തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടങ്ങളോട് പ്രതികരിക്കവെയാണ്, വകുപ്പിലെ 57,000-ത്തോളം ജീവനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഹൈപ്പവർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗങ്ങൾ കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ ഏകോപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഫെബ്രുവരി മാസം മുതൽ തന്നെ ആരംഭിക്കേണ്ടതായിരുന്നു പ്രതിരോധ പ്രവർത്തനങ്ങളെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ രോഗം പടർന്നുപിടിച്ചതിന് ശേഷമാണ് തനിക്ക് വകുപ്പിന്റെ ചുമതല ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളോട്, എല്ലാ കാര്യങ്ങൾക്കും മറുപടി നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അതിൽ തീരുമാനമെടുക്കേണ്ടത് ആഭ്യന്തരവകുപ്പാണെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. അതിനാൽ ഇത്തരം വിഷയങ്ങളിൽ പരസ്പരം ചർച്ച ചെയ്തതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



