പശ്ചിമേഷ്യൻ സംഘർഷം, വെട്ടിച്ചുരുക്കിയ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. അന്താരാഷ്ട്ര സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത് ആലോചനയിൽ. ഇന്ധന പ്രതിസന്ധിയെ തുടർന്ന് പ്രതിദിനം നൂറിലധികം അന്താരാഷ്ട്ര സർവീസുകൾ കമ്പനി വെട്ടിക്കുറച്ചിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുക. ഓഗസ്റ്റ് മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ഗുവാഹത്തി-ദുബായ് സർവീസ് ഓഗസ്റ്റ് 4-നും, ഗുവാഹത്തി-അബുദാബി സർവീസ് ഓഗസ്റ്റ് 7-നും ആരംഭിക്കും. ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
പുതിയ റൂട്ടുകൾ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഈ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ, തായ്ലൻഡ്, സിംഗപ്പൂർ, ഭൂട്ടാൻ തുടങ്ങിയ നാല് രാജ്യങ്ങളിലേക്ക് ഗുവാഹത്തിയിൽ നിന്ന് നേരിട്ട് അന്താരാഷ്ട്ര വിമാനം ലഭ്യമാകും. ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ അന്താരാഷ്ട്ര യാത്രകൾക്കായി ഇതുവരെ ഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ആണ് ആശ്രയിച്ചിരുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിധി വരെ പരിഹാരമാകും.



