ഉത്തർപ്രദേശിലെ ഹൈവേയിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം. കാസഗഞ്ച് ജില്ലയിൽ പരിശീലന പറക്കലിനിടയിലാണ് വിമാനം തകർന്ന് ഹൈവേയിൽ പതിച്ചത്. അപകടത്തിൽ വനിതാ പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു.
നിർമ്മാണത്തിലിരിക്കുന്ന ആറുവരി ഹൈവേയിലാണ് വിമാനം തകർന്നുവീണത് എന്നുള്ളതിനാൽ മറ്റ് ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികള്‍ ഓടിയെത്തുകയും പൈലറ്റിനെ രക്ഷപ്പെടുത്തുകയും ചെയ്യ്തു.
പൈലറ്റിനെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമായില്ല. സാങ്കേതിക തകരാര്‍, മോശം കാലാവസ്ഥ തുടങ്ങിയ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അലിഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏവിയേഷൻ അക്കാദമിയായ ‘ചേതക് ഏവിയേഷൻ’ വക സെസ്ന-152 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ‘VT-AFB’ എന്ന രജിസ്ട്രേഷനിലുള്ള ഈ വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.



