പൊതുസ്ഥലങ്ങളിൽ ചുളുവിലയ്ക്ക് വിൽക്കുന്ന പച്ചക്കറികളും പഴങ്ങളും എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ വീണ്ടും ആശങ്ക ശക്തമായിരിക്കുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ബീഹാറിലെ കതിർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തു വരുന്നത്. ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു സ്ത്രീ വിൽപ്പനയ്ക്കായി നിരത്തിയിരിക്കുന്ന വെള്ളരിക്കകളെ പച്ച നിറമുള്ള ദ്രാവകത്തിൽ മുക്കി ഫ്രെഷുപോലെ കാണിച്ച് യാത്രക്കാര്ക്ക് വിൽക്കുന്നതാണ് വീഡിയോയിലുള്ളത്. വെള്ളരിക്കയുടെ പുറം പാളി നീക്കം ചെയ്തതിനുശേഷം പച്ചനിറമുള്ള ദ്രാവകത്തിലേക്ക് മുക്കുന്ന രംഗങ്ങളാണ് കൂടുതലും ശ്രദ്ധേയമായത്. വീഡിയോ കടുത്ത വിവാദത്തിന് കാരണമാകുകയായിരുന്നു.
ഇതോടെ കതിർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 9 സ്ത്രീകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.കതിർ ആർപിഎഫ് ഇൻസ്‌പെക്ടർ വിക്രം നൽകിയ വിവരമനുസരിച്ച്, ഉപയോഗിച്ച പച്ച നിറം വിവാഹ ചടങ്ങുകളിൽ മിഠായികൾക്ക് ഉപയോഗിക്കുന്ന നിറത്തിന് സമാനമാണെന്ന് സ്ത്രീ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ യഥാർത്ഥ ഘടകങ്ങൾ എന്താണെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർശനമായ പരിശോധനകൾക്കുശേഷമേ പൊതുസ്ഥലങ്ങളിൽ ഇത്തരം വിൽപ്പനകൾ നടത്താൻ അനുവാദിക്കാകൂയെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പേരുടെയും ആവശ്യം.



