ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ നേടിയ ഗോളോടെയാണ് മെസി വീണ്ടും റെക്കോർഡുകളുടെ പട്ടികയിലേക്ക് എത്തുന്നത്. ലോകകപ്പിൽ മെസ്സിയുടെ പതിനേഴാം ഗോളാണിത്. മത്സരത്തിൻ്റെ 39-ാം മിനിറ്റിലാണ് മെസിയുടെ മിന്നും ഗോൾ പിറന്നത്.
ലൗട്ടെറോ മാർട്ടിനെ ഡിഫൻഡർമാർ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി നേരത്തെ പുറത്തേയ്ക്ക് അടിച്ച് പാഴാക്കിയിരുന്നു. തുടർച്ചയായി നിരവധി അവസരങ്ങൾ അർജൻ്റീനയ്ക്ക് ലഭിച്ചിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കടുത്ത സമ്മർദത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മെസിയുടെ ഇടങ്കാലൻ ഷോട്ട് എത്തിയത്.
ഫുട്ബോൾ ലോകത്ത് മെസി വീണ്ടും ഒരു വിസ്മയമായി തുടരുകയാണ്. ഒരു 38കാരൻ 18 കാരനെ പോലെ മൈതാനം മുഴുവൻ നിറഞ്ഞു കളിക്കുന്നു. ക്ലബ്ബ് ഫുട്ബോളിൽ എല്ലാ റെക്കോർഡുകളും തകർത്ത അദ്ദേഹം, ദേശീയ ടീമിനൊപ്പം ലോകകപ്പ് നേടിയപ്പോഴാണ് പൂർണത കൈവരിച്ചത്. 2022 ഖത്തർ ലോകകപ്പ് മെസ്സിയുടെ കരിയറിലെ ഏറ്റവും മധുരമായ അധ്യായമായിരുന്നു. ഖത്തറിൽ സ്വപ്ന സാക്ഷാത്കാരം പൂർത്തിയായെങ്കിൽ 2026ലെ ലോകകപ്പിൽ അതിൻ്റെ തുടർച്ചയ്ക്ക് തന്നെയാണ് എത്തിയിരിക്കുന്നത്.



