കോട്ടയം: ധാന്യവിതരണത്തിലെ വെട്ടിപ്പുകൾ തടയാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം റേഷൻ വിതരണരീതികളിൽ അഴിച്ചുപണി തുടങ്ങി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്താനും അന്ത്യോദയ-അന്നയോജന റേഷൻ വിഹിതത്തിൽ മാറ്റംവരുത്താനുമുള്ള നീക്കം കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇതും സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമാണ്.സാർഥക് പി.ഡി.എസ്. എന്ന പദ്ധതി മേയിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2031 വരെയുള്ള പദ്ധതിക്ക് 25530 കോടിയും അനുവദിച്ചു. പദ്ധതിയുടെ വിശദാംശങ്ങളിലാണ് സമഗ്രമാറ്റങ്ങൾ വ്യക്തമാകുന്നത്.”
പ്രധാന മാറ്റങ്ങൾ
* സംസ്ഥാനങ്ങൾക്കുള്ളിലെ ഭക്ഷ്യധാന്യനീക്കം, കടക്കാർക്കുള്ള കമ്മിഷൻ, കൈകാര്യച്ചെലവ് എന്നിവ ഒറ്റ സോഫ്റ്റ്‌വേറിൽ ബന്ധിപ്പിക്കും. വിൽപ്പനയ്ക്ക് ആനുപാതികമായേ കമ്മിഷൻ കിട്ടൂ. ധാന്യക്കടത്ത് ചെലവ്, റേഷൻ ഏജൻസികൾക്കുള്ള സഹായം, ഇ-പോസ് ഉൾപ്പെടെ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള സഹായം എന്നിവ വ്യത്യസ്ത സ്കീമുകളിലുള്ളത് ഒന്നിപ്പിക്കും. സംഭരണം, സംസ്കരണം, വിതരണം എന്നിവ ഒരേ സോഫ്റ്റ്‌വേറിന് കീഴിലാക്കും”
“* അന്ത്യോദയ-അന്നയോജന വിഭാഗത്തിന്റെ പട്ടിക ദേശീയതലത്തിൽ ഒന്നിപ്പിച്ച് ഇരട്ടിപ്പും മറ്റും തടയാൻ എ.ഐ. അധിഷ്ഠിത ടൂൾ ഉപയോഗിച്ച്
വിശകലനം നടത്തും. ഇവർക്ക് കാർഡൊന്നിന് 35 കിലോ ധാന്യം എന്നത് മാറ്റി വ്യക്തിയൊന്നിന് ഏഴു കിലോഗ്രാം എന്നാക്കും
* വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രഭക്ഷ്യവിഹിതം ഉപയോഗിച്ച് സാമൂഹിക-വനിതാ-ശിശു-ഭിന്നശേഷി ക്ഷേമങ്ങൾക്കുള്ള വ്യത്യസ്തവിതരണ പദ്ധതികൾ ഒരു കുടക്കീഴിലാക്കും. ഒരേ ഗുണഭോക്താവിന് വ്യത്യസ്ത ആനുകൂല്യം കിട്ടില്ല”
* ഗുണഭോക്താക്കൾക്ക് ഒറ്റ ആപ്പ് വഴി വിവരങ്ങൾ നൽകും. പരാതികളും ഇതിലൂടെ നൽകാം
* ഭക്ഷ്യധാന്യ ലോറികളുടെ ട്രാക്കിങ് പൂർണമാക്കും. പൊതുവിതരണത്തിനുള്ള ധാന്യത്തിന്റെ 28 ശതമാനം വരെ ഗുണഭോക്താക്കളിലെത്തുന്നില്ലെന്നാണ് കണ്ടെത്തൽ
* ഭക്ഷ്യധാന്യ കടത്തിനും വിതരണത്തിനും സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക വിഹിതം കൂട്ടും
ആശങ്കകൾ
* കേരളത്തിൽ ഭക്ഷ്യസംഭരണം, സംസ്കരണം എന്നിവ സപ്ലൈകോയാണ് ചെയ്യുന്നത്. ഇൗ അരി പൊതുവിതരണത്തിന് ഉപയോഗിക്കുമ്പോൾ സംസ്കരണ ഇനത്തിലെ ചെലവിൽ സംസ്ഥാനത്തിന് കേന്ദ്രം വിഹിതം തരുകയാണ്. മില്ലുകളാണ് സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്നത്. ഇതേ നെല്ലിന്റെ അരിയാണോ വിതരണത്തിന് വരുന്നതെന്ന് ഉറപ്പിക്കാൻ സംവിധാനമില്ല. കേന്ദ്രനയം അനുസരിച്ച് ഇത്തരം ട്രാക്കിങ്ങിന് ക്രമീകരണം വേണ്ടിവരും. സ്വകാര്യ മില്ലുകളിൽ ഇതെങ്ങനെ സാധിക്കുമെന്ന് വ്യക്തമല്ല”
“* അന്ത്യോദയ-അന്നയോജന സ്കീമുകളിലെ ആളുകൾക്കെല്ലാം ആപ്പ് വഴിയും മറ്റും പരാതികൾ നൽകാൻ കഴിഞ്ഞെന്നുവരില്ല
* സ്കൂൾ ഉച്ചഭക്ഷണംപോലുള്ള സ്കീമുകളിൽ അരി ലഭ്യമായ കുട്ടിക്ക് അക്കാരണത്താൽ വീട്ടിലെ അരിവിഹിതം കുറയുമോ
* ഇ-പോസ് ഉപയോഗിച്ചാണ് എല്ലാത്തരം റേഷനും നൽകുന്നതെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറയുന്നു. ഇതിലും പഴുതടച്ച രീതിക്കായി പുതിയ സോഫ്റ്റ്‌വേർ വേണ്ടിവരുമോ?”



