കൊച്ചി: കേരള കോണ്‍ഗ്രസ് ബിയിലെ ജനാധിപത്യ വിരുദ്ധവും പാര്ട്ടിവിരുദ്ധവുമായ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാകമ്മറ്റിയിലെ 9 നിയോജക മണ്ഡല പ്രസിഡന്റുമാരും അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എന്‍സിപി യില്‍ ചേരുന്നു.
ജൂലൈ 19ന് വെള്ളിയാഴ്ച ഏറണാകുളം അദ്ധ്യാപകഭവനില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് ബി നേതാക്കളടക്കം മുന്നൂറോളം പേര് എന്‍സിപിയില്‍ ചേരും. എന്‍സിപി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് ബി ഏറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്കരന് മാലിപ്പുറത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളാണ് എന്‍സിപിയില്‍ ചേരുന്നത്. ഏറണാകുളം ജില്ലയിലെ 9 നിയോജകമണ്ഡല കമ്മറ്റികളും ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തത്.
ഭാസ്കരന് മാലിപ്പുറത്തിന് പുറമെ വൈപ്പിനില്‍ നിന്നുള്ള ടി എ കുഞ്ഞപ്പന്, സുശില്‍ സുലൈമാന്‍ ( എറണാകുളം ), ജോസ് തോമസ് ( തൃപ്പൂണിത്തുറ ), വി എ ചാക്കോ ( അങ്കമാലി ), ജിമ്മി ജോസ് ( അങ്കമാലി ), സെബാസ്റ്റിയന് ( പെരുമ്പാവൂര്‍ ), ശാന്തി പി കുരുവിള ( തൃക്കാക്കര ) എം വി ഫൈസല്‍ ( കൊച്ചി ), ജസ്റ്റിന് ( മലയാറ്റൂര്‍ ) എന്നിവരാണ് എന്‍സിപി യില്‍ ചേരുന്നത്. എന്‍സിപി യിലെ സംസ്ഥാന നേതാക്കളും ജില്ലാനേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.