സംസ്ഥാനത്തെ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അധികമായി നൽകിയ പെൻഷൻ ആനുകൂല്യങ്ങൾ തിരികെ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് പുതിയ സർക്കുലർ (27/2026/ധന തീയതി: 23/06/2026) പുറത്തിറക്കി.
പ്രധാന നിർദേശങ്ങൾ:
മുൻ സാമ്പത്തിക വർഷം ആർക്കെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ തെറ്റായി നൽകിയിട്ടുണ്ടോ എന്ന് ട്രഷറി ഓഡിറ്റ് വിഭാഗം നടപ്പ് സാമ്പത്തിക വർഷം തന്നെ പരിശോധിക്കേണ്ടതാണ്.
ഓരോ ട്രഷറിയിലെയും ആഭ്യന്തര ഓഡിറ്റ് പരിശോധന കാലയളവ് പരമാവധി 2 വർഷത്തിൽ കൂടുന്നില്ല എന്ന് ട്രഷറി ഡയറക്ടർ ഉറപ്പുവരുത്തണം.
പെൻഷൻ പരിഷ്കരണ സമയത്ത് ‘അടിസ്ഥാന പെൻഷൻ’ തെറ്റായി രേഖപ്പെടുത്തിയതുവഴിയും, തുടർന്നുവന്ന പരിഷ്കരണങ്ങളിലൂടെയും അധിക തുക നൽകിയിട്ടുണ്ടെങ്കിൽ, അത് തിരികെ പിടിക്കാൻ ട്രഷറി ഡയറക്ടർ കാലതാമസം കൂടാതെ നടപടിയെടുക്കണം.
ഈ നടപടികളിൽ കാലതാമസം വരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ടാണെങ്കിൽ, അവരിൽ നിന്നും വിശദീകരണം ചോദിച്ച് തുടർനടപടി സ്വീകരിക്കും.
നികുതിദായകരുടെ പണം ചെലവഴിക്കുന്നതിലെ വീഴ്ചകൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിനുണ്ടായ നഷ്ടത്തിന് 18% പലിശ ഈടാക്കുന്നതാണ്.
ട്രഷറി ഓഡിറ്റിൽ അധിക പെൻഷൻ നൽകിയതായി കണ്ടെത്തിയാൽ, പെൻഷൻകാരെ വിവരമറിയിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കാൻ സമയം നൽകുകയും ചെയ്യും. അതിനുശേഷം, അവർക്ക് കിട്ടാനുള്ള പെൻഷൻ പരിഷ്കരണ /ക്ഷാമാശ്വാസ കുടിശ്ശികകളിൽ നിന്നും ഈ തുക കുറവ് ചെയ്ത് ബാക്കി ബാധ്യത ഒറ്റത്തവണയായി അടയ്ക്കാൻ നിർദേശിക്കും.
ഒറ്റത്തവണയായി അടയ്ക്കാൻ സാധ്യമല്ലെന്ന് അറിയിക്കുന്നവർക്ക് അവരുടെ പ്രായം, ആരോഗ്യം, സാമ്പത്തിക സ്ഥിതി, കുടുംബ പെൻഷൻ ലഭിക്കാനുള്ള അർഹതാ കാലഘട്ടം എന്നിവ പരിഗണിച്ച് പരമാവധി 36 മാസ തവണകളായി അടയ്ക്കാൻ ട്രഷറി ഓഫീസർക്ക് നിർദേശം നൽകാം.
തവണകൾ നിശ്ചയിച്ചതിൽ അപ്പീൽ നൽകേണ്ടത് ട്രഷറി ഡയറക്ടർക്കാണ്. പെൻഷൻകാരുടെ മേൽപ്പറഞ്ഞ സാഹചര്യങ്ങൾ പരിഗണിച്ച് തവണകളുടെ എണ്ണം പരമാവധി 60 ആയി വരെ ദീർഘിപ്പിച്ചു നൽകാൻ ട്രഷറി ഡയറക്ടർക്ക് അധികാരമുണ്ട്.
ഭാവിയിൽ ലഭിക്കുന്ന പെൻഷൻ പരിഷ്കരണ /ക്ഷാമാശ്വാസ കുടിശ്ശികകളും ഈ ബാധ്യതയിൽ നിന്ന് കുറവ് ചെയ്യും. ഇത് പ്രതിമാസ തവണകളിലെ അവസാനത്തെ തവണകളിൽ നിന്നായിരിക്കും കുറയ്ക്കുക എന്നതിനാൽ, നിലവിലെ പ്രതിമാസ അടവ് തുക പുനർനിർണ്ണയിക്കേണ്ടതില്ല.
ട്രഷറി ഡയറക്ടർ നിശ്ചയിച്ച പ്രതിമാസ തവണകളുടെ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാവുന്നതാണ്.
പെൻഷനുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിവരങ്ങൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക!
#KeralaGovernment #Pensioners #KeralaTreasury #FinanceDepartment #KSR #KeralaGovtEmployees #SparkDesk #SparkHelpDesk



