Tuesday, September 17, 2024
Homeസ്പെഷ്യൽകുമാരസംഭവം - സർഗ്ഗം 8. (ഭാഗം - 8) ✍ ശ്യാമള ഹരിദാസ്

കുമാരസംഭവം – സർഗ്ഗം 8. (ഭാഗം – 8) ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്
  • വിവാഹ ശേഷം ശിവപാർവ്വതിമാരുടെ ശൃംഗാര കേളകളും, കാർത്തികേയ (സുബ്രഹ്മണ്യ) ജനനവും താരകാസുര വധവും.

ഇതിലെ കഥാതന്തു യുദ്ധവും, താരകാസുര വധവുമാണ്.

വിവാഹശേഷം കൈലാസത്തിലേക്ക് പോയ ശിവപാർവ്വതിമാർ തികച്ചും ആനന്ദപ്രദമായി നാളുകൾ കഴിച്ചു. പരസ്പരം പ്രണയം പങ്കു വെച്ചും ആനന്ദ നൃത്തമാടിയും ഓരോ ക്രീഡകളിൽ മുഴുകിയും ഹിമാലയ പ്രസ്ഥത്തിൽ
പതിനഞ്ചു വർഷം അവരറിയാതെ കഴിഞ്ഞു പോയി.

താരകാസുര നിഗ്രഹത്തിന് അമാന്തം വരുന്നതിൽ ഉൽക്കണ്ഠാകുലരായി
ദേവന്മാർ പത്മസംഭവനായ ബ്രഹ്മദേവനെ സമീപിച്ചു. പ്രേമലീലകളിൽ മുഴുകി പൂവരത്തിലെങ്ങും സ്വച്ഛന്ദം വിഹരിക്കുന്ന ഈ ദേവദമ്പതികളെ ഉണർത്തിയാലേ ഉദ്ദിഷ്ഠ ഫലം സിദ്ധിക്കു എന്ന് അദ്ദേഹം ഉപദേശിച്ചു.

അതിൽ പ്രകാരം ഇന്ദ്രൻ തുടങ്ങിയ ദേവ പ്രമുഖന്മാർ ശിവധാമത്തിലെത്തി മനം നിറഞ്ഞു പ്രാർത്ഥന തുടങ്ങി. പ്രപഞ്ചകാരിണിയും ശക്തിസ്വരൂപിണിയുമായ മഹാദേവിയെ അവർ പ്രാർത്ഥിക്കാൻ ശ്രമിച്ചു.

ദേവഗണങ്ങളുടെ സ്തുതി ഗീതങ്ങൾ ദേവിയെ ഉണർത്തുകയും സ്വച്ഛന്ദം വിഹരിച്ചു നടന്ന ഗിരിമുടിയിലെ വിജന പ്രദേശങ്ങളെ വെടിഞ്ഞ് ശിവപാർവ്വതിമാർ ശിവ ധാമത്തിലെ മണിയറയിൽ പ്രവേശിച്ചു. ദേവി ഇനി ശിവതേജസ്സ് തന്റെ ശരീരത്തിൽ ഏറ്റു വാങ്ങണമെന്ന് തീരുമാനിച്ചു. പരമശിവനും തന്റെ തേജസ്സിനെ ഉപകാരപ്രദമായി ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു.

മഹാശക്തമായ ശിവതേജസ്സ് ദേവിയുടെ ഗർഭപത്രത്തിൽ സുരക്ഷിതമായി എത്തിക്കുന്നതിന് വിരിഞ്ച ദേവന്റെ കല്പന പ്രകാരം “സമീരണനും “,
“പാവകനും” തയ്യാറായി നിന്നു.

