സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ഇന്ന് മുതൽ നൽകും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.
അടുത്ത മാസം മൂന്നിനകം പെൻഷൻ വിതരണം പൂർണമാക്കണം എന്നാണ് ഉത്തരവ്. കഴിഞ്ഞ മെയ് മാസത്തെ പെൻഷൻ വിതരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി സർക്കാർ തുക അനുവദിച്ചത്.
കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കൾ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആകെ 51,70,015 ഗുണഭോക്താക്കൾക്കാണ് ഈ മാസം ക്ഷേമ പെൻഷൻ ലഭിക്കുക.



