലെന്താ നിങ്ങളാണോ അവരെ പോറ്റുന്നത്.? ഞങ്ങൾ കഷ്ടപ്പെട്ടിട്ടല്ലേ !
കൂടെയുള്ള രണ്ടു പേരോട് എഴുത്തെഴുതി വാങ്ങിയെന്നറിഞ്ഞു. ഞാനൊന്നും തരാൻ പോകുന്നില്ല. എന്റെ മകളെ കുറ്റം പറഞ്ഞാൽ ഞാൻ വിട്ടുതരികയുമില്ല. ”
അധ്യാപകരെല്ലാം സ്റ്റാഫ് റൂമിനു പുറത്തിറങ്ങി.
അവരോടു മിണ്ടാതിരിക്കാൻ പറയാനാർക്കുമാകുന്നില്ല.
മകൾ മാത്രം കരഞ്ഞു കൊണ്ടു കാലുപിടിക്കുന്നുണ്ട്.
“ഉമ്മാ എന്റെ ടീച്ചർമാരെ ഒന്നും പറയല്ലേ. ഞാനല്ലേ തെറ്റു ചെയ്തത്.
ഒന്നു വീട്ടിൽ പോ! നിങ്ങൾക്കു ഭ്രാന്തായാ”
എന്നവൾ കരഞ്ഞു പറഞ്ഞിട്ടുമവരുടെ അട്ടഹാസം നിറുത്തുന്നില്ല.
“വന്നു പഠിപ്പിച്ചു പോയ മതി. ടീച്ചർമാര് കൂടുതൽ കാര്യമന്വേഷിക്കേണ്ട”യെന്നുപറഞ്ഞവർ കിതച്ചു.
എച്ച് .എം സ്ഥലത്തില്ലാതിരുന്നതിനാൽ സീനിയറായ മറ്റൊരു ടീച്ചർ അവരെ പറഞ്ഞു വിടുന്നതുവരെ അവർ ഒച്ചപ്പാടെടുത്തു കൊണ്ടിരുന്നു.
ക്ലാസ്റൂമിലേയ്ക്ക്കടന്നു ചെല്ലുമ്പോൾ വിയർപ്പിനു ശേഷം തണുത്തപോയ ശരീരവും തളർന്ന മനസുമായാണ് ഞാൻ നിന്നത്.
കുട്ടി തല കുമ്പിട്ടു കിടപ്പുണ്ട്. ചില കുട്ടികളുടെ കണ്ണു നിറഞ്ഞിരിപ്പുണ്ട്.
നമ്മുടെ ടീച്ചറെ ഇത്ര ആക്ഷേപിച്ചതെന്തിനെന്ന് ക്ലാസ് ലീഡർ എഴുന്നേറ്റു നിന്ന് ഉച്ചത്തിൽ ചോദിച്ചു.
ഞാനവളോട് ഇരിക്കാൻ പറഞ്ഞു.
പതിവു തമാശകളും കഥകളുമൊഴിവാക്കിയതുകൊണ്ട് പാഠഭാഗം വേഗം പഠിപ്പിച്ചു തീർന്നു.
പിറ്റേന്ന് ഉമ്മയുടെ ചേച്ചിയും അവരുടെ മകളും കുട്ടിയുടെ ഉമ്മയും കൂടി വന്നു.
തലേ ദിവസത്തെ രൂപമല്ല ശാന്ത സ്വരൂപിണിയായിട്ടുണ്ടവർ.
ഉമ്മയുടെ ചേച്ചിയും മകളും ഒത്തിരി ക്ഷമാപണംനടത്തി.
“വിവരമില്ലാത്തവൾ. പണ്ടുതുടങ്ങിയിങ്ങനയാ,എല്ലായിടത്തും എടുത്തു ചാടും. അവളെ പോലെ തന്നെ മകളെയും അഴിച്ചു വിട്ടിരിക്കയാണ്. ”
ഉമ്മയുടെ ചേച്ചി അവരെ ശകാരിച്ചു കൊണ്ടിരുന്നു.