പാവകൻ ശിവതേജസ്സ് ശിരസ്സിലേറ്റു വാങ്ങുകയും എന്നാൽ അതിന്റെ ഊർജ്ജം താങ്ങാനാകാതെ പാവകൻ ആ ബീജശക്തിയെ ശരവണ വനത്തിൽ നിക്ഷേപിക്കുകയും സമീരണൻ ആകട്ടെ ശിവതേജസ്സിന്റെ ശേഷിച്ച ഭാഗം കർത്തികമാരായ ആറു നക്ഷത്ര കന്യകമാരുടെ കൈവശമേല്പിച്ചു. അവർ ഗർഭപത്രത്തിൽ അതിനെ ഉൾക്കൊള്ളാനുള്ള കഴിവില്ലാത്തതിനാൽ ഒരു പേടകത്തിൽ ഭദ്രമായി അടച്ചു. ആറുപേരും ചേർന്ന് ഗംഗാ നദിയിൽ ഒഴുക്കി.

ബ്രഹ്മദേവൻ ഈ പെട്ടി കണ്ടെടുത്ത് തന്റെ കൈവശം സൂക്ഷിച്ചു. യഥാകാലം ആ പേടകത്തിനുള്ളിൽ നിന്ന് അഴകൊത്ത് തേജോമയനായ ഒരു ദിവ്യ ശിശു പുറത്തുവന്നു. ആ ശിശുവിനെ എപ്രകാരം ആണ് കവി വർണ്ണിച്ചിരിക്കുന്നത്?.

ആ ശിശുവിന് അറുമുഖങ്ങളും, പന്ത്രണ്ടു കരങ്ങളും, പന്ത്രണ്ട് കണ്ണുകളും ഉണ്ടായിരുന്നു. ഉദയ ചന്ദ്രന്റെ വദന കാന്തിയും, തങ്കത്തിന്റെ നിറമുള്ള ശരീരം കൊണ്ടും ആ ശിശു ആരേയും നിഗ്രഹിച്ചു.

താരകാസുര നിഗ്രഹത്തിനു വേണ്ടി അവതരിച്ച ശിവ
പുത്രനെ ബ്രഹ്മദേവൻ സകല ശസ്ത്രാസ്ത്ര വിദ്യകളും പരിശീലിപ്പിച്ചു. വേദശാസ്ത്രാദികളും പഠിപ്പിച്ചു. ചുരുങ്ങിയ നാൾ കൊണ്ട് കുമാരൻ എന്തിനും പോരുന്ന വീരപരാക്രമി ആയിത്തീർന്നു.

യുദ്ധസന്നാഹം.

ഒരുനാൾ ദേവേന്ദ്രൻ മറ്റു ദേവപ്രമുഖന്മാരോടൊപ്പം ബ്രഹ്മദേവനെ കാണുകയും താരകാസുരന്റെ പീഡനങ്ങൾ അനുഭവിച്ചു കഴിയുന്നു എന്നും അതിന്റെ മോചനത്തിന്നായി അവതരിച്ച കുമാരൻ ഇനിയും കർമ്മരംഗത്തേക്കിറങ്ങാൻ അമാന്തിക്കുന്നതെന്തെന്നും ചോദിക്കുന്നു. എത്രയും വേഗം താരകാസുര നിഗ്രഹം നടത്താൻ കുമാരനോട് അപേക്ഷിക്കുന്നു.

ബ്രഹ്മദേവൻ കാർത്തികേയന് അതി വേഗത്തിൽ സഞ്ചരിക്കുന്ന ഒരു മയിലിനെ സമ്മാനമായി കൊടുത്തു. മിന്നൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു അത്ഭുത
മയിൽ ആയിരുന്നു അത്. ബലവാനായ താരകാസുരനെ വാദിക്കാൻ കെല്പുള്ള ഒരു ശക്തിവേലും നൽകി. തേജോമയനായ കുമാരൻ ശക്തിയെന്ന ദിവ്യയുധം ധരിച്ച് മയിൽ വാഹനത്തിലേറി യുദ്ധത്തിന്നായി യാത്ര തിരിച്ചു.

യുദ്ധവും താരകാസുര വധവും.

കാർത്തികേയന്റെ നേതൃത്വത്തിൽ ദേവ സൈന്യം പോർവിളി മുഴക്കിയതറിഞ്ഞു ചതുരംഗപ്പടകളെ നിരത്തി കൊണ്ട് താരകനും രഥാരൂഢനായി യുദ്ധത്തിനൊരുങ്ങി. ദേവാസുര സൈന്യങ്ങളുടെ പോർവിളി കൊണ്ടു തന്നെ മൂന്നു ലോകങ്ങളും വിറകൊണ്ടു.

പടഹം, കാഹളം, തുടങ്ങിയ യുദ്ധവാദ്യങ്ങ ൾ ഉച്ചത്തിൽ മുഴക്കിക്കൊണ്ടും സിംഹ ഗർജ്ജനങ്ങളുടേയും. ഘോരാട്ടഹാസങ്ങളുടേയും അകമ്പടിയോടും യുദ്ധഭൂമി ഉണർന്നു.

കുമാരൻ അസംഖ്യം അസുരന്മാരെ ഒരു നിമിഷം കൊണ്ട് കൊന്നൊടുക്കി. ഭീമാകാരമായ അസുര ഗാത്രങ്ങൾ സൃഷ്‌ടിച്ച ചോരപ്പുഴയിൽ തേരു കളും അശ്വങ്ങളും മുങ്ങാൻ തുടങ്ങി. അത്യന്തം കുപിതനായ തരകൻ ഉഗ്രബാണ ങ്ങൾ എയ്തുകൊണ്ട് ദേവസൈന്യത്തെ നേരിടാൻ തുടങ്ങി.

താരകാസുരനും കുമാരനും നേർക്കുനേർനിന്ന് യുദ്ധം ആരംഭിച്ചു. തുല്യ ശക്തികൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലായിരുന്നു അത്. താരകൻ കുമാരന്റെ മയൂരത്തിനു നേർക്ക് ആക്രമണം ആരംഭിച്ചു. ശിവതനയൻ അതിനെ പ്രതിരോധിച്ചു. തുടർന്ന് അർദ്ധചന്ദ്രാകൃതിയിലുള്ള അഗ്രങ്ങളോടു കൂടിയ ബാണങ്ങൾ പ്രയോഗിച്ച് കാർത്തികേയൻ ദൈത്യ സൈന്യത്തിന് വൻ നാശം വരുത്തി.

ക്രൂദ്ധനായി തീർന്ന താരകൻ ചില ദിവ്യായുധങ്ങൾക്കൊണ്ട് ദേവസേനപതിയുടെ
ഉടലിൽ ചില മുറിവുകൾ സൃഷ്ടിച്ചു. തുടരെ തുടരെ വിശേഷിപ്പിച്ചു പത്ത് വിശേഷാസ്ത്രങ്ങൾ കൊണ്ട് കുമാരൻ അതിന് മറുപടി കൊടുത്തു.

നിശിതാസ്ത്രങ്ങളേറ്റു തളർന്നുപോയ താരകൻ ഒരു നിമിഷം ബോധം കെട്ടു. വീണ്ടും ഉണർന്ന് അതിഭീകരമായ ശുലം മയിൽ വാഹനത്തിനു നേരെ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ തന്റെ ശക്തിവേൽ കൊണ്ട് കാർത്തികേയൻ അതിനെ ഖണ്ഡങ്ങളാക്കി. പിന്നീട് നടന്നത് ഗദാ യുദ്ധമായിരുന്നു. കുമാരന്റെ ഗദാ താഡന മേറ്റ് താരകന്റെ ഗദ തകർന്ന് ഉടഞ്ഞു.

താരകന്റെ ദിവ്യാസ്ത്രമെല്ലാം പരാജയപെട്ടപ്പോൾ അവൻ കോപിഷ്ടനായി
രത്നദണ്ഡയുക്തമായ “ശക്തിയെ” കുമാരന്റെ നേർക്കു പ്രയോഗിച്ചു. അതുകണ്ട ദേവന്മാരും മഹർഷിമാരും ഭയന്നു വിറച്ചു. ബ്രഹ്മാവ് ബ്രഹ്മർഷിമാരോടൊത്ത് കുമാരന്റെ വിജയത്തിന്നായി പൂജകൾ അനുഷ്ഠിച്ചു. ആ സമയത്ത് കാർത്തികേയൻ താരകാസുരന്റെ “ശക്തിയെ ” തന്റെ ദിവ്യാസ്ത്രമായ “ശക്തിയെ ” കൊണ്ടു തന്നെ ഭസ്മമാക്കി. ആകാശത്തു നിരന്നു നിന്ന് യുദ്ധഗതി വീക്ഷിക്കുകയായിരുന്ന യക്ഷ ഗന്ധർവ്വ കിന്നരന്മാരും, ദേവഗണങ്ങളും കുമാരന്റെ ദേഹത്ത് പുഷ്പവൃഷ്ടി ചൊരിഞ്ഞു.

താരാകൻ പരാജയം സമ്മതിച്ചു പിന്മാറാൻ തയ്യാറല്ലായിരുന്നു. അപ്പോൾ വജ്രായുധവുമായി വന്ന ഇന്ദ്രൻ കുമാരന്റെ സമീപത്തെത്തി അസുരന്മാരെ ഒക്കെ വീഴ്ത്തി. താരകാസുരന്റെ നേർക്ക് ഇന്ദ്രൻ വജ്രായുധം പ്രയോഗിച്ചതോടെ അവർ തമ്മിലായി യുദ്ധം. എന്നാൽ അടുത്ത നിമിഷം മാരക മായൊരു വാളുമായി ദേവേന്ദ്രന്റെ നേരെ താരകൻ ചീറിപാഞ്ഞടു ക്കുന്നത് കണ്ടപ്പോൾ കാർത്തികേയൻ അവന്റെ വാളേന്തിയ കരം മുറിച്ചു താഴെ ഇട്ടു. അവൻ ഉടൻ ഇരുമ്പുലക്കയുമായി കാർത്തികേയന്റെ നേർക്കടുത്തു. ഉടൻ കാർത്തികേയൻ ബ്രഹ്മ ദേവദത്തമായ ബ്രഹ്മ മഹാ ശക്തിയുമായി ആ അസുരനെ നേരിട്ടു. ആ ദിവ്യയുധം ശരീരത്തിലേറ്റതോടെ ആ അസുരനിൽ നിന്നും എട്ടുദിക്കും മുഴങ്ങുമാറുള്ള ഘോരമായ അലർച്ച പുറപ്പെട്ടു. ഒരുവൻ പർവ്വതം തകർന്നു വീഴുമ്പോലെ ആ അസുരൻ പടക്കളത്തിൽ വീണു പിടഞ്ഞു. ഏതാനും നിമിഷങ്ങൾക്ക് ശേഷം ആ പിടച്ചിലും നിന്നു. കാർത്തികേയന്റെ നേതൃത്വത്തിലുള്ള ദേവഗണം വിജയിച്ചു. ദേവന്മാരുടേയും യക്ഷ ഗന്ധർവ്വ കിന്നരന്മാരുടെയും സ്തുതി ഗീതങ്ങളാൽ പ്രകീർത്തിക്കപ്പെട്ട് ശിവ പാർവ്വതിമാരുടെ മുന്നിലേക്ക് ആനയിക്കപ്പെട്ട കുമാരൻ ബ്രഹ്മദേവ നിദ്ദേശപ്രകാരം പാർവ്വതി പരമേശ്വരൻ മാരെ വന്ദിച്ച് അനുഗ്രഹം തേടി.

കുമാരസംഭവത്തിൽ കുമാരന്റെ ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാൽ കുമാരസംഭവം ഒരു അപർണ്ണ കൃതിയാണെന്ന് കരുതുന്നുണ്ട്. എന്നാൽ ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും കാർത്തികേയന്റെ ജനനത്തിന് വഴിയൊരുക്കുക വഴി കഥാ നിർവ്വഹണം പൂർണ്ണമായി എന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments