മുംബൈ; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ചുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. മഴയത്ത് കോച്ചിൻ്റെ വാതിൽ അടക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചർച്ച്ഗേറ്റിൽ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെൻ്റിൽ യാത്ര ചെയ്യുകയായിരുന്ന മായങ്ക് ലോഹാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗോരേഗാവിനും കാന്തിവലിക്കും ഇടയിൽ വച്ച് ഇയാൾ മറ്റൊരു യാത്രക്കാരനുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
കൊലപാതക ശേഷം പ്രതി കൈയിൽ കത്തിയും പിടിച്ച് നടന്നുപോകുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. മെറ്റൽ സീറ്റുകളിലൂടെ രക്തക്കറകൾ ഒലിച്ചിറങ്ങുന്നതും വീഡിയോയിൽ കാണാം.
കറുത്ത ഷർട്ടിൻ്റെ ബട്ടണുകൾ മുഴുവൻ അഴിച്ചിട്ട പ്രതി, ട്രെയിനിൻ്റെ തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇരയെ തിരിഞ്ഞു നോക്കുമ്പോൾ യാത്രക്കാർ ചിതറിയോടുന്നതും വീഡിയോയിലുണ്ട്. ആരും തന്നെ പ്രതിയെ തടയാനോ അടുത്തേക്ക് ചെല്ലാനോ ശ്രമിച്ചില്ല.
വെസ്റ്റേൺ റെയിൽവേ പോലീസിന്റെ പറയുന്നതനുസരിച്ച്, തർക്കം രൂക്ഷമായതോടെ ചില യാത്രക്കാർ പ്രതിയെ മർദ്ദിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ പ്രതി തന്റെ ബാഗിൽ നിന്ന് കത്തിയെടുത്ത് ലോഹാറിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ലോഹാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.



