Tuesday, June 23, 2026
Homeഇന്ത്യഅയോധ്യ രാമ ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കള്‍ കാണാതായി: ട്രസ്റ്റ്‌...

അയോധ്യ രാമ ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കള്‍ കാണാതായി: ട്രസ്റ്റ്‌ ഭാരവാഹികൾക്കെതിരെ കേസ്

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയടങ്ങുന്ന അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

ക്ഷേത്രത്തിനായി നല്‍കിയ 60 കിലോഗ്രാം വെള്ളിക്കട്ടകള്‍ കാണാനില്ലെന്ന് ജ്വല്ലേഴ്സ് അസോസിയേഷനും ആരോപണം ഉന്നയിച്ചു കഴിഞ്ഞു. അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം പൂര്‍ത്തിയാക്കും വരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനുശേഷമാണ് അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമായത്. 2019 നവംബറിലെ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയിലൂടെയാണ് തര്‍ക്കത്തിന് പരിഹാരം കണ്ടത്. തുടര്‍ന്ന് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത്.

2024 ജനുവരി 22-നായിരുന്നു ക്ഷേത്രത്തിലെ പ്രധാന വിഗ്രഹമായ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. എന്നാല്‍, ക്ഷേത്രത്തിന്റെ ഭരണവും ഭക്തര്‍ നല്‍കുന്ന സംഭാവനകളുടെ സുതാര്യതയും ഉറപ്പാക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. രാമക്ഷേത്രത്തെ ചുറ്റിപ്പറ്റി വന്‍ അഴിമതിയും കവര്‍ച്ചയും നടക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ വിഷയത്തില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചതോടെ ഗുരുതരമായ ആരോപണങ്ങളാണ് പല കോണുകളില്‍ ക്ഷേത്ര ഭരണക്കാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഏഴു ദിവസമായി അന്വേഷണം നടത്തി വരുന്ന എസ്‌ഐടി നാളെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ ഏഴിന് അയോധ്യയില്‍ നിന്നുള്ള മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെയാണ് ക്ഷേത്രത്തില്‍ അഞ്ചു കോടി മുതല്‍ ഏഴര കോടി വരെ സംഭാവന തട്ടിപ്പ് നടത്തിയതായി ആദ്യം ആരോപിച്ചത്. വിഷയത്തില്‍ നിഷ്്പക്ഷമായ അന്വേഷണം വേണമെന്ന് തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെടുകയായിരുന്നു. അഖിലേഷ് യാദവിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയും ക്ഷേത്രത്തിലെ തട്ടിപ്പുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ക്ഷേത്രത്തില്‍ ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് എഎപിയുടെ ആരോപണം.

ക്ഷേത്രത്തിലെ പ്രധാന അമൂല്യ വസ്തുക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിനിടെ ഭക്തരും ജ്വല്ലേഴ്സ് അസോസിയേഷനും ചേര്‍ന്ന് സമര്‍പ്പിച്ച 60 കിലോഗ്രാം വെള്ളിക്കട്ടകള്‍ ക്ഷേത്രത്തിന്റെ രേഖകളില്‍ നിന്നും ശേഖരത്തില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തുടനീളമുള്ള സ്വര്‍ണ-വെള്ളി വ്യാപാരികളുടെ സംഭാവനകള്‍ സ്വീകരിച്ച് ജ്വല്ലേഴ്സ് അസോസിയേഷന്‍ ആണ് ഈ വെള്ളികട്ടകള്‍ നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്റെ അടിത്തറയില്‍ പാകാനായി നല്‍കിയ ഈ വെള്ളിക്കട്ടകള്‍ സ്വീകരിച്ചതിന്റെ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളിലോ അതിനുശേഷമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലോ ഈ വെള്ളിക്കട്ടകള്‍ ഉപയോഗിച്ചതായി കണ്ടിട്ടില്ലെന്നാണ് ജ്വല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് രസ്തോഗി പറയുന്നത്.

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാവായ സന്തോഷ് ദുബെ പൊലീസില്‍ നല്‍കിയ പരാതി പ്രകാരം, രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും ഭക്തര്‍ സംഭാവന നല്‍കിയ വജ്രം, സ്വര്‍ണം, വെള്ളി എന്നിവ പതിപ്പിച്ചതും അഷ്ടധാതുക്കള്‍ കൊണ്ട് നിര്‍മിച്ചതുമായ ഏകദേശം 1,250 ഓളം അമൂല്യ ഇഷ്ടികകളും രാംമന്ദിറില്‍ നിന്നും കാണാതായിട്ടുണ്ട്. മൗറീഷ്യസില്‍ നിന്ന് അയച്ച സവിശേഷമായ ഇഷ്ടികയും മുംബൈയിലെ വ്യവസായി നല്‍കിയ വജ്ര ഇഷ്ടികയും ഇതില്‍ ഉള്‍പ്പെടുന്നു.

രാംലല്ലയ്ക്ക് സമര്‍പ്പിക്കപ്പെട്ട വിലയേറിയ ഒരു നെക്ലേസും ദിവ്യ പാദുകങ്ങള്‍ നഷ്ടപ്പെട്ടതായും, യഥാര്‍ത്ഥ ആഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടങ്ങളാണ് ഇപ്പോള്‍ ശേഖരത്തില്‍ ഉള്ളതെന്നും ആരോപണമുണ്ട്.

ഭക്തരുടെ വലിയ തോതിലുള്ള പ്രതിഷേധത്തെയും രാഷ്ട്രീയ വിവാദങ്ങളെയും തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജൂണ്‍ 14ന് പ്രത്യേക അന്വേഷണ സംഘ രൂപീകരണം പ്രഖ്യാപിക്കുകയായിരുന്നു. ലഖ്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ഐ ജി കിരണ്‍ എസ്, സ്പെഷ്യല്‍ സെക്രട്ടറി നീലരതന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രാമക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളില്‍ നിന്ന് ഏഴു കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം പി സഞ്ജയ് റൗത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിലെയും ഉത്തരപ്രദേശിലെയും ബിജെപി സര്‍ക്കാരുകളാണ് ക്രമക്കേടുകള്‍ക്ക് പിന്നിലെന്നാണ് സഞ്ജയ് റൗത്തിന്റെ ആരോപണം.

രാമക്ഷേത്രത്തിലെ പുരോഹിതന്മാരായ രാം ശങ്കര്‍ യാദവ്, ആഭരണങ്ങളുടെയും വഴിപാടുകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരി ഉള്‍പ്പെടെയുള്ളവരെ എസ്‌ഐടി ഇതിനകം ചോദ്യം ചെയ്തു. എന്നാല്‍, കാണാതായ വെള്ളിക്കട്ടകളെപ്പറ്റി തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലെന്നാണ് ഇവരുടെ മൊഴി.

ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട ചില വ്യക്തികളുടെ ആസ്തികളില്‍ സമീപകാലത്തുണ്ടായ വന്‍ വര്‍ധനവും അന്വേഷണ പരിധിയിലാണ്.

ക്ഷേത്രത്തിനായി 500 വര്‍ഷം കാത്തിരുന്ന ഭക്തര്‍ 15 ദിവസം കൂടി ക്ഷമിക്കണമെന്നും, രാമക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനും തട്ടിപ്പ് നടത്താനും ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് യോഗി ആദിത്യനാഥ് എല്ലാ രാമഭക്തരോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണസംഘം 150 ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതില്‍ 25-ഓളം പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്തവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ അയോധ്യ വിട്ടുപോകരുതെന്ന് എസ്‌ഐടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി ഡോ. അനില്‍ മിശ്ര, രാമക്ഷേത്ര നിര്‍മ്മാണ ചുമതലയുള്ള ഗോപാല്‍ റാവു എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com