കൈകൾ കമ്പിളിക്കുള്ളിൽ തിരുകി, ദൂരെ കൊടുമുടികളിലേക്ക് നോക്കി നിൽക്കുന്ന ആ രൂപം എവിടെയോ കണ്ടു മറന്നതുപോലെ. ആ മുടി കെട്ടിവെച്ചിരിക്കുന്ന രീതിയും നിൽപും… മനസ്സിൽ ഒരു സംശയം തോന്നി. അല്പം അടുത്ത് ചെന്ന് ഒന്ന് മുരടനക്കി. ആ ശബ്ദം കേട്ട് അവർ സാവധാനം തിരിഞ്ഞുനോക്കി. നേരിയ വെളിച്ചത്തിൽ ആ മുഖം വ്യക്തമായതും ഞെട്ടലോടെ, അറിയാതെ തന്നെ ആ പേര് നാവിൽ നിന്നും പുറത്തു വന്നു:
”യമുനാ..!”
ഒരു നിമിഷത്തെ സ്തംഭനാവസ്ഥക്ക് ശേഷം അത്ഭുതം വിട്ടുമാറാതെ അവരും വിളിച്ചുപോയി.
”ശേഖർ സർ!”
ചോദിക്കാൻ ഒരുപാടുണ്ടായിരുന്നെങ്കിലും വാക്കുകൾ കിട്ടാതെ കുഴങ്ങി. എന്തു ചോദിക്കണം? എവിടെ തുടങ്ങണം? ഒടുവിൽ ഒരു ചോദ്യം നാവിൽനിന്നും ഊർന്നുവീണു.
“യമുന ഇവിടെ?” – ചോദിച്ചു കഴിഞ്ഞപ്പോഴാണ് ആ ചോദ്യത്തിലെ അനൗചിത്യം ഓർത്തത്. അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ പരിഭ്രമത്തിലും ആഹ്ലാദത്തിലും മറ്റൊന്നും മനസ്സിൽ വന്നില്ല. ഒരു വിളറിയ ചിരിയായിരുന്നു മറുപടി.
“യമുന ഇപ്പോൾ എവിടെയാണ്?”. ജാള്യം മറയ്ക്കാനായി അടുത്ത ചോദ്യത്തിലേക്ക് കടന്നു.
“പ്രയാഗിൽ.”
“അന്ന് നേരെ അങ്ങോട്ടാണോ പോയത്?”
“അല്ല സർ. ഇറങ്ങിയപ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. പക്ഷേ, മരണം എന്റെ ഓപ്‌ഷനായിരുന്നില്ല. ഏതോ ബോധത്തിൽ ഉത്തരേന്ത്യയിലേക്കുള്ള ആദ്യ ട്രെയിനിന് ടിക്കറ്റെടുത്തു. കാശി തന്നെയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടയിലാണ് ഈശ്വരൻ മുന്നിലെത്തിച്ചതുപോലെ കാശി മാ ആനന്ദമയി ആശ്രമത്തിലെ അമ്മയെ പരിചയപ്പെട്ടത്. അവർ തിരുപ്പതി സന്ദർശിച്ചു മടങ്ങുകയായിരുന്നു.”
സംസാരിക്കേ യാത്ര തുടരാനുള്ള നിർദ്ദേശം വന്നതിനാൽ കൂടാരത്തിലേക്ക് മടങ്ങി. ഒട്ടേറെ വിശേഷങ്ങൾ ചോദിച്ചറിയാനുണ്ട്. ഏതായാലും കൂടെത്തന്നെയുണ്ടല്ലോ, സാവകാശം സംസാരിക്കാം എന്ന് കരുതി.
മുന്നോട്ടുള്ള നടപ്പിലും ചിന്ത മുഴുവൻ യമുനയെക്കുറിച്ചായിരുന്നു. കോളേജിലെ മലയാളം പ്രൊഫസറായിരുന്ന യമുന മിതഭാഷിയായിരുന്നു. ‘യമുന’ എന്ന പേരിൽത്തന്നെ ആനുകാലികങ്ങളിൽ കഥകൾ എഴുതുമായിരുന്നു. നാല്പതുകളുടെ അവസാനത്തിലായിരുന്നു ശ്യാം ഗോപാലുമായുള്ള വിവാഹം. എന്നാൽ ആ ബന്ധം അത്ര സുഖകരമായിരുന്നില്ല.
സർവീസിൽ നിന്നും നിർബ്ബന്ധിതവിരമിക്കലിന് പിറ്റേന്നാണ് യമുന അപ്രത്യക്ഷയായത്. നാട്ടിൽ പല കഥകളും പ്രചരിച്ചു. ശ്യാം യമുനയെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് വരെ കിംവദന്തികളുണ്ടായി. പരാതിപ്പെടാൻ ആരുമില്ലാത്തതിനാൽ അന്വേഷണവും എങ്ങുമെത്തിയില്ല. സഹോദരങ്ങൾക്ക് അതിനൊട്ടു താല്പര്യവുമില്ലായിരുന്നു. ആവശ്യം കഴിഞ്ഞ ചണ്ടി പോലെയായിരുന്നു അവർക്ക് യമുന. സരസ്വതിയും താനും കൂടി കുറേ അന്വേഷിച്ചു. പരാതി കൊടുക്കാഞ്ഞത് കണ്ടെത്തി തിരിയെ കൊണ്ടുവന്നാൽ ഒരുപക്ഷേ ഒരു ആത്മഹത്യയ്ക്ക് കൂടി സാക്ഷിയാകേണ്ടി വരുമോ എന്ന് ഭയന്നാണ്.
യമുന പോയി കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ശ്യാമിനെയും കാണാതായി. പിന്നെ എല്ലാവരും അവരെ മറന്നു. എങ്കിലും താനും സരസ്വതിയും അവരെ മറന്നില്ല. ഇടയ്ക്കൊക്കെ യമുനയെപ്പറ്റി സംസാരമുണ്ടാകുന്ന വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യന്റെ ചുവപ്പ് പടരുമ്പോൾ, മറുപടികളില്ലാത്ത ആ ചോദ്യങ്ങൾക്കിടയിലും യമുന എവിടെയോ സുരക്ഷിതയായിരിക്കുമെന്ന നേർത്ത പ്രതീക്ഷയിലായിരുന്നു. എട്ടു വർഷങ്ങൾക്കിപ്പുറം ഇതാ തൻ്റെ മുന്നിൽ യമുന. ആ ഓർമ്മകളെ തട്ടിമാറ്റി അദ്ദേഹം യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നു.
അപ്പോളേക്കും ആ കണ്ടുമുട്ടൽ ഏൽപ്പിച്ച ആഹ്ലാദാധിക്യത്താൽ വഴിദൂരം അറിയാതെ കുറെ മുന്നിലെത്തിയിരുന്നു. മലനിരകളെ ചുറ്റി ഉറുമ്പുകളെപ്പോലെ നീങ്ങുന്ന തീർത്ഥാടകർക്കിടയിൽ തിരിഞ്ഞുനിന്ന് യമുനയെ തിരഞ്ഞു. കുറച്ചു പിന്നിലായി ഒരുകൂട്ടം തീർഥാടകർക്കിടയിൽ ആ മുഖം തെളിഞ്ഞു വന്നു. ഒന്നു സംസാരിക്കാൻ വിശേഷങ്ങളറിയാൻ മനസ്സ് തുടിച്ചു. മറ്റുള്ളവർക്ക് കടന്നുപോകാൻ വശം ചേർന്ന് നടപ്പ് സാവധാനത്തിലാക്കി കാത്തുനിന്നു. വെയിൽ കനത്തെങ്കിലും മലമുകളിൽ നിന്നുള്ള ശീതക്കാറ്റ് ആശ്വാസമായി.
ഏകദേശം അര ഫർലോങ് കഴിഞ്ഞപ്പോൾ യമുന അരികിലെത്തി. മെല്ലെ തിരിഞ്ഞുനിന്നു. അതുകണ്ട അവളുടെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു മാഞ്ഞു.
“സ്ഥിരമായി അവിടെത്തന്നെയാണോ? ഇപ്പോൾ എഴുതാറുണ്ടോ?” ചോദ്യങ്ങൾ താനേ ഒഴുകി വന്നു.
വടിയൂന്നി നിന്ന് അല്പനേരം കിതപ്പാറ്റിയ ശേഷം യമുന സംസാരിച്ചു: “അങ്ങനെ സ്ഥിരമായി ഒരിടമില്ല സർ, നിരന്തരമായ യാത്രയാണ്. വീടുവിട്ടിറങ്ങുമ്പോൾ കാശി മാത്രമായിരുന്നു ലക്ഷ്യം. ആരുമറിയാതെ ശിഷ്ടകാലം അവിടെ കഴിയാമെന്ന് കരുതി. കുറച്ചുനാൾ അവിടെ കഴിഞ്ഞു. പക്ഷേ, ഒരിടത്ത് അടങ്ങിയിരുന്നപ്പോൾ പഴയ ഓർമ്മകൾ വല്ലാതെ വേട്ടയാടി…”
നടന്നു തുടങ്ങിയതോടെ കിതപ്പ് അവളുടെ സംസാരത്തിന് തടസ്സമായി. വഴിയിൽ മാറിനിന്ന് ശ്വാസം നേരെയാക്കി അവർ വീണ്ടും സാവധാനം നടന്നു.
“സർ, നടന്നുകൊണ്ട് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്. നമുക്ക് വിശ്രമിക്കുമ്പോൾ ആവാം.”
പരിചയസമ്പന്നയായ യാത്രികയെപ്പോലെയുള്ള അവളുടെ നിർദ്ദേശം ശേഖർ അംഗീകരിച്ചു. അടുത്ത വിശ്രമസ്ഥലം വരെ അവർ മൗനം പാലിച്ചു. എങ്കിലും രണ്ടുപേരുടെയും ഉള്ളിൽ ചിന്തകൾ ഇരമ്പുകയായിരുന്നു. യാത്രാക്ഷീണം പോലും മറന്ന ആ നിമിഷങ്ങളിലെ നിശബ്ദത അടുത്ത ക്യാമ്പിലെത്തിയപ്പോഴാണ് മുറിഞ്ഞത്.
“ആശ്രമത്തിലെത്തിയതിൽപ്പിന്നെ നിർത്താതെ തീർഥാടനങ്ങളിലായിരുന്നു. എല്ലാ വർഷവും ഇവിടെ വരാറുണ്ട്. കെട്ടുപാടുകളിൽ നിന്നെല്ലാം മോചിതയായി അല്പം സ്വസ്ഥതയോടെ ജീവിക്കണം എന്ന മോഹം കൊണ്ടാണ് ആരോടും പറയാതെ നാട്ടിൽ നിന്നും പോന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഇപ്പോൾ ആദ്യമായാണ് പരിചയമുള്ള ഒരു മുഖം കാണുന്നത്,” യമുന ചിരിച്ചു. വിഷാദം കലർന്ന ഒരു ചിരിയായിരുന്നു അത്.
“അല്ലെങ്കിലും ഇവിടേയ്ക്ക് വരുന്ന മലയാളികൾ തീരെക്കുറവാണ്,” അവൾ കൂട്ടിച്ചേർത്തു.
സ്നേഹത്തോടെ അതിലേറെ അനുകമ്പയോടെ ആ മുഖത്തേയ്ക്ക് ശേഖർ നോക്കിയിരുന്നു. മുഖത്ത് ഒരു ആത്മീയപ്രകാശമുണ്ട്. മുടിയിഴകൾ കുറെയൊക്കെ നരച്ചു. മുഖത്തും പ്രായത്തിൻ്റേതായ വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ആ കൃശഗാത്രത്തിൻ്റെ ഭംഗി ഒട്ടും ചോർന്നുപോയിട്ടില്ല. കണ്ണുകൾക്ക് ആഴക്കടലിൻ്റെ വ്യാപ്തി. അതിൽ ഈ പ്രപഞ്ചം മുഴുവൻ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് തോന്നിപ്പോകും.
“ഓരോ യാത്രകളും എന്റെ ആത്മസായൂജ്യമാണ് സാർ. പലതും മറക്കാനുള്ള ഒരു ഉപാധി കൂടിയാണ് അത്,” ധ്യാനത്തിലെന്നപോലെ കണ്ണുകളടച്ചു യമുന പറഞ്ഞു നിർത്തി.
”വീട്ടുകാർ അന്വേഷിച്ചില്ലേ?” അതറിയാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ.
”ആവോ… ആർക്കറിയാം! എന്റെ മൊബൈൽ കണക്ഷൻ അന്നവിടെ ഉപേക്ഷിച്ചിട്ടാണ് ഞാൻ ഇറങ്ങിയത്.”
താൽക്കാലികമായി ഒരുക്കിയ ക്യാമ്പിൽ നിന്നും പ്രഭാതഭക്ഷണമായി ഉലുവ ചേർത്ത ദോശയും ചട്നിയും ചായയും കഴിച്ചു. ചൂടുചായ ഊതിക്കുടിക്കുമ്പോഴും തന്റെ കണ്ണുകൾ യമുനയിലായിരുന്നു. വിദൂരതയിലെ ഹിമതാഴ്‌വരകളിലേയ്ക്ക് നോട്ടമയച്ച്, ചിന്തയിലാണ്ട് ചായ ആസ്വദിക്കുകയാണ്. ഹിമപാളികളിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശരശ്മികൾ ആ കണ്ണുകളിൽ ജ്വലിക്കുന്നുണ്ടോ എന്ന് തോന്നുമാറ്, ഇതുവരെ കണ്ടിട്ടില്ലാത്തൊരു പ്രകാശം അവിടെ ഞാൻ കണ്ടു. പാത്രം തിരികെ നൽകി കയ്യും വായയും കഴുകി വന്നപ്പോഴാണ് അപ്രതീക്ഷിതമായി ആ ചോദ്യം വന്നത്.
“സാർ, സരസ്വതി ടീച്ചർ?”
“അവൾ പോയി.”
യമുനയുടെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു.
“അതേടോ. ഒരു പനിയിലായിരുന്നു തുടക്കം. അത് മസ്തിഷ്കജ്വരമായി മാറി. ഒരാഴ്ച്ച വെന്റിലേറ്ററിലായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് അമ്മയെ കാണാനെത്തിയ മക്കൾക്ക് തിരികെ പോകാൻ സമയമായപ്പോൾ അവർ വെന്റിലേറ്റർ മാറ്റാൻ തീരുമാനിച്ചു.” അത് പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു.
മറ്റാരൊക്കെയുണ്ടായാലും ഭാര്യയ്ക്ക് ഭർത്താവും ഭർത്താവിന് ഭാര്യയുമല്ലാതെ മറ്റൊരു തുണയില്ല. സരസ്വതി പോയതിനുശേഷമാണ് ജീവിതം ഇത്രമേൽ സങ്കീർണ്ണമായത്. ആ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്.
“സോറി സാർ,” സന്ത്വനമായി യമുന എന്റെ കൈകളിൽ അമർത്തി. നീർത്തുള്ളികൾ നിഴൽ പാകിയ കണ്ണുകളുയർത്തി നോക്കുമ്പോൾ സാരിത്തുമ്പു കൊണ്ട് കണ്ണ് തുടയ്ക്കുന്നത് കണ്ടു.
“ഇറ്റ്സ് ഓകെ. പിന്നെ ഏകദേശം ഒന്നര വർഷത്തോളം കാർത്തിക്കിന്റെയും അശ്വതിയുടെയും കൂടെയായിരുന്നു. അവിടെ വല്ലാതെ ബോറടിച്ചപ്പോൾ ഞാൻ തിരികെ പോന്നു. നമുക്കൊന്നും പറ്റിയ ഇടമല്ലടോ അവിടം.”
“അതേ സാർ. ഒരു ചെടി നടുമ്പോൾ അത് പറിച്ചുമാറ്റി നടുന്നതെങ്കിൽ തൈ ആയിരിക്കുമ്പോൾ വേണം. മരമായിക്കഴിഞ്ഞാൽ അതൊരിടത്തും വേരുറപ്പിക്കില്ല. മനുഷ്യനും ഈ തത്വം കുറെയൊക്കെ ബാധകമാണ്. ചിലർ എല്ലാത്തിനോടും സമരസപ്പെടാനുള്ള മനസ്സ് കാണിക്കുമെന്ന് മാത്രം.”
എത്ര കൃത്യമായാണ് യമുന കാര്യങ്ങളെ അപഗ്രഥിക്കുന്നത്! അല്പനേരത്തെ വിശ്രമത്തിനൊടുവിൽ ചോദിച്ചു:
“ഇനി നമുക്ക് നടന്നാലോ?”
“യെസ്, പോകാം.” കയ്യിലുള്ള വടിയൂന്നി ഞങ്ങൾ നടപ്പ് തുടർന്നു.
അവശ്യസാധനങ്ങൾ മാത്രമടങ്ങിയ ഒരു ബാക്പാക് ബാഗ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്. ബാക്കിയൊക്കെ കുതിരപ്പുറത്ത് ഏറ്റിയിരുന്നു. കുതിരയോടൊപ്പമുള്ള നടത്തമായതിനാൽ അത് ആയാസരഹിതമായിരുന്നു. യമുനയുടെ സാമീപ്യം കൂടിയായപ്പോൾ യാത്രയുടെ ദുർഘടങ്ങൾ അറിഞ്ഞേയില്ല. ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒരാൾ കൂടെയുള്ളതുപോലെ ഒരനുഭവം. അല്ലെങ്കിലും ഇടയ്ക്ക് ഒരു ചെറിയ കാലയളവ് വിടവ് വന്നെങ്കിലും എത്രയോ വർഷങ്ങളുടെ പരിചയവും അടുപ്പവുമാണ് യമുനയുമായി ഉള്ളത്.
കണ്ണുകൾ നിലത്തൂന്നി അതീവശ്രദ്ധയോടെയാണ് നടക്കുന്നതെങ്കിലും, ചിന്തകൾ അലട്ടുന്ന മനസ്സിൻ്റെ അശ്രദ്ധയാകാം ഒരു കയറ്റത്തിനിടയിൽ പെട്ടെന്ന് കാൽ ഒന്നു വഴുതി…
“സർ സൂക്ഷിച്ച്..”
യമുന താങ്ങിയില്ലായിരുന്നെങ്കിൽ വീണുപോയേനെ.
പിന്നീട് ആ കൈകളിൽ നിന്നുള്ള പിടി വിടുവിച്ചില്ല. ഒരുകയ്യിൽ ഊന്നുവടിയും മറുകയ്യിൽ യമുനയുടെ കരങ്ങളുമായിരുന്നു ബലം. നടക്കുമ്പോൾ പരസ്പരം താങ്ങായി മാറി. കയറ്റം കയറുന്തോറും കിതപ്പ് ഏറിവന്നു; അപ്പോഴൊക്കെ അല്പനേരം നിന്നു ശ്വാസം വീണ്ടെടുത്തു. ഇടയ്ക്ക് ഇരുന്നും നിന്നും വിശ്രമിച്ച്, ഒട്ടും ധൃതിയില്ലാതെ യാത്ര തുടർന്നു. എങ്കിലും ഇറക്കങ്ങളിൽ ശരീരം അല്പം ബുദ്ധിമുട്ടി. പേശികൾക്കെല്ലാം ഒരു പിടുത്തം അനുഭവപ്പെട്ടു. യമുനയുടെ കൈകളുടെ ബലത്തിൽ മെല്ലെമെല്ലെ താഴേക്കിറങ്ങി. ക്ഷീണം ശരീരത്തെ പൊതിഞ്ഞു തുടങ്ങിയെങ്കിലും അതൊന്നും വകവയ്ക്കാതെ നടത്തം തുടർന്നു.
വൈകുന്നേരമായപ്പോഴേക്കും ക്ഷീണം അസഹനീയമായി മാറി. ഒരടി പോലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥ. പനിക്കുന്നുണ്ടോ എന്നൊരു സംശയം ഉള്ളിൽ ഉദിച്ചു. ഒടുവിൽ വഴിയിലൊരിടത്ത് തളർന്നിരുന്നു.
തുടരും..




ഇഷ്ടം