Wednesday, October 9, 2024
Homeപുസ്തകങ്ങൾശിവാജി ഗോവിന്ദ് സാവന്ത് എന്ന സാഹിത്യകാരനും അദ്ദേഹത്തിന്റെ കർണ്ണൻ എന്ന നോവലിന്റേയും ദാർശനീകത ✍ശ്യാമള...

ശിവാജി ഗോവിന്ദ് സാവന്ത് എന്ന സാഹിത്യകാരനും അദ്ദേഹത്തിന്റെ കർണ്ണൻ എന്ന നോവലിന്റേയും ദാർശനീകത ✍ശ്യാമള ഹരിദാസ് .

ശ്യാമള ഹരിദാസ്

പുരാണകഥകളുടെ പുനരാഖ്യാനം ഭാരതീയ ഭാഷകളിലെല്ലാം സമീപ കാലത്ത് ധാരാളം കണ്ടുവരുന്ന പുതിയ രീതിയാണ്. മിത്തിനെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാലവുമായി പൊരുത്തപ്പെടുത്താനും പുരാണകഥാ സന്ദർഭങ്ങളെ സമകാലിക സമസ്യകളുമായി ചേർത്തു നിർത്തി വിശകലനം ചെയ്യാനും നോവലിസ്റ്റ് നടത്തുന്ന പരിശ്രമം ആദരണീയം ആണ്.

ശിവാജി സാവന്ത് “മൃത്യുഞ്ജയ” എന്ന പ്രശസ്തമായ മറാത്തി നോവലിന്റെ മലയാള പരിഭാഷയാണ് മഹാഭാരത കഥാപാത്രം ആയ കർണ്ണനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥപറച്ചിൽ രീതിയാണ് കഥാകൃത്ത് ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാന ഗവ. അവാർഡ്, എൻ. സി. കേൽകർ അവാർഡ്, ലളിത് മാഗസിൻ അവാർഡ്, പൂനംചന്ദ് ഭൂടോടിയ അവാർഡ്, ഗുജറാത്ത് സാഹിത്യ അക്കാദമി അവാർഡ്, ഭാരതീയ ജ്ഞാനപീഠത്തിന്റെ 1995ലെ മൂർത്തിദേവി പുരസ്‌ക്കാരം മൃത്യുഞ്ജയക്ക് ലഭിച്ചു. Dr. P. K. ചന്ദ്രൻ, Dr. T. R. ജയശ്രി എന്നിവരാണ് കർണ്ണൻ എന്ന പേരിൽ ഇത് മലയാള ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്. കർണ്ണൻ, കുന്തി, ദുര്യോധനൻ, വൃഷാലി, ശോണൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ആത്മകഥാ രൂപത്തിലുള്ള വിവരണങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന രീതിയാണ് ഈ നോവൽ. മഹാഭാരതത്തിലെ കർണ്ണന്റെ കാഴ്ചപ്പാടിലൂടെ അദ്ദേഹത്തിന്റെ ജീവിതവും മഹാഭാരത കഥയുമാണ് ഈ നോവലിലൂടെ കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്

ആത്മകഥാ രൂപത്തിലുള്ള വിവരങ്ങളിലൂടെ കഥയുടെ ആന്തരികത യിലേക്ക് ചൂഴ്ന്നിറങ്ങി കഥാഗതിയെ മുന്നോട്ടു നയിക്കുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. എഴുത്തുകാരൻ എന്നതിലപ്പുറം ഒരു മനഃശാസ്ത്രജ്ഞന്റെ റോൾ ആണ് സാവന്ത് ഈ നോവലിൽ വഹിച്ചിരിക്കുന്നത് എന്നു വേണം പറയാൻ.
കഥാകൃത്തുക്കളെ മാത്രമല്ല കഥാസാഹചര്യത്തേയും പ്രകൃതിയേയും നന്നായി വർണ്ണിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഏഴുനൂറിൽ പരം പേജ്ജുകൾ ഉള്ള ഈ നോവൽ ഉത്തമനായ പുരുഷന്റെ കഥാഖ്യാന രീതിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. യയാതി എന്ന നോവലിലെ കഥാഖ്യാന ശൈലിയാണ് സാവന്ത് സ്വീകരിച്ചിരിക്കുന്നത്.

