ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തിൻ്റെ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും വരെ തകിടം മറിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും വർദ്ധിപ്പിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്നതും അവരെ ഇതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൻ്റെ പ്രധാന ലക്ഷ്യം. 1987 ഡിസംബർ 7-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.
പുതിയ സർക്കാർ മയക്കുമരുന്ന് ശൃംഖലകൾക്ക് തടയിടാനായി ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ 3657 കേസുകളില്‍ 3931 പേരെയാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, അവരെ ഒരു രോഗിയായി പരിഗണിച്ച് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നൽകി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരിക കൂടി ഈ ദിനാചരണം ലക്ഷ്യമാണ്. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള പ്രവർത്തനങ്ങളിൽ ഓരോ മലയാളിയും അണിചേരാൻ ഈ ദിനത്തിൽ ട്വൻ്റിഫോർ ആഹ്വാനം ചെയ്യുന്നു.



