Saturday, October 12, 2024
Homeഇന്ത്യമുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും, വയനാടിനായി സഹായം അഭ്യർത്ഥിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും, വയനാടിനായി സഹായം അഭ്യർത്ഥിക്കും

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.

കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തി. വയനാടിന് പ്രാഥമിക സഹായമായി 900 കോടിരൂപ അടിയന്തരമായി അനുവദിക്കണമെന്ന നിവേദനം കേരള സർക്കാർ ഇതിനോടകം കേന്ദ്രത്തിന് നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി 2000 കോടി രൂപയുടെ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെടും.ദുരന്തത്തിന്‍റെ മേഖലകൾ തിരിച്ചുള്ള വിശദാംശങ്ങൾ തയ്യാറാക്കി വിശദമായ നിവേദനം സമർപ്പിക്കും. നിലവിലെ സ്ഥിതിഗതികളും മറ്റും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. കേരളത്തിൽ എയിംസ് അനുവദിക്കണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെടും.

ഓണം കടമെടുപ്പ്, വന്യജീവി ആക്രമണത്തിലെ സഹായം തുടങ്ങിയ വിഷയങ്ങളും ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ട്.നേരത്തെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു. സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. മോദിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.

അതിനിടെ ദുരന്തപ്രദേശത്ത് നിന്ന് അഞ്ച് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ഓഗസ്റ്റ് 25 ന് നടത്തിയ പ്രത്യേക തിരച്ചിലിൽ കണ്ടെത്തിയ 6 ശരീരഭാഗങ്ങളിൽ 5 എണ്ണം മനുഷ്യരുടേതാണെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് വ്യക്തമായത്. ഇവ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇത് വരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മുതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മുതദേഹങ്ങളും 203 ശരീരഭാഗങ്ങളും സർക്കാർ മാർഗ്ഗ നിർദേശ പ്രകാരം എച്ച് എം എൽ പ്ലാന്‍റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ് – സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരിച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments