കൊച്ചി: എന്‍ ശേഷാദ്രിനാഥനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉന്നയിച്ച വിമര്‍ശനത്തെ തള്ളി മന്ത്രി കെ എം ഷാജി. തന്റെ വകുപ്പ് നല്കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ട്. വിശ്വാസി ആകുന്നത് തെറ്റായ കാര്യമല്ലെന്നും കെഎം ഷാജി പറഞ്ഞു.
നിയാസ് അത്തരമൊരു പരാതി പറഞ്ഞതായി അറിയില്ല. ശേഷാദ്രിനാഥന്റെ പ്രൊഫൈല്‍ പരിശോധിച്ചതാണ്. വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ല. അദ്ദേഹം യോഗ്യനാണ്’, എന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
അതേസമയം ശേഷാദ്രിനാഥിന്റെ നിയമനം സംബന്ധിച്ച് തന്റെ പാര്‍ട്ടി പ്രസിഡന്റിനോടാണ് പരാതി പറഞ്ഞതെന്നും കെഎം ഷാജിയോട് അല്ലെന്നും പി എം നിയാസ് പറഞ്ഞു.
താന്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയത്ത് എസ്എഫ്ഐ നേതാവായിരുന്നു ശേഷാദ്രിനാഥ്. തീവ്രഹിന്ദു വിശ്വാസിയാണ് അദ്ദേഹം. എന്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്നും എന്തായിരുന്നു പുലര്‍ത്തിയിരുന്നതെന്നും കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ മതി. കെപിസിസി ഔദ്യോഗിക ഭാരവാഹിയെന്ന നിലയില്‍ പാര്‍ട്ടി അറിയാതെയോ അറിഞ്ഞോ തെറ്റിദ്ധരിപ്പിച്ചോ ഉണ്ടായ തെറ്റുകള്‍ തിരുത്താനാണ് ശ്രമിച്ചത് എന്ന് പി എം നിയാസ് പറയുന്നു.