“എനിക്ക് നല്ലതലവേദനയായിരുന്നു. അതാണ് അത്ര ഒച്ചപ്പാടുണ്ടാക്കിയത്. മോള് നല്ല ദേഷ്യത്തിലാ! അവൾ സ്കൂളിൽ വരില്ലന്നു പറഞ്ഞതു കൊണ്ട് മാത്രം ഞാൻ വന്നതാണ്.”
കുട്ടി തന്നെയാണ് ഉമ്മയുടെ ചേച്ചിയേയും മോളെയും വിളിച്ചു വരുത്തിയതെന്നും അവർ പറഞ്ഞു നിറുത്തി.
ഔദ്ധത്യ ഭാവത്തിനു വലിയ കുറവില്ലാതെ അവർ സംസാരിച്ചു കൊണ്ട് മകളെഴുതിയ ക്ഷമാപണക്കത്തിൽ ഒപ്പുവെച്ചു.
ഉമ്മയുടെ ചേച്ചി തുടർന്നു
“എന്റെ മക്കളൊക്കെ ഇവിടെ പഠിച്ചവരാ എത്ര ബഹുമാനമാണ് , ഞങ്ങൾക്ക് നിങ്ങളോടൊക്കെ. അവരെ വഴി കാണിച്ചു കൊടുത്തവരല്ലേ നിങ്ങൾ. ”
അവർ കരയാൻ തുടങ്ങി.
“ഞങ്ങൾ വീട്ടിലയ്ക്കു കൊണ്ടുപോകുകയാണിവളെ . ഇവളുടെ ഉമ്മയുടെ കൂടെ നിന്നാൽ ശരിയാവില്ല. എന്തു പ്രശ്നമുണ്ടാക്കിയാലും ടീച്ചർ ഞങ്ങളെ വിളിച്ചാൽ മതി. ”
അവർ നടന്നു പോയി.
ഭാവഭേദമൊന്നുമില്ലാതെ അവളുടെ ഉമ്മയും.
കുട്ടികൾ ക്ലാസ് റൂമിനു വെളിയിലേയ്ക്കു എത്തിനോക്കി പറയുന്നുണ്ട്.
“എടീ ദേ ആ തള്ള പിന്നേം വന്ന്”
കാഴ്ചവസ്തുവിനെ പോലെ തന്റെ ഉമ്മായെ എല്ലാവരും പരിഹാസത്തിൽ നോക്കുന്നതു കണ്ട് കുനിഞ്ഞ ശിരസോടെയവൾ ക്ലാസ് റൂമിലേയ്ക്കു നടന്നു പോയി.
വർഷാന്ത്യ പരീക്ഷയ്ക്ക് കുഴപ്പമില്ലാത്ത മാർക്കു വാങ്ങി അടുത്ത ക്ലാസിലേയ്ക്കു പോയപ്പോൾ നന്നായി പഠിക്കാമെന്നും ഇനി കറങ്ങാനൊന്നും പോകില്ലയെന്നുമെനിക്കവൾ ഉറപ്പു തന്നു.
ഉമ്മയുടെ ചേച്ചിയുടെ വീട്ടിൽത്തന്നെ നിൽക്കുന്നതിലും അവരുടെ കണിശമായ ജീവിതരീതികളിലും അവളൊട്ടും സംതൃപ്തയല്ലെന്നെനിക്കു തോന്നി.
ഉമ്മയോടൊപ്പമുള്ള സ്വാതന്ത്ര്യമവളും കൊതിക്കുന്നുണ്ട്.
പത്താം ക്ലാസിൽ മറ്റൊരു ടീച്ചറായിരുന്നു ക്ലാസ്ടീച്ചർ.
അവൾ ഉമ്മയുടെ അടുത്തേയ്ക്കു തിരിച്ചുപോയെന്നും, നശിക്കാൻ തീരുമാനിച്ച വരെ രക്ഷിക്കാനാവില്ല എന്നും അവളുടെ ഉമ്മയുടെ ചേച്ചിയുടെ മകൾ ക്ലാസ് ടീച്ചറെ വിളിച്ചു പറഞ്ഞു.
സമാനമായ ചില സാഹചര്യങ്ങൾ പിന്നീടും ഉണ്ടായെങ്കിലും ഉമ്മയ്ക്ക് മകളോടുള്ള അമിത സ്നേഹം അവളെ കുഴപ്പത്തിലാക്കുമെന്ന് ഞങ്ങൾ എല്ലാവരും
ഭയന്നിരുന്നു.
വർഷങ്ങൾ കടന്നു പോയി.
അന്നത്തെ ഒൻപതാം തരത്തിലെ ക്ലാസ് ലീഡറുടെ വാട്സാപ്പ് മെസേജ് എനിക്കു വന്നു.
എഞ്ചിനിയറിംഗ് കഴിഞ്ഞ് ക്യാമ്പസ് സെലക്ഷൻ കിട്ടിയ വിവരമൊക്കെ സന്തോഷത്തോടെ പറഞ്ഞ ശേഷം അവൾ തുടർന്നു.
” ഞാനൊരു മെസേജിടാം. ടീച്ചർ ഞെട്ടരുത്. കൂടുതലൊന്നും എന്നോടു ചോദിക്കുകയുമരുത്.”
അടുത്ത നിമിഷം ഒരു ഫോട്ടോയും മുകളിൽ കാൺമാനില്ല എന്ന ശീർഷകവും താഴെ ലോക്കൽ പോലീസിന്റെ അറിയിപ്പും കണ്ടു.
പുറത്ത് തിളക്കുന്ന ഉച്ചവെയിലിൽ വരാന്തയിൽ ചൂടുകാറ്റേറ്റ് സ്തബ്ധയായി അവളുടെ ഉമ്മയുടെ ബഹളം കേട്ട് നിന്നതുപോലെ ഞാൻ നിന്നു.
ഉമ്മയെ ടീച്ചറിനു വേണ്ടി കാലുപിടിച്ച് വായ്പൊത്തിയ ദൃശ്യമോർത്ത് കണ്ണു നിറഞ്ഞു.
എല്ലാകുട്ടികളെയും നേർവഴിക്കു നയിക്കാൻ അധ്യാപിക ഒറ്റയ്ക്ക് വിചാരിച്ചാൽ നടക്കില്ല എന്ന ബോധ്യമുണ്ടായ അനുഭവം.
കൈവിട്ടുപോയ ഒരേ ഒരു കുഞ്ഞാടിനെ തേടിയ നല്ലിടയന്റെ ഉപമ വളരെ വ്യക്തമായി മനസിൽ തെളിഞ്ഞു.
നമുക്ക് എത്തപ്പെടാ
നാവാത്ത ഇടങ്ങളിലായി പ്പോയവരെ ഓർമിച്ച് അകം ഇപ്പോഴും നോവാറുണ്ട്.
അനുഭവങ്ങൾ ആർക്കെങ്കിലും പാഠമാകട്ടെ .




നന്മയും നല്ലതും കാണാത്ത ചില മനുഷ്യർക്കിടയിലൂടെയും നമുക്ക് ജീവിയ്ക്കേണ്ടിവരും.സദുദ്ദേശത്തോടെ നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്ക് ദൈവത്തിൻ്റെ കൂട്ടുണ്ടാകും.
അനുഭവങ്ങളുടെ പെരുവെള്ളപ്പാച്ചിലിലൂടെ കടന്നുപോയ അധ്യാപന കാലം താങ്കളെ നല്ലൊരധ്യാപിക മാത്രമല്ല നല്ലൊരെഴുത്തുകാരിയും
നല്ലൊരു മനുഷ്യനുമാക്കി മാറ്റി എന്ന് പറയാതെ വയ്യ.❤️❤️
ഹൃദയ സ്പർശിയായ അധ്യാപകനുഭവം….. വിങ്ങലോടെയാണ് വായിച്ചു തീർത്തത്…… അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്❤️❤️❤️
അധ്യാപിക അമ്മയാണ് എന്ന് ഉറപ്പിക്കുന്ന ഒരു അനുഭവം കൂടി…
നല്ല എഴുത്ത്…
തുടരു….