സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളെ വീടുകളിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത ജൂനിയർ ഡോക്ടർക്ക് 14 വർഷം കഠിനതടവ്. 34കാരനായ സലിൽ കൊരമ്പയിലിനാണ് പ്രതി. ഇയാൾ മലയാളിയാണെന്നാണ് ലഭിക്കുന്ന സൂചന. ടൂറോ ക്രൗൺ കോടതിയിൽ ആറു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ജഡ്ജി സൈമൺ കാർ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളെയാണ് സറെയിലെ റെഡ് ഹില്ലിൽ താമസിച്ചിരുന്ന ട്രെയിനി സർജൻ കൂടിയായ സലിൽ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തത്. മൂന്ന് ബലാത്സംഗക്കേസുകളിലായി 14 വർഷം തടവുശിക്ഷയാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. ഒരു യുവതിയെ രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
2023 നവംബറിലാണ് ഈ കേസിൽ ആദ്യവിചാരണ നടന്നിരുന്നത്. അന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും പ്രതി ഈ വിധിക്കെതിരെ അപ്പീൽ നൽകിയതിനെ തുടർന്ന് അപ്പീൽ കോടതി ശിക്ഷ റദ്ദാക്കുകയും പുനർവിചാരണയ്ക്ക് ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പുനർവിചാരണയിലാണ് പ്രതിക്ക് വീണ്ടും ശിക്ഷ വിധിച്ചത്.
2016മുതൽ യുകെയിലെ ബേൺസ്റ്റാപിൾ, ഡെവൻ, ടൂറോ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ കൊളോറക്ടൽ, വാസ്കുലർ വിഭാഗങ്ങളിൽ ഇയാൾ ട്രെയിനി സർജനായി സേവനം അനുഷ്ഠിച്ചിരുന്നു. ആദ്യ ഇരയെ 2020 ഓഗസ്റ്റിലും രണ്ടാമത്തെ ഇരയെ 2021 മാർച്ചിലുമാണ് ബലാത്സംഗം ചെയ്തത്. രണ്ടാമത്തെ ഇരയെ രണ്ടുതവണ ബലാത്സംഗം ചെയ്തതായാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. ഈ സ്ത്രീകളിലൊരാളുടെ വ്യക്തിപരമായ വിവരങ്ങൾ അറിയാനായി ഒരു വ്യക്തിയെ ഏർപ്പാടാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അപ്പീലും പുനർവിചാരണയും തന്റെ ജീവിതത്തെ ഇരുണ്ട കാലത്തിലേക്ക് തള്ളിവിട്ടെന്നും ഇപ്പോഴും ആ ട്രോമയിൽ നിന്നും മോചിതയാകാൻ സാധിച്ചിട്ടില്ലെന്നും ഒരു ഇര കോടതിയിൽ സമർപ്പിച്ച മൊഴിയിൽ വ്യക്തമാക്കുന്നതായി പ്രോസിക്യൂട്ടർ ബിൽ ബേക്കർ പറയുന്നു. തന്റെ ജീവിതത്തിന്റെ അഞ്ചുവർഷമാണ് ഈ നശിച്ച നാളുകൾ കവർന്നെടുത്തതെന്നും ഇരയായ സ്ത്രീ പറയുന്നു.
ഇരയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും ക്രൂരമായി ബലാത്സംഗം ചെയ്തതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. തന്നേക്കാൾ 16 വയസ് കൂടുതലുള്ള സ്ത്രീയെയാണ് ഇയാൾ ആദ്യം ബലാത്സംഗം ചെയ്തത്. ആശുപത്രിയിൽ നിന്നുൾപ്പെടെ കാണുന്ന സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുകയും ഫെയ്സ്ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്യും. ആദ്യഇരയുമായി പരിചയപ്പെട്ടശേഷം ഒരു ദിവസം തനിക്ക് കാണണമെന്നാവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള ക്രമീകരണങ്ങൾ നടത്തി. പിന്നാലെ സ്ത്രീയുടെ ഫ്ലാറ്റിലെത്തി കിടപ്പുമുറിയിൽ കയറി യുവതിയെ കടന്നുപിടിച്ചു. കട്ടിലിന്റെ അരികിലേക്ക് ചേർത്ത് കഴുത്തു പിടിച്ചുഞെരിച്ചെന്നും ബലാത്സംഗം ചെയ്തെന്നും ജൂറി കണ്ടെത്തി. എന്നാൽ പരസ്പര
സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധമെന്നും സ്ത്രീയെ സാമ്പത്തികമായി സഹായിക്കാത്തതിനാൽ പരാതി നൽകിയെന്നുമാണ് സലിൽ കോടതിയിൽ വാദിച്ചത്. ഒരു വെബ്സൈറ്റിലെ വാടകമുറി പരസ്യത്തിലൂടെയാണ് രണ്ടാമത്തെ സ്ത്രീയെ പരിചയപ്പെട്ടത്. തന്റെ ഫ്ലാറ്റിൽ വന്ന സലിൽ ബലാൽക്കാരമായി പിടിച്ച് ചുംബിച്ചെന്നും വായിൽ തുപ്പിയെന്നും യുവതി പരാതിയിൽ പറയുന്നു. ഈ രണ്ട് സ്ത്രീകളെ മാത്രമല്ല മറ്റ് നാൽപതോളം പേരുടെ മെഡിക്കൽ രേഖകൾ ഇയാൾ കൈക്കലാക്കിയെന്നും ഉദ്യോഗസ്ഥർ അന്വേഷണത്തിനിനിടെ കണ്ടെത്തിയിട്ടുണ്ട്. 20നും 40നും ഇടയിൽ പ്രായമുള്ള രോഗികളായ സ്ത്രീകളെയുൾപ്പെടെയാണ് ഇയാള്‍ ഇരകളാക്കുന്നതെന്നും ജൂറി വ്യക്തമാക്കുന്നു.