കഥാപശ്ചാത്തലം

ചെമ്പാനഗരിയിൽ നിന്നും ഹസ്തിനപുരം വരെയുള്ള യാത്ര മുതൽ കർണ്ണന്റെ മരണാവസ്ഥ വരെയുള്ള തന്റെ സ്വന്തം കഥ സത്യസന്ധ
മായും മറകളൊന്നും ഇല്ലാതെയും പറയാൻ നിർബന്ധിതനായിത്തീരുന്നതുമാണ് ഈ നോവൽ. ഒട്ടനവധി സംഭവവികാസങ്ങൾ ഈ നോവലിലൂടെ കടന്നു പോകുന്നുണ്ട്.

അത്യന്തം നൂതനമായ കഥാഖ്യാന രീതിയും ഭാവതലങ്ങളെ തൊട്ട്
ഉണർത്തുന്ന വൈകാരിക സംഭവങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ നോവലിൽ ഭാവനാ സമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്. ഹൃദയം തകർക്കുന്ന പല മൃദുല സംഭവങ്ങളും നോവലിസ്റ്റ് ഇതിൽ അവതരിപ്പിക്കുന്നുണ്ട്.

ഏറെ വെറുക്കുന്ന കുന്തിയെ അവസാനം കർണ്ണൻ അമ്മ എന്നു വിളിക്കുന്നതും പാഞ്ചാലിയോട് ഞാൻ മാപ്പു ചോദിച്ചതായി പറയണമെന്ന് കർണ്ണൻ പറയുന്നതും കർണ്ണന്റെ ജഡത്തിന്നരികിൽ വാലിലെ രോമങ്ങൾ വീശി മുട്ടുകുത്തി നിൽക്കുന്നതുമെല്ലാം ആരുടേയും കരളലിയിക്കുന്ന രംഗങ്ങൾ ആണ്.

കഥാസംഗമം

മൃത്യുഞ്ജയ എന്ന നോവലിൽ നിന്നും അടർത്തിയെടുത്ത മഹാഭാരതത്തിന്റെ മലയാള പരിഭാഷയായ ഈ നോവലിലെ പ്രമുഖ കഥാപാത്രമാണ് കർണ്ണൻ. മഹാഭാരതം കഥയും കർണ്ണനുമാണ് ഇതിലെ ഇതിവൃത്തം. മന്ത്ര പരീക്ഷണത്തിന്റെ ഫലമായി സൂര്യദേവനിൽ നിന്നും കുന്തിക്ക് ലഭിച്ച ദിവ്യ സമ്പത്താണ് കർണ്ണൻ.

ഒരിക്കൽ കുന്തീഭോജരാജാവിന്റെ കൊട്ടാരത്തിലേക്ക് ദുർവാസാവ് മഹർഷി വന്നു. അദ്ദേഹത്തെ പരിചരിച്ചത് കുന്തീദേവി ആയിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിക്ക് അഞ്ച് വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു.
അവ ഓരോന്നും ഏതു ദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിക്ക് ആ ദേവതയിൽ ഒരു മകൻ ജനിയ്ക്കും.

