മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത യുവതി പോലീസ് പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ വലയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയായ യുവതി അറസ്റ്റിലാകുന്നത്.
2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഷംല മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് പലതവണകളായി 50 ലക്ഷം രൂപ കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയുമായിരുന്നു പണമിടപാടുകൾ. എന്നാൽ പണം വാങ്ങിയ ശേഷം യുവാവിനെ ബിസിനസിൽ പങ്കാളിയാക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഓടക്കാടിയിലെ വീട്ടിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പുകളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ അടക്കമുള്ള പ്രദേശങ്ങളിലെ നിരവധി യുവാക്കൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
മാട്രിമോണിയൽ സൈറ്റുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ പരിചയപ്പെടുന്ന യുവാക്കളോട് ഷംല ആദ്യം സൗഹൃദം സ്ഥാപിക്കും. പിന്നീട് താൽക്കാലിക ആവശ്യങ്ങളെന്ന പേരിൽ ചെറിയ തുകകൾ വാങ്ങി വിശ്വാസം നേടിയെടുക്കും. അതിനുശേഷം വിവാഹ വാഗ്ദാനം നൽകുകയും ഒപ്പം വലിയ ലാഭം കിട്ടുന്ന ബിസിനസുകളിൽ പങ്കാളിയാക്കാമെന്ന് പ്രലോഭിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുകയുമാണ് ഇവരുടെ സ്ഥിരം ശൈലി.
എറണാകുളത്തെ പ്രമുഖ മാളിലേക്ക് ക്യാരി ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ കരാർ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും, ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും ഇവർ കബളിപ്പിച്ചെടുത്തിട്ടുണ്ട്. വിവാഹിതയായ ഷംല, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മുഴുവൻ ധൂർത്തടിക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു
പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ സുബൈർ എം.ബി, സീനിയർ സി.പി.ഒമാരായ രജിത് രാജൻ, ജയന്തി എം.ബി, മുഹമ്മദ് ഷാൻ, സി.പി.ഒമാരായ നജ്മി എ.കെ, സിബിൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഷംല കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



