കാലം പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ ഓർത്തെടുക്കാൻ ‘വലിയ ആഴ്ച’യുടെ മറക്കാനാകാത്ത അനുഭവങ്ങൾ മാത്രമാണ് കൂട്ടിനുള്ളത്. മമ്മി കൂടെയില്ലാത്ത ആദ്യത്തെ പെസഹാക്കാലം കടന്നുപോയി. ഈ പെസഹാ ഞങ്ങൾക്കൊപ്പം എല്ലാവരും കൂടി പങ്കുകൊള്ളാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അത് നടക്കാതെ പെസഹ വെറുമൊരു ചടങ്ങ് മാത്രമായി കടന്നുപോയി.
ഞങ്ങളുടെ കുട്ടിക്കാലത്ത് വിശുദ്ധവാരത്തിലെ ഏതെങ്കിലുമൊരു ദിവസം പള്ളിയിൽ പോയി കുമ്പസാരിച്ചു വന്ന്, അടുക്കളയിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ജോലികളിൽ മുഴുകിയിരിക്കുന്ന മമ്മിയാണ് ഇന്നും മനസ്സിലെ നോവുന്ന ചിത്രം. രാത്രി കുരിശുവര നടക്കുമ്പോൾ പോലും അടുക്കളപ്പണികൾക്കിടയിൽ നിന്നു പ്രാർത്ഥനയിൽ പങ്കുചേരുന്ന മമ്മിയുടെ ആ തിരക്കുകൾ ആ ത്യാഗത്തിൻ്റെ മറ്റൊരു രൂപമായിരുന്നു. ഇന്നത്തെപ്പോലെ യന്ത്രങ്ങളൊന്നുമില്ലാതിരുന്ന കാലത്തെ എല്ലാ അമ്മമാരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാകും. ഉരലിൽ ഇടിച്ചും പൊടിച്ചും അമ്മിയിലരച്ചും വീട് നിറയെയുള്ള അംഗങ്ങളെ എല്ലാവരെയും ഊട്ടി ഒരു വിശേഷദിവസമോ വിശുദ്ധ വാരമോ അതിൻ്റേതായ രീതിയിൽ അനുഭവിക്കാൻ കഴിയാതെ ജീവിതം തീർന്നുപോയവർ.
പിന്നെയുള്ളത് വല്യമ്മച്ചിയാണ്. സാധാരണ കാര്യങ്ങളെപ്പോലും ‘അതിവിശുദ്ധമാക്കി’ മാറ്റാൻ വല്യമ്മച്ചിക്കുള്ള കഴിവ് അപാരമായിരുന്നു. ഇന്നത്തെപ്പോലെ ദിവസവും കുരിശിന്റെ വഴിയോ എല്ലാ ദിവസവും പള്ളിയിൽ പോകണമെന്ന നിഷ്കർഷയോ അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, പീഡാനുഭവവാരം അഥവാ ‘വിശുദ്ധവാരം’ അതീവ ഭക്തിയോടെയാണ് എല്ലാവരും കൊണ്ടാടിയിരുന്നത്.
ഓശാന ഞായറാഴ്ച പള്ളിയിൽ പോകുന്നത് വലിയൊരു ആഘോഷമായിരുന്നു. അച്ചൻ വെഞ്ചരിച്ചു തരുന്ന കുരുത്തോലകൾ ഉയർത്തിപ്പിടിച്ച് പള്ളിയിൽ നിൽക്കുന്നത് ഓരോ കുട്ടിക്കും ദിവ്യമായ ഒരനുഭൂതിയായിരുന്നു. ആരുടെ ഓലയാണ് വലുത്, ആരുടെ ഓലയാണ് പച്ചയായിരിക്കുന്നത് എന്നൊക്കെ നോക്കലായിരുന്നു പ്രധാന ജോലി. “പച്ചയോലയോ കേടുള്ള ഓലയോ കിട്ടിയവർക്ക് ആയുസ്സ് കുറയും” എന്നൊരു ചൊല്ല് അന്നുണ്ടായിരുന്നു. അതിനാൽ അത്തരം ഓലകൾ ലഭിച്ചവർ വലിയ വിഷമത്തിലാകും. എന്റെ കുസൃതികളായ ആങ്ങളമാർക്ക് കേടുള്ള ഓലയാണ് കിട്ടുന്നതെങ്കിൽ, അവർ മറ്റുള്ളവരുടെ ഓല കൂടി രഹസ്യമായി ഒടിച്ചു മടക്കും. പിന്നീട് അതിന്റെ പേരിൽ വലിയ തർക്കങ്ങളായിരിക്കും. പക്ഷേ, “വലിയ ആഴ്ചയാണ്, ഒച്ചയുണ്ടാക്കരുത്, സംസാരിക്കരുത്, വഴക്കിടരുത്” തുടങ്ങിയ കർശന വിലക്കുകളിലൂടെ വല്യമ്മച്ചി ഞങ്ങളെ അടക്കിനിർത്തി. അന്ന് പച്ചയോല കിട്ടിയ പലരും ഇന്നും സുഖമായി ജീവിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം!
ഓശാനയോടെ വിശുദ്ധവാരത്തിന്റെ നിയന്ത്രണങ്ങൾ തുടങ്ങും. കുമ്പസാരിച്ച് കുർബാന സ്വീകരിക്കേണ്ട നിർബന്ധിത ദിവസങ്ങളാണവ. അടുത്ത കാത്തിരിപ്പ് പെസഹാ വ്യാഴത്തിനായാണ്. ഞങ്ങൾ വല്യമ്മച്ചിയോടൊപ്പം പള്ളിയിൽ പോകുമ്പോൾ മമ്മി അടുക്കളയിൽ പെസഹാ അപ്പം ഉണ്ടാക്കുന്ന തിരക്കിലാകും. തേങ്ങ ചിരവി സഹായിക്കാൻ പപ്പയും കൂടെയുണ്ടാകും. വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ആ വിശിഷ്ട വിഭവത്തിനായുള്ള ഒരുക്കങ്ങൾ ഗംഭീരമാണ്. മുറ്റവും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക എന്നതായിരുന്നു ഞങ്ങൾ പെൺകുട്ടികളുടെ ജോലി. കിണറ്റിൽ നിന്നും വെള്ളം കോരിക്കൊടുക്കണം എന്ന ഇരട്ടി ജോലികൂടി എനിക്കുണ്ടായിരുന്നു. സകലമാന പാത്രത്തിലും വെള്ളം കോരി നിറച്ചിട്ട് ഞാൻ സ്വതന്ത്രയാകും. കാരണം ഇടയ്ക്കിടെയുള്ള മമ്മിയുടെ വിളി ഒഴിവാക്കാനായിരുന്നു അത്. വീട് വൃത്തിയാക്കൽ ഉച്ചയ്ക്ക് മുൻപേ തീർത്തിരിക്കണം. വൈകുന്നേരം കുളിച്ച് സന്ധ്യാപ്രാർത്ഥന കഴിയുമ്പോഴേക്കും ‘പെസഹാപ്പാലും’ അപ്പവും തയ്യാറായിട്ടുണ്ടാകും.
അന്നുണ്ടായിരുന്ന പഴയ വീടിന്റെ ചായിപ്പിൽ തഴപ്പായ വിരിച്ച്, അപ്പച്ചൻ നടുവിലിരുന്ന് അപ്പം മുറിച്ച് മുതിർന്നവർ മുതൽ താഴേക്ക് ഓരോരുത്തർക്കായി നൽകും. എല്ലാവരും ഭക്തിപൂർവ്വം അത് സ്വീകരിച്ച് പാലും കുടിക്കും. “പാൽ കുടിച്ചു കഴിഞ്ഞാൽ വായ കഴുകി തുപ്പരുത്” എന്നായിരുന്നു വല്യമ്മച്ചിയുടെ കർശന നിർദ്ദേശം.
വിശുദ്ധവാരത്തിൽ ഞങ്ങൾ കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ദുഃഖവെള്ളിയാഴ്ചകളെയാണ്. കാരണം, അന്ന് പഠിക്കാൻ പറയുകയോ കശുവണ്ടി പെറുക്കാനോ റബ്ബർ വെട്ടുകയോ ഇല്ല. സമ്പൂർണ്ണ വിശ്രമം! പക്ഷേ, കളിക്കാൻ സമ്മതിക്കില്ല. ബൈബിളോ കുരിശിൻ്റെവഴിയോ പാനയോ വായിച്ചുകൊണ്ടിരിക്കണം. എങ്കിലും “പുസ്തകമെടുത്ത് പഠിക്ക്” എന്ന ആ പല്ലവി കേൾക്കേണ്ടാത്തതായിരുന്നു വലിയ ആശ്വാസം.
ദുഃഖവെള്ളിയാഴ്ച അതിരാവിലെ എഴുന്നേറ്റ് വല്യമ്മച്ചിയോടൊപ്പം പള്ളിയിൽ പോകും. മൂന്നു മണിക്കൂർ നീളുന്ന ചടങ്ങുകൾക്കൊടുവിൽ കുരിശുരൂപം മുത്തി, കൈപ്പനീരും കുടിച്ച് കുരിശിന്റെ വഴിയും കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങൂ. മമ്മിക്ക് അന്നും മുഴുവൻ കുർബാന കൂടാൻ കഴിയില്ല. ഇത്രയും പേർക്ക് പാവയ്ക്കയും പപ്പടവും കൂട്ടിയുള്ള കഞ്ഞി തയ്യാറാക്കി വിളമ്പാൻ മമ്മി നേരത്തെ വീട്ടിലേക്ക് തിരിക്കും. പെരുന്നാളിനും വിശുദ്ധവാരത്തിനുമൊന്നും മമ്മിക്ക് ആവോളം പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സങ്കടകരമായ ഓർമ്മ.
പുത്തൻ തീയും പുത്തൻ വെള്ളവും പള്ളിയിൽ നിന്നും ലഭിക്കുന്ന ദിവസമാണ് ദുഃഖശനിയാഴ്ച. മരണത്തിന്മേലുള്ള വിജയവും , പാപങ്ങളിൽ നിന്നുള്ള മോചനവും പ്രതീകവൽകരിക്കുന്നവയാണ് ഇവ. തലേന്നേ കഴുകി ഉണക്കിയ കുപ്പിയും പുതിയ മെഴുകുതിരിയുമായി ഞങ്ങൾ പള്ളിയിൽ പോകും. വെഞ്ചരിച്ച വെള്ളം വീട്ടിലെത്തിച്ച് വീടിന് ചുറ്റും തളിക്കുന്നത് ഏറ്റവും ഇഷ്ടമുള്ള വലിയൊരു ചടങ്ങാണ്.
പിന്നീട് കാത്തിരുന്ന ഈസ്റ്റർ എത്തുകയായി. കോഴിക്കൂട്ടിൽ നേരത്തെ കരുതിവെച്ച പൂവൻകോഴിയെ പപ്പ പിടിച്ചു കൊടുക്കുകയേ ഉള്ളൂ. മമ്മി അതിനെ കൊന്നു കറിവയ്ക്കും. പോത്തിറച്ചിയും കള്ളപ്പവും വട്ടയപ്പവുമായി വിഭവസമൃദ്ധമായ സദ്യയുടെ ദിവസമാണത്. രാത്രിയിലെ കുർബാനയ്ക്കാണ് മിക്കവാറും മമ്മി പോകുക. പള്ളി കഴിഞ്ഞ് പുലർച്ചെ വീട്ടിലെത്തിയാലുടൻ തലേന്ന് കുഴച്ചുവെച്ച മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കാൻ മമ്മിക്ക് സാധിക്കുമായിരുന്നു.
ഇന്ന് ഞങ്ങൾ പെൺമക്കൾക്കും മമ്മിയുടെ അതേ റോളാണ്. എല്ലാവർക്കും വിശ്രമിക്കാമെങ്കിലും ഏത് ദുഃഖവെള്ളിയാഴ്ചയായാലും പെണ്ണുങ്ങൾക്ക് അടുക്കളയിൽ ജോലി തന്നെ. സാംബാർ, പാവയ്ക്ക തീയൽ, തോരൻ അച്ചാർ എന്നിവയുണ്ടാക്കി ഒരുനേരത്തിനുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കിലാകും എല്ലാ വീട്ടമ്മമാരും.
ദുഃഖവെള്ളിയുടെയും പെസഹായുടെയും ഗൗരവം കഴിഞ്ഞ് ഈസ്റ്റർ പുലരുന്നത് വലിയൊരു പ്രകാശത്തിലേക്കെന്ന പോലെയാണ്. ഉയിർപ്പ് കാണാൻ പുലർച്ചെയുള്ള കുർബ്ബാനയ്ക്ക് പോകാനുള്ള തിരക്കിലാകും വല്യമ്മച്ചിയോടൊപ്പം ഞങ്ങളും. ഇന്ന് പള്ളിയിൽ പോകുന്നുണ്ടെങ്കിലും പഴയ ആ ആന്തരികമായ ചൈതന്യം എവിടെയോ കൈമോശം വന്നുപോയിരിക്കുന്നു. ആരാധനകൾ യാന്ത്രികമായോ എന്ന് തോന്നിപ്പോകാറുണ്ട്. എങ്കിലും, വിശുദ്ധവാരം നമ്മെ പഠിപ്പിക്കുന്നത് സഹനങ്ങളിൽ പതറാതെ നിൽക്കാനാണ്. നോമ്പിന്റെ വിശുദ്ധിയിൽ ജീവിതത്തെ കൂടുതൽ തെളിമയോടെ കാണാൻ ഓരോ ഈസ്റ്ററും നമുക്ക് പ്രചോദനമാകട്ടെ.
ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ മംഗളങ്ങൾ!