വേണ്ടത്ര പക്വത വന്നിട്ടില്ലാത്ത കുന്തി ആകാംക്ഷ നിമിത്തം ഈ മന്ത്ര ഒന്ന് പരീക്ഷിച്ചു നോക്കാൻ തീരുമാനിക്കുന്നു. അഞ്ചു മന്ത്രങ്ങളിൽ നിന്ന് അവൾ ഒന്ന് തിരഞ്ഞെടുത്തു. അങ്ങിനെ അവൾ സൂര്യദേവനെ മനസ്സിൽ ആവാഹിച്ചുകൊണ്ട് ആ മന്ത്രം ജപിച്ചു. ക്ഷണത്തിൽ മന്ത്രത്തിന്റെ ശക്തി പ്രകടമായി.

അതിതേജസ്വിയായ സൂര്യദേവൻ കിരീടവും ദിവ്യഭരണങ്ങളുമണിഞ്ഞ് അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. സൂര്യദേവൻ കുന്തയോട് പറഞ്ഞു നിന്റെ മന്ത്രസിദ്ധിയിൽ സന്തുഷ്ടനായി ഞാൻ ത്തിയതാണെന്നും എന്നിൽ നിന്നും ഒരു സന്തതിയെ വേഗത്തിൽ സ്വീകരിച്ചു കൊള്ളാനും ആവശ്യപ്പെട്ടു.

ഭയന്നുപോയ കുന്തി താൻ വെറുമൊരു ജിജ്ഞാസകൊണ്ടാണ് സൂര്യദേവനെ ആവാഹനം ചെയ്തതെന്നും അതുകൊണ്ട് മടങ്ങി പോകാനും കേണപേക്ഷിച്ചു. ഇതുകേട്ട് കുപിതനായ സൂര്യദേവൻ വരുംവരായ്കളെ കുറിച്ച് അവളോട്‌ പറയുന്നു. അദ്ദേഹത്തിന്റെ ആജ്ഞക്കു മുമ്പിൽ അവൾക്ക് വഴങ്ങേണ്ടി വന്നു.

പേടിച്ചരണ്ട കുന്തി സൂര്യദേവനോട് താൻ കന്യകയാണെന്നും കന്യകാത്വം നഷ്ടപ്പെടാത്ത രീതിയിൽ പുത്രോല്പാദനം നടത്തി കൊള്ളാനും അങ്ങിനെ ഉണ്ടാകുന്ന പുത്രൻ തികഞ്ഞ ധർമ്മിഷ്ടനും ജന്മനാ കവചകുണ്ഡലങ്ങളോടു കൂടിയവനും ആയിരിക്കണം എന്ന് അപേക്ഷിക്കുന്നു.

സൂര്യഭഗവാൻ അത് സ്വീകരിക്കുകയും യോഗബലത്തോടെ കുന്തിയിൽ പ്രവേശിക്കുകയും പുത്രോല്പാദനം നടത്തുകയും ചെയ്തു. പിന്നീട് കുന്തിക്കുണ്ടാകുന്ന പുത്രൻ സർവ്വശസ്ത്രപ്രവരന്മാരിലും ഉന്നതനായിരിക്കുമെന്നും കുന്തി നിത്യകന്യകയായി തുടരുമെന്നും അനുഗ്രഹിച്ചു തിരിച്ചുപോയി.

ഗർഭിണിയായ കുന്തി അപമാന ഭാരത്താൽ ഒരു തോഴിയുടെ സഹായത്താൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കവചകുണ്ഡല ങ്ങളോടു കൂടിയ ഒരു കുഞ്ഞായിരുന്നു അത്.

ആ കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാ നദിയിൽ ഒഴുക്കുകയും ചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ളിടത്തോളം കാലം ഇവനെ ആർക്കും വധിക്കാൻ കഴിയില്ലെന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിചെയ്തിരുന്നു.

കവചകുണ്ഡലങ്ങളോടു കൂടിയ ആ കുഞ്ഞിനെ ആർത്തലച്ച് ഒഴുകുന്ന ഗംഗാ നദിയിൽ നിന്ന് ഹസ്തിനപുരത്തിലെ തേരാളിയായ അതിരഥൻ രക്ഷിക്കുകയും അദ്ദേഹവും ഭാര്യ രാധയും കൂടി ആ കുഞ്ഞിനെ വളർത്തുകയും ചെയ്തു. രാധേയൻ, സുതപുത്രൻ, കർണ്ണൻ എന്നീ പേരിലും അറിയപ്പെട്ടു.

സൂര്യപുത്രനായി ജനിച്ചിട്ടും സുതപുത്രൻ ആയി ജീവിക്കാൻ വിധിക്കപ്പെട്ടവനാണ് കർണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സ്വന്തം സഹോദരന്മാരായ പാണ്ഡവർക്കെതിരായി കൌരവർക്കു വേണ്ടി പ്രവർത്തിക്കുകയും പോരാടുകയും ചെയ്തവനാണ് കർണ്ണൻ. കാന്തേയനെങ്കിലും ജീവിതത്തിൽ രാധേയനായി കർണ്ണൻ അറിയപ്പെട്ടു. രാജകുമാരനായിട്ടും അംഗരാജപദവി ദാനമായി വാങ്ങേണ്ടി വന്നവനാണ് ആ ദാനവ്രതൻ. വളരെയധികം അപമാനങ്ങളും പീഡനങ്ങളും ഏറ്റു
വാങ്ങേണ്ടി വന്നവനാണ് കർണ്ണൻ.

ഇവിടെ കുന്തി കാണിച്ചത് ഉചിതമായോ? അവരുടെ അഭിമാനത്തിന്നു വേണ്ടി നിരപരാധിയായ കുഞ്ഞിനെ പേടകത്തിൽ ആക്കി പുഴയിൽ ഒഴുക്കിയത് ശരിയായോ? ഇവിടെ കുന്തി കാണിച്ചത് സ്വാർത്ഥതയല്ലേ? തെറ്റു ചെയ്യാമെങ്കിൽ അത് ഏറ്റു പറയാനുള്ള ധൈര്യമാണ് കുന്തി കാണിക്കേണ്ടിയിരുന്നത്. മകൻ പീഡനങ്ങളും ദുരിതങ്ങളും കൊണ്ട് നീറി പുകയുമ്പോൾ ഒരു അമ്മയുടെ സ്വാർത്ഥതയുടെ പേരിലുള്ള അഭിമാനം ഉൾക്കൊള്ളുവാൻ ആകുമോ?
വളരെ മനോഹരമായും ഹൃദയത്തെ തൊട്ടുണർത്തുന്നതുമായ ആശയങ്ങളാണ് രചയിതാവ് വർണ്ണിച്ചിരിക്കുന്നത്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ജന്മം കൊടുത്ത അമ്മയാലും ഉപേക്ഷിക്കപ്പെട്ട കർണ്ണൻ ജന്മംകൊണ്ട് സൂര്യപുത്രനായിരുന്നാലും ഒരു തേരാളിയുടെ മകനായി കഴിയേണ്ടി വന്ന കർണ്ണൻ. പലയിടത്തും പിൻതള്ളപ്പെട്ട കർണ്ണനെ പാണ്ഡവരോടുള്ള ദേഷ്യം അടക്കാനാവാതെ ഉറ്റ സുഹൃത്തായ ദുര്യോധനൻ കർണ്ണനെ അംഗരാജാവായി വാഴിക്കുന്നു. സ്വന്തം കുണ്ഡലം ഇന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ സൂര്യദേവൻ വിലക്കിയിട്ടുപോലും അത് അഴിച്ചു കൊടുത്ത ദാനശീലനാണ് കർണ്ണൻ.

ഹസ്തിനപുരത്തെത്തിയ കർണ്ണൻ ഒരു ദിവസം ത്രിവേണി സംഗമത്തിൽ പ്രഭാത സ്നാനത്തിന്നായി എത്തുന്നു. സ്നാനം കഴിഞ്ഞ് കുതിരകൾക്ക് വെള്ളവും കൊടുത്ത് നഗരത്തിലേക്ക് പോകാനായി തിരിഞ്ഞപ്പോൾ സ്ത്രീകൾ വെള്ളവുമായി നഗരത്തിലേക്ക് പോകുന്നുണ്ടായിരുന്നു.

ഇതിനിടെ ശോണന്റെ കുതിര വെള്ളവുമായി പോകുന്ന ഒരു യുവതിയുടെ കഴുത്തിനു താഴെ കിതയ്ക്കുന്ന ചുണ്ട് തൊടുവിച്ചു. തണുത്ത സ്പർശനമേറ്റ അവൾ പരിഭ്രമിച്ച് അലമുറയിട്ടു. കുടം ദൂരെ എറിഞ്ഞു. കർണ്ണന്റെ പാദങ്ങളിൽ വീണവൾ കരഞ്ഞു. അവൾ മുഖമുയർത്തി നോക്കിയപ്പോൾ സൂര്യ ഗോളം പോലെ പ്രഭയുള്ള ഒരു യുവാവ് മുമ്പിൽ നിൽക്കുന്നു. അദ്ദേഹം ഒരു രാജകുമാരൻ ആണെന്നവൾ ഊഹിച്ചു.

കർണ്ണൻ അവളോട്‌ ചോദിച്ചു ഭവതി ആരാണ്?. വളരെ വിനയാനവിതയായി അവൾ പറഞ്ഞു എന്റെ പേര് വൃഷാലി. ഇവിടുത്തെ രാജാവിന്റെ തേരാളിയുടെ മകളാണ്. കർണ്ണന് വളരെ ആത്മനിവൃതി അനുഭവപ്പെട്ടു. അദ്ദേഹവും ഒരു സുതാപുത്രനാണല്ലോ?.

അതിസുന്ദരിയായ ആ യുവതി പോകുന്നതും നോക്കി കർണ്ണൻ അവിടെ തന്നെ നിന്നു.

സദാ ചിന്താമഗ്നനായി കാണപ്പെട്ട കർണ്ണനോട് ദുര്യോധനൻ കാര്യമന്വേഷിക്കുന്നു. തന്റെ മനസ്സിനെ കീഴടക്കിയ ആ നഗ്നസത്യം കർണ്ണൻ യുവ രാജാവിനോട് പറയുന്നു. അങ്ങിനെ വൃഷാലിയുടെ വീട്ടിലേക്ക് വിവാഹലോചനയുമായി അവർ പോകുന്നു.

അവിടെ എത്തിയ കർണ്ണൻ താൻ സുതപുത്രനാണ് എന്നുള്ളത് തുറന്നു പറയുന്നു. അപ്പോൾ കർണ്ണൻ സുതാപുത്രാനല്ല. അംഗരാജ്യത്തെ രാജാവാണ് എന്നു അഭിമാനത്തോടെ ദുര്യോധനൻ വൃഷാലി യുടെ അച്ഛനോട് പറയുന്നു.
ഇതുകേട്ട വൃഷാലി കോരിത്തരിച്ചുപോയി.

താമസിയാതെ അംഗരാജാവായുള്ള കർണ്ണനുമായുള്ള വൃഷാലിയുടെ വിവാഹം നടക്കുകയും ആദ്യരാത്രിയിൽ കർണ്ണൻ തന്റെ തൊട്ടടുത്ത പീഠത്തിൽ നിന്നും പട്ടിൽ പൊതിഞ്ഞ ഒരു സാധനമെടുത്ത് വൃഷാലിക്ക് കൊടുക്കുന്നു. തന്റെ ഭർത്താവ് ആദ്യമായി തന്ന സമ്മാനത്തെ അവൾ സന്തോഷത്തോടെ സ്വീകരിക്കുകയും ആ പാദങ്ങളിൽ നമസ്ക്കരിക്കുകയും ചെയ്യുന്നു. അതിനുശേഷം അവൾ അതിന്റെ കെട്ടഴിച്ചു നോക്കുന്നു. അവൾ അത്ഭുതപ്പെട്ടു. ഒരു കുടത്തിന്റെ കഷ്ണം.

ഗംഗാ തീരത്തു വെച്ച് ഭവതിയെ ഞാൻ ആദ്യമായി കണ്ടില്ലേ? അന്ന് ഉടഞ്ഞ കുടത്തിന്റെ ഒരു കഷ്ണം പ്രേമസൂചകമായി ഞാൻ സൂക്ഷിച്ചുവെച്ചു. കർണ്ണൻ പുഞ്ചിരിയോടെ പറഞ്ഞു.

നാളുകൾക്കുശേഷം കുരുക്ഷേത്രയുദ്ധം തുടങ്ങി. അർജ്ജുനനാൽ കൊല്ലപ്പെട്ട കർണ്ണന്റെ ശവശരീരവുമായി കർണ്ണന്റെ കുതിരയായ “വിശ്വജിത്ത്” ഒരു മലയുടെ മുകളിലേയ്ക്ക് പോയി. അവിടെ ചിതയൊരുക്കി കൃഷ്ണൻ കാത്തു നിന്നിരുന്നു.

കൃഷ്ണൻ ചിത കത്തിച്ചു. അപ്പോഴതാ വെള്ള വസ്ത്രവും ധരിച്ച് ഒരു സ്ത്രീ ഓടി വരുന്നു. അവൾ കൃഷ്ണന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിത വലം വെച്ച് ചിതയിലേക്ക് എടുത്തു ചാടുന്നു.

അവളെ തടയാനായി ചെന്ന കൃഷ്ണന്റെ കയ്യിലേക്ക് എത്തിയത് അവളുടെ ചേലയുടെ തുമ്പായിരുന്നു. ആ ചേലത്തുമ്പിന് ഖനം തോന്നിയ കൃഷ്ണൻ അത് അഴിച്ചുനോക്കി.
പൊട്ടിയ ഒരു മൺകുടത്തിന്റെ കഷ്ണമായിരുന്നു അത്.

ഗംഗാ തീരത്തുവെച്ച് അവളെ കണ്ടപ്പോൾ പൊട്ടിയ ആ മൺകുട ത്തിന്റെ കഷ്ണം ഒരു പ്രേമസൂചകമായി സൂക്ഷിച്ചു വെച്ച് വിവാഹ രാത്രിയിൽ തന്റെ ഒരു പാരിതോഷി കമായി കൊടുത്ത കർണ്ണൻ. ഭർത്താവ് തന്ന സമ്മാനം ഒരു നിധിപോൽ സൂക്ഷിച്ചു വെച്ച വൃഷാലി. ഒടുവിൽ ഭർത്താവിന്റെ മരണസമയത്ത് തന്റെ ചേലത്തുമ്പിൽ സൂക്ഷിച്ച ആ അമൂല്യനിധിയോടെ ആ ചിതയിലേക്ക് ചാടിയ വൃഷാലി.

നോക്കു എത്ര മനോഹരവും ഹൃദയസ്പർശിയുമായാണ് ശിവാജി സാവന്ത് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കണ്ണുനീർ കൊണ്ടല്ലാതെ വായിക്കാൻ കഴിയാത്ത ഈ നോവലിനെ ഇത്രയും മനോഹരമായി വർണ്ണിക്കണണെങ്കിൽ അതിപ്രഗത്ഭനായ ഒരാൾക്കേ കഴിയു. നോവലിസ്റ്റ് ന്റെ ഈ അപാരമായ കഴിവിനെ ഞാൻ നമിക്കുന്നു. ഈ ബുക്ക്‌ വായിച്ചിട്ടില്ലെങ്കിൽ ഒരു തീരാനഷ്ടം തന്നെയാണ്.

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments