ഉടനെ ഇൻസ്പെക്ടർ ഒരു കോഴിയെ എടുത്ത് പൊട്ടിച്ചു. അതിനകത്ത് കോഴിയുടെ അവയവങ്ങൾ എന്ന വ്യാജേന ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി.
തുടർന്ന് വായിക്കുക,
👇👇👇👇👇
അദ്ധ്യായം 29
മലയോരക്കാറ്റ് ഒരല്പം ശക്തിയായി ഒന്ന് ആഞ്ഞു വീശി. ചന്തയുടെ മേൽക്കുരകളിൽ കൂടുകൂട്ടിയ പ്രാവുകളും പക്ഷികളും കല പില ചിലച്ചുകൊണ്ട് നാലുപാടും ചിതറിപ്പറന്നു. ചന്തയിലെ ആവേശം ആരവമായി.
പിന്നാമ്പുറത്ത് ഉദ്ഘാടനം കഴിഞ്ഞ വേദിയെ ഇളക്കിമറിച്ചുകൊണ്ട് ഗാനമേള പൊടി പെടിക്കുന്നു. അവർ ചന്തയിൽ നടക്കുന്നതൊന്നും അറിഞ്ഞതേയില്ല.
അക്രമികളെ അവർ വിലങ്ങുവച്ചു. കോഴിക്കട അരിച്ചുപെറുക്കി പരിശോധിച്ചു. ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ജാനുവിനേയും, പോലീസ് അറസ്റ്റു ചെയ്തു.
എന്നാൽ ജാനുവിന്‍റെ മകൻ കടന്നു കളഞ്ഞു. അവനുവേണ്ടി തിരച്ചിൽ നടന്നു. ജാനുവിനെ പല തവണ പോലീസ് ചോദ്യം ചെയ്തു. അവർക്കൊന്നും അറിയില്ലായിരുന്നു. കാരണം, അവളെ ഇപ്പോൾ കടയിലേക്ക് മകൻ അടുപ്പിക്കാറില്ലായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു. സംസ്കരണ പ്ലാന്റിന്റെ പണി ധ്രുതഗതിയിൽ നടക്കുന്നു. യന്ത്രസാമഗ്രികൾ വാങ്ങാനായി. രാമഭദ്രനും , ഹാജിയാരും ചേർന്ന് കോയമ്പത്തൂർക്ക് പോയി.
അവിടെ മെഷിനറികൾ വിൽക്കുന്ന വലിയൊരു കംമ്പോളം ഉണ്ട്. അവർ ആ തെരുവിലൂടെ അവർക്കാവശ്യമുള്ള സാധനങ്ങളും തേടി അലഞ്ഞു. ഒടുക്കം അവർ എല്ലാ സാധനങ്ങളും കണ്ടെത്തി അതിന് ഓർഡർ കൊടുത്ത് അഡ്വാൻസ് കാശും നൽകി ഇറങ്ങി.
അധികദൂരം അവർ നടന്നു കാണില്ല. പെട്ടന്ന് ഒരു ജീപ്പിൽ കുറച്ചു ഗുണ്ടകൾ അവർക്ക് മുന്നിൽ വന്നു നിന്നു. അവരുടെ നേതാവിറങ്ങി.
ഹേയ് രാമഭദ്രാ…മണവാളൻ കുന്നിന്‍റെ രക്ഷകാ.. നിനക്ക് ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം.
ഹാജിയാരും രാമഭദ്രനും ഒന്ന് പകച്ചെങ്കിലും ഞൊടിയിടയിൽ തിരിച്ചു വന്നു.
ഹാജിയാരേ പേടിക്കരുത്. ഒന്നും സംഭവിക്കില്ല. ധൈര്യമായിട്ടിരുന്നോ.
ഉം…. എനിക്ക് പേടിയൊന്നുമില്ലടോ… ഈ പിള്ളേർ ഇതെന്തുഭാവിച്ചാ…?.
ഹേ… കിളവാ…ഈ വയസ്സുകാലത്ത് രക്ഷകനൊപ്പം നടന്ന് വീര ശൃംഗല വാങ്ങാനാണോ പരിപാടി. ഹ.ഹ.ഹ.
പ്രതീക്ഷിച്ചില്ല നിങ്ങൾ എന്നെ ഇവിടെ, ഇങ്ങിനെ ഒരു കൂടിക്കാഴ്ച്ച അല്ലേ.?
നിന്റെ ആ പീറച്ചന്തയിലിട്ട് എന്നെയങ്ങ് കുടുക്കിക്കളയാമെന്ന് നീ കരുതിയോ രാമഭദ്രാ..?
ആ അമേരിക്കൻ സായിപ്പിന്റെ പച്ചക്കറിത്തോട്ടത്തിലെ വിത്തിട്ട് വിളവെടുക്കുന്ന അഴുകിയ തക്കാളിക്കൃഷിയല്ലടാ എന്റേത്. ബുദ്ധി കൊണ്ട് ചുവടുകൾ ചലിപ്പിക്കുന്ന ചതുരംഗം കളിയാണ്. ചതുരംഗം.
ഹ!… ആനയേയും, കുതിരയേയും തിരിച്ചറിയാൻ കഴിയാത്ത നിന്നെ ആരാടാ ചതുരംഗംകളീന്ന് പറയാൻ പഠിപ്പിച്ചത്.
ഒളിഞ്ഞു നിന്ന് കല്ലെറിയാൻ നിന്‍റെ ഈ സെറ്റപ്പൊന്നും വേണ്ടട ചെക്കാ..
വെറുതേ സമയം കളയാണ്ട് നീ വന്ന കാര്യം പറയാൻ നോക്ക്.
പിന്നെ. ഇത് നിന്‍റെ മണ്ണാണോ, എന്‍റെ മണ്ണാണോ എന്നതൊക്കെ നിനക്ക് നിന്‍റെ ഷോ കഴിയുമ്പോൾ മനസ്സിലാകും.
രാമഭദ്രാ…. പല തവണ നിനക്ക് മുന്നിൽ ഞാൻ ഓടിക്കാണിച്ചു. പല മുന്നറിയിപ്പുകളും തന്നുകൊണ്ട് ഓടി. എന്നിട്ടും നീ എന്നെ പൂട്ടിയേ അടങ്ങു എന്ന വാശിയുമായി ഇറങ്ങിയിരിക്കുകയാണ് അല്ലേടാ കഴുവേറീടെ മോനെ.
ഇത് കേട്ട് ഹാജിയാർക്ക് കലിയിളകി.
എടാ… ഹറാംമ്പറന്ന ചെറ്റേ.. ഇത്തിരിപ്പോന്ന ചെക്കാ.. നീ ഇവിടെ വന്ന് ഈ ഉണ്ണാക്കൻമാരേം കൊണ്ട് ഞങ്ങളെയങ്ങ് മുക്കിൽക്കേറ്റിക്കളയാന്നാണ് ബെച്ചേങ്കീ.. നാട്ടില് നിന്‍റെ കോഴിത്തള്ളേം വീടും മാത്രോല്ല… നിന്‍റെ കുടുംബത്തിന്‍റെ വേരുമുഴുവൻ കോഴിയുടെ പൂട പറിച്ച് കരിച്ചു കളയും പോലെ പിള്ളേര് കരിച്ചു കളയും. കേട്ടോടാ പന്ന കോഴി മോനേ.
ഫ. കിളവാ… മിണ്ടാതിരുന്നോണം. നാട്ടിൽ പെട്ടി വിൽക്കുന്നവന് കിട്ടേണ്ട കാശ് ഇവിടുത്തെ പെട്ടിക്കച്ചവടക്കാരന് കിട്ടാനുള്ള യോഗം ഉണ്ടാക്കരുത്.
രാമഭദ്രാ… അന്ന് നിന്റെ മകളെ തീർക്കാതെ ബാക്കി വെച്ചു കൊണ്ട് ഞാൻ മുന്നറിയിപ്പു തന്നു.
പിന്നെ നിന്നെത്തീർക്കാൻ ആളെ വിട്ടു. അപ്പോഴും നിനക്ക് മനസ്സിലായില്ല.
ഒടുക്കം നിന്നെയും, നിന്റെ കുടുംബത്തേയും ഒന്നിച്ച് തീർക്കാനിരുന്നപ്പോൾ പോലീസുകാര് നിന്നെ രക്ഷിച്ചു. അങ്ങിനെ പലപ്പോഴായി.
അപ്പോൾ അതൊക്കെ നിന്‍റെ കളിയായിരുന്നു അല്ലേടാ കോഴി…?
ഹാജിയാരേ… ഇവനാള് ചില്ലറക്കാരനല്ല കേട്ടോ….!
നീയങ്ങ് ഭയങ്കര സെറ്റപ്പായിപ്പോയല്ലോടാ ചെക്കാ… നീ കോഴിജാനുവിന് ഉണ്ടായതു തന്നെയാണോ ടാ?
ഹ.ഹ ഹ ഹ …ഹ ഹ ഹ അന്ന് ആ കിളവനെ കടയിലിട്ട് തീർത്തതുപോലെ ഒരു പൂച്ച അറിയാതെ നിന്നെയും തീർക്കാനറിയാഞ്ഞിട്ടല്ല രാമഭദ്രാ.. അന്ന് നീ എന്‍റെ കളിക്കളത്തിലെ കളിപ്പാട്ടമായിരുന്നില്ല. എന്നാൽ ഇന്ന് നീ എന്‍റെ കളിക്കളത്തിൽ അറിഞ്ഞു കൊണ്ട് വന്ന് ചാടിയിരിക്കുന്നു. രക്ഷപ്പെടാൻ കഴിയുമോന്ന് നീ ഒന്ന് നോക്ക് രാമഭദ്രാ..
അയ്യേ,,, ഞാൻ അങ്ങിനെയങ്ങ് രക്ഷപ്പെട്ടു പോയാൽ നിന്‍റെ ഈ സെറ്റപ്പൊക്കെ പൊളിഞ്ഞു പോകില്ലേടാ കോഴിക്കുട്ടാ… ?
അല്ലങ്കിലും കോഴിയെ പിടിക്കുമ്പോൾ നേരെ കൂട്ടിൽ കൈയ്യിട്ട് പിടിക്കുന്നതിലും നല്ലത് ഓടിച്ചിട്ട് പിടിക്കുന്നതാണ്. എന്നാലേ ഒരു ത്രില്ലുള്ളൂ.
ഓഹോ.. അപ്പോൾ നീ ഓടിച്ചിട്ട് പിടിക്കും അല്ലേ രാമഭദ്രാ…? എന്നാൽ നീ ഇപ്പോൾ ഈ കൂട്ടിൽ നിന്ന് എങ്ങിനെ പുറത്ത് കടക്കും എന്നൊന്ന് കാണട്ടെ , എന്നും പറഞ്ഞ് അവൻ രാമഭദ്രനെ ആഞ്ഞു തൊഴിച്ചു.
ഞൊടിയിടയിൽ അവന്‍റെ കരംകവർന്ന് ഒന്ന് ചുഴറ്റി, വേച്ചുപോയ കാലുകളെ തന്‍റെ കാലുകൊണ്ട് തട്ടിമാറ്റി രാമഭദ്രൻ അവനെ നിലത്തടിച്ചു.
ഈ സമയം മറ്റ് ഗുണ്ടകൾ ആയുധങ്ങളുമായി മുന്നോട്ടു വന്നു.
ഉടനെ അവിടെ കൂടിയിരിക്കുന്ന ആളുകൾക്കിടയിലൂടെ ചുറ്റുമുള്ള കടകളിൽ നിന്ന് കുറച്ച് തോക്കുധാരികൾ മുന്നോട്ട് വന്ന് ഗുണ്ടകളെ തടഞ്ഞു.
അത് DYSP ജയേഷും ടീമും കൂടാതെ കുറച്ച് തമിഴ്നാട് പോലീസുകാരും ആയിരുന്നു.
ആ ഗുണ്ടാസംഘങ്ങൾ ആകെ നടുങ്ങി വിറച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്.
തന്‍റെ കാലിന്നടിയിൽ കിടന്ന് കുതറാൻ ശ്രമിക്കുന്ന കോഴിയോട് രാമഭദ്രൻ പറഞ്ഞു ….
എടാ … എല്ലുറക്കാത്ത കോഴിമോനെ… ഞാനല്ലടാ .. കൂട്ടിലായത് .. നീയാണ്. നീ.
അല്ലെങ്കിലും കോഴികൾ എന്നും കൂട്ടിലിരിക്കുന്നതാ അവരുടെ സുരക്ഷയ്ക്ക് നല്ലത്. നീ ഇപ്പോള്‍ സംസാരിച്ചതത്രയും കേള്‍ക്കേണ്ടവര്‍ ഒക്കെ കേട്ടിട്ടുണ്ട്. ദാ… ഈ സാറന്മാരൊക്കെ നിൻ്റെ ഈ ഷോ കാണാൻ വന്നതാടാ.. ഹ… ഹ… ഹ…
പിന്നേ, മാർക്കോസു ചേട്ടനെ കൊന്നതും, എന്നെയും എന്‍റെ കുടുംബത്തേയും കൊല്ലാൻ ശ്രമിച്ചതും ഒക്കെ നീയാണെന്ന് മനസ്സിലായ നിമിഷം നിന്നെത്തീർക്കാൻ ഇറങ്ങിയവനാ ഞാൻ. ദാ… ഈ DYSP സാറ് പറഞ്ഞതുകൊണ്ട് മാത്രാ നിന്നെ വെറുതേ വിട്ടത്. ഒക്കെ നീയാണ് ചെയ്തതെന്ന് നിന്‍റെ വായിൽ നിന്ന് തന്നെ കേൾക്കാൻ.
പിന്നെ, നിന്നെ അറസ്റ്റു ചെയ്താൽ നിന്റെ പിറകിൽ മയക്കുമരുന്ന് മുതലാളി ഉണ്ടന്ന് കരുതണ്ട. അവനെ, ആ വിഗ്നേശ്വരനെ കേരളാപ്പോലീസിലെ ചുണക്കുട്ടികൾ ചേർന്ന് പൊക്കിയിട്ടുണ്ട്.
താനെന്താണ് കാണുന്നത്. എന്താണ് സംഭവിക്കുന്നത്. തന്‍റെ സാമ്രാജ്യത്തിലെ ആരും തന്നെ അറിയാതെ ഇങ്ങിനെ ഒരു പൂട്ടുവീണത് എങ്ങിനെയാണ്.
രക്ഷപ്പെടാനുള്ള പഴുതുകൾ ഒക്കെ അടഞ്ഞിരിക്കുന്നു. ഇങ്ങിനെ ചിന്തിച്ചിരിക്കവേ അവന്‍റെ കൈകളിൽ പൂട്ടുവീണു. എല്ലാവരേയും അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസിന് നന്ദി പറഞ്ഞ് കേരളാപ്പോലീസ് യാത്ര തിരിച്ചു. പിന്നാലെ രാമഭദ്രനും ഹാജിയാരും.
മുന്നിൽക്കണ്ടതിന്‍റെ തിരക്കഥയൊന്നും മനസ്സിലാകാതെ അന്ധാളിച്ചു നിൽക്കുകയായിരുന്ന ഹാജിയാരോട്, ഇതുവരെ നടന്നതെല്ലാം DYSP സാറിൻ്റേയും തൻ്റേയും പ്ലാനിംഗിൽ തീർത്ത ഒരു മെഗാഷോ ആയിരുന്നെന്ന് വണ്ടിയിൽ നിന്ന് വിശദമായി വിവരിച്ചു കൊടുത്തു.
കോഴി ജാനുവിന്‍റെ മകന്‍റെ അറസ്റ്റ് മണവാളൻകുന്ന് ആഘോഷിച്ചു. കാരണം അവൻ ചന്തയിൽ മാത്രമല്ല നാട്ടിലെ മിക്ക വീടുകൾക്കും പ്രശ്നമായിരുന്നു. എല്ലാവരും ചേർന്ന് രാമഭദ്രന് സ്വീകരണം നല്കി. ഹാജിയാർ അതിന്‍റെ അമരക്കാരനായി മന്നിൽ നിന്നു.
ഒക്കെ ശാന്തമായി.
പിറ്റേന്ന് പ്രഭാതം. നിർത്താതെയുള്ള ഫോൺ ശബ്ദം കേട്ട് രാമഭദ്രൻ ഞെട്ടി എണിറ്റു.. ഫോണിലൂടെ മറുതലയ്ക്കൽ നിന്നും കേട്ട വാർത്ത അവനെത്തളർത്തിക്കളഞ്ഞു. അവൻ കൈകാലുകൾ തളർന്ന് നിലത്തിരുന്നു പോയി. ഉടനെ കാർത്തി ചാടി എണിറ്റ് അവന്‍റെ ശരീരം താങ്ങിപ്പിടിച്ചു.
എന്താ… എന്തു പറ്റി ചേട്ടാ…. എന്തു പറ്റി. അവൾ അവനെക്കുലുക്കി വിളിച്ചു.
മുഖത്ത് വെള്ളം തളിച്ചപ്പോൾ കണ്ണു തുറന്നു. അവൻ പിടഞ്ഞെണീറ്റു. പകച്ചു കൊണ്ടവൻ ചുറ്റും നോക്കി.
തുടരും




ഇഷ്ടം