Wednesday, October 9, 2024
Homeകേരളംസാമൂഹിക മാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം; പിന്നാലെ ലക്ഷങ്ങൾ വാങ്ങി മുങ്ങി, പ്രതി അറസ്റ്റിൽ.

സാമൂഹിക മാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം; പിന്നാലെ ലക്ഷങ്ങൾ വാങ്ങി മുങ്ങി, പ്രതി അറസ്റ്റിൽ.

പാലക്കാട്: സാമൂഹിക മാധ്യമങ്ങൾ വഴി വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.പാലക്കാട്‌ ചക്കാന്തറ സ്വദേശി ദൃശ്യനാണ് ടൌൺ സൌത്ത് പൊലീസിന്‍റെ പിടിയിലായത്. സാമൂഹിക മാധ്യമങ്ങൾ വഴി തട്ടിപ്പിന് കളമൊരുക്കിയ ശേഷമാണ് 20 ഓളം പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തത്.
കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, സെർബിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ദൃശ്യന്‍റെ തട്ടിപ്പ്. പാലക്കാട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ യുവാക്കളാണ് തട്ടിപ്പിനിരയായത്.

നിരവധി പേരിൽ നിന്ന് 5 മുതൽ 10 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തത്. സാമൂഹിക മാധ്യമങ്ങൾ വഴിയും സുഹൃദ് ബന്ധങ്ങളുപയോഗിച്ചും പ്രചാരണം നടത്തും. ശേഷം ഏജന്‍റുമാരുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ വ്യാജമായി രേഖകളുണ്ടാക്കും.രേഖ കൈമാറിയ ശേഷം ആദ്യ ഗഡു പണം വാങ്ങും. രണ്ടാം ഘട്ടമായി അഭിമുഖം.

പിന്നീട് മെഡിക്കൽ പരിശോധന. ഇതിനു ശേഷം വീണ്ടും രേഖകൾ നൽകും. ഈ ഘട്ടങ്ങളിലെല്ലാം പണം കൈപ്പറ്റും.ജോലിയിലേക്ക് പ്രവേശിക്കാൻ ഇനിയും കടമ്പകളുണ്ടെന്ന് ധരിപ്പിച്ച ശേഷം മുങ്ങും. ഈ തട്ടിപ്പിനിരയായവ൪ കേസ് നൽകുമ്പോൾ ഒത്തുതീ൪പ്പ് ഫോ൪മുല ഉപയോഗിക്കും. കേസ് പിൻവലിപ്പിച്ച ശേഷം വീണ്ടും മുങ്ങും. ഇതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ആലത്തൂ൪ സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഒത്തുതീ൪പ്പിനെത്തിയെങ്കിലും കേസിൽ ഉറച്ചു നിന്നതോടെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. അഭിമുഖം നടത്താനും രേഖകളുണ്ടാക്കാനും ദൃശ്യനെ സഹായിക്കാൻ വലിയൊരു സംഘം തന്നെ പ്രവ൪ത്തിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അങ്കമാലി, ചാലക്കുടി കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെകുറിച്ചും സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി പാലക്കാട് ജില്ലയിൽ മൂന്ന് സ്ഥാപനങ്ങളും പ്രതി നടത്തിയിട്ടുണ്ട്. ഇവയെല്ലാം ഇപ്പോൾ പൂ൪ണമായും അടച്ചിട്ട നിലയിലാണ്. ആഡംബര ജീവിതം, വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദ യാത്ര, വിലകൂടിയ വാഹനങ്ങൾ വാങ്ങുക എന്നിവയാണ് പ്രതിയുടെ ഹോബി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments