ഫെബ്രുവരി 14-ന് ആഘോഷിക്കുന്ന വാലന്റൈൻ ദിനം (പ്രണയദിനം) പ്രണയികൾ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി റോസാപ്പൂവുകളും സമ്മാനങ്ങളും കൈമാറുന്ന അന്താരാഷ്ട്ര പ്രണയദിനമാണ് ഫെബ്രുവരി 7 മുതൽ 14 വരെ നീളുന്ന പ്രണയവാരത്തിന്റെ ഭാഗമായാണ് ഇത് ആഘോഷിക്കുന്നത്.എന്നാൽ യഥാർത്ഥത്തിൽ പ്രണയ രക്തസാക്ഷി ദിനമാണ് വാലന്റൈൻ ദിനമായി മാറിയത് .
പ്രണയദിനത്തിന്റെ ചരിത്രത്തിലേക്കു പോകുമ്പോൾ അതിൽ സന്തോഷിക്കാൻ വകയൊന്നുമില്ലെന്നു പറയേണ്ടിവരും .റോമാക്കാർ ഫെബ്രുവരി 13 ,14 ,15 തീയതികളിൽ ലുപ്പർകാലിയയുടെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകളുടെ പേരുകൾ എഴുതി പുരുഷന്മാർ നറുക്കെടുക്കുകയും അതിൽ ചിലതെങ്കിലും പ്രണയത്തിലേക്കും വിവാഹത്തിലേക്കും ഒക്കെ എത്തി ചേർന്നിരുന്നുവെന്നും ഇതിൻറെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഫാദർ വാലന്റൈനുമായി ബന്ധപ്പെട്ടാണ് പ്രണയദിനം രൂപപെട്ടത് .
സ്വന്തം മതമൊഴികെ മറ്റു മതങ്ങളെല്ലാം റോമിലെ ചക്രവർത്തി നിരോധിച്ചിരുന്ന കാലത്തു കടുത്ത ക്രൈസ്തവ വിശ്വാസി ആയിരുന്ന ഫാദർ വാലന്‍റൈൻ തന്റെ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുകയും അത്ഭുത സിദ്ധികൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . ആ കാലത്തു റോമിലെ ജയിലർ തന്‍റെ അന്ധയായ മകളുമായി അദ്ദേഹത്തെ കാണാനെത്തിയെന്നും തന്‍റെ ശക്തികൊണ്ട് മകൾക്ക് കാഴ്ച നൽകണമെന്നു ആവശ്യം ഉന്നയിച്ചുവെന്നും പരമാവധി ശ്രമിക്കാം എന്ന് പറഞ്ഞുവെന്നും പ്രാർഥനയോടും ചികിത്സയോടുമൊപ്പം അദ്ദേഹം ആ കുട്ടിക്ക് ചരിത്രവും മറ്റ് അറിവുകളും പകർന്ന് നല്കി എന്നും ഈ സമയത്തു വാലന്‍റൈന്റെ വിശ്വാസത്തെക്കുറിട്ട് അറിഞ്ഞ റോമാ സൈനികർ അവിടെയെത്തി അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയിയെന്നും ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് മരിക്കുന്നതിൻറെ തലേന്ന് വാലന്‍റൈൻ ആ പെൺകുട്ടിക്കായി ഒരു കത്തെഴുതിയെന്നും അത് അവസാനിപ്പിച്ചത് “എന്ന് സ്വന്തം വാലെന്റൈൻ “എന്നായിരുന്നുവെന്നും പിറ്റേന്ന് തൂക്കിലേറ്റിയ അദ്ദേഹത്തിന്റെ കത്തുമായി വീട്ടിലെത്തിയ ജയിലർ കത്ത് മകൾക്ക് നല്കി. കത്ത് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മഞ്ഞ റോസാപ്പൂവും ഉണ്ടായിരുന്നുവന്നും ആ കത്ത് തുറന്ന സമയത്ത് ആ പെൺകുട്ടിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും വാലന്‍റൈന്റെ സന്ദേശവും മഞ്ഞ റോസാപ്പൂവുമാണ് ആ കുട്ടി ആദ്യമായി കണ്ടതെന്നും ഒരു ഐതീഹ്യമുണ്ട് .എന്നാൽ റോമിലെ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ആണും പെണ്ണും കാണുകയോ പ്രണയിക്കുകയോ ചെയ്താല്‍ യുദ്ധവീര്യം ചോർന്നു പോകുമെന്നും കൂടാതെ വിവാഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉത്തരവിട്ടു. ഇക്കാരണത്താൽ പ്രണയവും സ്‌നേഹവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടിയ കാലത്തു അവര്‍ക്ക് സാന്ത്വനമായി എത്തിയ ഫാദർ വാലന്റൈന്‍ എല്ലാ വിലക്കുകളെയും ലംഖിച്ചു പ്രണയിക്കുന്നവര്‍ക്ക് വിവാഹിതരാകാൻ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കിയെന്നും
ഭരണ കൂടത്തെ വെല്ലുവിളിച്ചു രഹസ്യമായി നടത്തിവന്ന വിവാഹങ്ങൾ ഒരു ദിവസം ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു.ഫാദർ വാലന്റൈനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാൻ ഉത്തരവിട്ടു .തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന് വേണ്ടി റോം നഗരത്തിലെ യാവാക്കളെല്ലാം സ്‌നേഹവാക്കുകളുമായി ജയിലിൽ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ഈ സമയത്തു ജയിൽ സൂപ്രണ്ടിന്റെ മകളുംഅദ്ദേഹത്തെ സന്ദർശിച്ചു.
പുരോഹിതനുമായി അവള്‍ സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു “ലവ് ഫ്രം യുവര്‍ വാലന്റൈന്”. ഇതിലൊന്നാണ് ചരിത്രം എന്നിരിക്കെ തികച്ചും ഒരു രക്തസാക്ഷി ദിനമായ വാലന്റൈൻസ് ദിനം വളച്ചൊടിച്ചു കോലാഹലങ്ങൾക്കു വഴിമാറിയത് എങ്ങനെ ?
ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ അങ്ങനെ ഫെബ്രുവരി 7 മുതൽ പാശ്ചാത്യർ ആഘോഷം തുടങ്ങുന്നു.ഈ ദിവസങ്ങളുടെ പേരിൽ തന്നെ ചില വൈരുധ്യങ്ങൾ ഉണ്ട്. ആഗോളവത്കരണത്തിന്റെയും പുത്തൻ സാമ്പത്തിക നയങ്ങളുടെയും ഭാഗമായി ഇന്ത്യയിലും ഇത്തരം ആഘോഷങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടായി എന്നത് പറയാതെ വയ്യ .
1929 ഫെബ്രുവരി 14-ന് , മദ്യനിരോധന കാലത്ത് (Prohibition era) ഷിക്കാഗോയിലെ നിയമവിരുദ്ധ മദ്യക്കച്ചവടവും മാഫിയാ അധികാരവും പിടിച്ചെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന ക്രൂരമായ മാഫിയ കൊലപാതകമാണ് സെന്റ് വാലന്റൈൻസ് ഡേ കൂട്ടക്കൊല (St. Valentine’s Day Massacre). അൽ കപോണെയുടെ നേതൃത്വത്തിലുള്ള സംഘം, ശത്രുവായ ബഗ്സ് മോറന്റെ സംഘത്തിലെ 7 പേരെ പോലീസ് വേഷത്തിലെത്തി വെടിവെച്ചു കൊന്നതാണ് ചരിത്രം .ഇതും കൂടിയാകുമ്പോൾ ഈ ദിനത്തെ എങ്ങനെ പ്രണയ ദിനം എന്ന് വിളിക്കും ?
ഇന്ത്യയിൽ ദീർഘമാംഗല്യവും ഉത്തമദാമ്പത്യവും ലഭിക്കാൻ ഭക്തർ ശിവപാർവ്വതിമാരെ സങ്കൽപ്പിച്ചു തിരുവാതിര ആഘോഷവും പാതിരാപൂ ചൂടലും ഉമാമഹേശ്വരപൂജയും നടത്താറുണ്ട്.
ഏതായാലും ഒരു പുരോഹിതൻ തന്റെ നാട്ടിൽ നില നിന്നിരുന്ന മോശമായ പ്രവണതകൾക്ക് എതിരെ അതി ശക്തമായ നിലപാടുകളിലൂടെ രക്തസാക്ഷിത്വം വരിച്ച ഈ ദിനം വാലന്റൈൻ രക്തസാക്ഷി ദിനമായി ആചരിക്കാം .
“ദി കാന്റർബറി ടെയ്ൽസ്”‘ എന്ന ലോക പ്രശസ്ത കൃതിയുടെ രചയിതാവ് “ഇംഗ്ലീഷ് കവിതയുടെ പിതാവ് ” എന്നറിയപ്പെടുന്ന ജെഫ്രി ചോസർ ആണ് സൈന്റ് വാലന്റൈനെ പ്രണയവുമായി ആദ്യമായി ബന്ധിപ്പിച്ചത്.സാധാരണയായി രഹസ്യമായി പറഞ്ഞിരുന്ന പ്രണയം പരസ്യമായി തന്നെ പറയുന്ന രീതിയുടെ തുടക്കം കൂടിയായിരുന്നു അത്.
പങ്കാളികൾ ഇല്ലാത്തവരോ വാലന്റൈൻ ദിനം ആഘോഷിക്കാൻ
കഴിയാത്തവർക്കോ ആഘോഷിക്കാനായി ഫെബ്രുവരി 13 നു ‘ഗാലന്റൈന്‍സ് ഡേ’ എന്നൊരു ദിനം കൂടിയുണ്ട് .പാർക്സ് ആൻഡ് റിക്രിയേഷൻ എന്ന ടി വി ഷോയാണ്
ഇതിനു തുടക്കമിട്ടത് .അത് തികച്ചും സദാചാര ബോധത്തിൽ അധിഷ്ഠിതമാണെന്നു അടിവരയിടുന്നു.
പ്രണയത്തിന്റെ വിവിധ ഭാവങ്ങളിൽ ദമ്പതികളുടെ ഇടയിലുള്ള വിശുദ്ധ പ്രണയത്തിനു വേണ്ടി ഈ ദിനം മാത്രമല്ല ഒരുമിച്ചുള്ള കാലത്തൊളം എങ്കിലും എല്ലാ ദിവസവും പ്രണയിക്കണം എന്നതാണ്. അതിനു പ്രത്യേകിച്ചു ദിവസം മാറ്റി വെക്കേണ്ടതില്ല .പിന്നെ വിവാഹത്തിലെത്താത്ത പ്രണയിതാക്കൾ അതു മനസ്സിൽ സൂക്ഷിക്കുന്നതല്ലേ നല്ലത്.നഷ്ട പ്രണയത്തിന്റെ തീഷ്ണമായ ഓർമ്മകൾക്ക് മാധുര്യവും ഗൃഹാതുരത്വവും ഏറെയാണ് .അത് അനശ്വരമായി നിലനിൽക്കട്ടെ. പ്രണയത്തിനു പ്രായവും പരിതഃസ്ഥിതിയും ഒന്നും തടസമില്ലെന്നു പറയുമ്പോഴും ജീവിത യാഥാർഥ്യങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും കുടുംബ ബന്ധങ്ങളെയും വെല്ലുവിളിക്കുന്ന പ്രണയങ്ങൾ പലപ്പോഴും ദുരന്തങ്ങളായി മാറുന്നത് വർത്തമാന കാലത്തു പതിവാകുന്നു .അതിനുമപ്പുറം ഇന്ന് ദിവസേന പ്രണയ രക്തസാക്ഷികളുടെ എണ്ണം വർധിച്ചു വരുന്നത് ഞെട്ടലോടെയാണ് കേൾക്കുന്നത് .അതിൽ സ്ത്രീ പുരുഷ
വിത്യാസമില്ലാതെ തന്റെ പ്രണയിതാവിനെ വകവരുത്താൻ ആസിഡ് മുതൽ വിഷം ചേർത്ത കഷായവും കൊലക്കത്തിയും എല്ലാമായി പ്രണയത്തിന്റെ അർത്ഥങ്ങൾ പോലും മാറി മറിഞ്ഞിരിക്കുന്നു .ഓരോ പ്രണയത്തെയും ഭീതിയോടെ നോക്കേണ്ടി വരുന്ന വർത്തമാന കാലത്തു പ്രണയം രക്തസാക്ഷിയാക്കിയവരെ ഈ ദിനത്തിൽ സ്മരിക്കാം .എല്ലാ കാലത്തും യുവ ജനങ്ങളുടെ ആത്മഹത്യയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് പ്രണയ നൈരാശ്യമാണ്.
കൂട്ടത്തിൽ എന്റെ ഈ കവിതാ ശകലങ്ങൾ കൂടി…
“ചക്രവാക
ചുഴിയിലകപ്പെട്ടപോലൊരു
പ്രണയത്തിൽ കുടുങ്ങിയെന്നു
മുൻപ് കേട്ടിരുന്നു
ഇന്ന് വടിവാളെടുക്കാനായി
ഒരു പ്രണയമെന്നാരോ പറഞ്ഞു ”




Nice🥳
Correct 👍