സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് പ്രഭുവിന്റെയും മറ്റും പാടശേഖരം.
വരമ്പിന്റെ ഇരുവശത്തുമുള്ള തൊട്ടികളിൽ ഇപ്പോൾ കൂടുതലായി കൃഷി ചെയ്തുവരുന്നത് പച്ചക്കറികളും നടുതല സാധനങ്ങളുമാണ്.
ആളുകൾ പാട്ടത്തിനെടുത്ത് നട്ടിരിക്കുന്നതാണ്. മിക്കവാറും അവിടെയൊക്കെ പണിക്കാരും ഉണ്ടാകും.
സുജാതയുടെ അമ്മാവന്മാർ ഇപ്പോൾ സ്കൂളിൽ പോകുന്നില്ല.
അവർ ഒരു കണ്ടത്തിൽ പയറും പാവലും മറ്റ് എന്തൊക്കെയോ കൃഷി ചെയ്തിരിക്കുകയാണ്.
എന്നും നനയ്ക്കുന്നത് കാണാം.
വൈകുന്നേരം അമ്പാടിയും അപ്പുവും കൂടി കണ്ണൻ കിടാവിനെ കാണാൻ ഉണ്ണിയുടെ വീട്ടിലേയ്ക്കുവന്നു.
കണ്ണൻ ഇത്തിരി വലുതായിട്ടുണ്ട്. കഴുത്തിൽ കുഞ്ഞി കയറൊക്കെ ഇട്ടാണ് അവൻ ഇപ്പോൾ അമ്മ പ്പശുവിനോടൊപ്പം മേയാറ്.
കണ്ണനെ കാണാനായിട്ടാണ് ഈയിടെയായി അങ്ങോട്ട് പോകുന്നത് തന്നെ.
കണ്ണന്റെ മിനുമിനുത്ത കഴുത്തിലുള്ള ചെറിയ ഓട്ടുമണി അവന്റെ നടത്തത്തിനനുസരിച്ച് താളത്തിൽ ശബ്ദമുണ്ടാക്കും.
അത് നോക്കിക്കൊണ്ട് ഏറുമാടത്തിൽ കിടക്കാൻ നല്ല രസമാണ്.
‘മഷിയെഴുതിയ പോലുള്ള കണ്ണുകളും നെറ്റിയിലെ വെള്ളച്ചുട്ടിയും കഴുത്തിലെ ഓട്ടുമണിയും’.
കണ്ണൻ സുന്ദരൻ തന്നെ.
ലളിതാംബിക അന്തർജ്ജനത്തിന്റെ കഥയിലെ ‘മാണിക്യനെ’ പോലെയുണ്ട് കണ്ണൻ.
ടീച്ചർ കഥ വായിച്ചു തരുമ്പോൾ സിനിമയിലെന്നതുപോലെ കാണാം.
അഴകനും നീലിയും കൊച്ചുകുട്ടത്തിയുമെല്ലാം അപ്പുവിന് കൂട്ടുകാരെപ്പോലെ പരിചിതരാണ്.
പക്ഷേ അമ്പാടി പഠിക്കുന്ന സ്കൂളിൽ അനിത ടീച്ചറില്ലല്ലോ.
അതുകൊണ്ട് അവനു മാണിക്യനെയും മറ്റും അറിഞ്ഞുകൂടാ.
അപ്പുവിന്റെ സ്കൂൾ അങ്ങനെയല്ല. അധ്യാപകരില്ലാത്ത ഒഴിവ് പീരിയഡുകളിലെല്ലാം തന്നെ അനിത ടീച്ചർ അവർക്ക് കഥാ പുസ്തകങ്ങൾ നൽകും.
ചിലപ്പോഴൊക്കെ കഥ വായിച്ചു കേൾപ്പിക്കും.
പുതിയ കഥകളും പുസ്തകങ്ങളും പരിചയപ്പെടുത്തിക്കൊടുക്കും.
ഉണ്ണിയുടെ വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന പീസ് ബീഡിയുടെ കലണ്ടറിലുള്ള സരസ്വതീദേവിയുടെ ചിത്രത്തിന് അനിതറ്റീച്ചറുടെ മുഖച്ഛായയുണ്ട്.
കൂടാതെ ടീച്ചർ ക്ലാസിലേക്ക് വരുമ്പോൾ നേരിയ ഒരു സുഗന്ധമാണ്.
ലളിതാംബിക അന്തർജ്ജനം കാഴ്ചയ്ക്ക് അനിതറ്റീച്ചറെപ്പോലെ യുണ്ടാവുമോ?
കണ്ണനെ നോക്കിയിരുന്നാൽ നേരം പോകുന്നതറിയില്ല. എപ്പോഴും തുള്ളിച്ചാട്ടം തന്നെ. ‘പുല്ലു തീറ്റയൊന്നും വല്യ കാര്യമല്ല’ എന്ന മട്ടാണ്.
ഏതായാലും തങ്ങളിലൊരുവനായാണ് കണ്ണനെ ആ കൂട്ടുകാർ കണ്ടത്.
വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് അമ്മയെ കണ്ടില്ല. അകത്തു കയറി നോക്കി. അമ്മ നല്ല ഉറക്കത്തിലാണ്.
പതിവില്ലാത്ത ഉറക്കം.
തൊട്ടുനോക്കി.
പൊള്ളുന്ന പനിയാണ്. കൈ മുറിഞ്ഞതിന്റെയാവാം. മുറിവ് പഴുക്കുന്നുണ്ടാകുമോ?
ഇരുന്ന കഞ്ഞി ചൂടാക്കി ഇരുവരും കുടിക്കുമ്പോൾ നാളയെക്കുറിച്ചുള്ള ചിന്ത അവരെ അലട്ടുന്നുണ്ടായിരുന്നു.
അടുക്കള സാധനങ്ങൾ എല്ലാം തന്നെ തീർന്നിരിക്കുന്നു. കടം ചോദിക്കാൻ ചെന്നാൽ കടക്കാരന്റെ ദുർമുഖം കാണണമല്ലോ
‘ എന്താണൊരു വഴി’?
അപ്പു ആലോചിച്ചു.
കവലയിൽ നിന്നും ഇത്തിരി മാറിയാണ് കള്ളുഷാപ്പ്.
അതിന്റെ പിന്നിലായി നിൽക്കുന്ന പറമ്പിൽ കൂടുതലും പാഴ് മരങ്ങളാണുള്ളത്. കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും കാരണം അങ്ങോട്ട് ആരും അങ്ങനെ കടക്കാറില്ല.
കള്ളുകുടിയൻമാർ ഒന്നും രണ്ടും സാധിക്കാൻ മാത്രമാണ് അങ്ങോട്ട് പോകാറുള്ളത്.
ആ പറമ്പിന്റെ ഉടമസ്ഥൻ വിദേശത്തെങ്ങോ ആണത്രേ.
ആ പറമ്പിൽ രണ്ടുമൂന്ന് കവുങ്ങുകൾ നിൽപ്പുണ്ട്.
അതിലൊന്നിൽ തരക്കേടില്ലാത്ത രണ്ടു കുല അടയ്ക്ക ഏകദേശം പഴുത്തു തുടങ്ങിയിരിക്കുന്നു.
അത് ‘ചമ്പൻ’ ആയപ്പോൾ മുതൽ അവൻ നോക്കി വച്ചിരിക്കുന്നതാണ്.
അത് പറിച്ച് ഭാസ്ക്കരേട്ടന്റെ കടയിൽ കൊടുത്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല.
ആരും കാണാത്ത സമയം നോക്കി വേണം അത് ഒതുക്കത്തിൽ കരസ്ഥമാക്കാൻ.
‘നാളെയാകട്ടെ’
അത് ഒന്നു പോലും കളയാതെ മുഴുവനും പറിച്ചെടുക്കണം.
ഓരോന്നാലോചിച്ച് കിടന്ന അപ്പുവിന് ഉറക്കം വന്നില്ല.
ജനൽ പ്പലകയുടെ വിടവിലൂടെ ഒഴുകിയെത്തിയ മകര മാസത്തിലെ തണുത്ത കാറ്റ് അവന്റെ കൺപോളകളെ തഴുകി.അവൻ മെല്ലെ കണ്ണുകൾ അടച്ചു.
(തുടരും…… )



