നോർത്ത് പ്ലെയിൻഫീൽഡ് (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് (SBSG) മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. റെബേക്ക പോത്തൻ, ഉമ്മൻ കാപ്പിൽ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, സജി എം. പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ സെക്രട്ടറി വർഗീസ് മാത്യു, ട്രഷറർ ആൽബർട്ട് കുഞ്ഞുമോൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. വിജയ് തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് കോർ ടീമിനെയും കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടുത്തുകയും കോൺഫറൻസിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാനും വ്യക്തിഗത അല്ലെങ്കിൽ ബിസിനസ്സ് പരസ്യങ്ങൾ നൽകി കോൺഫറൻസിനെ പിന്തുണയ്ക്കാനും അവർ ഇടവകാംഗങ്ങളോട് ആവശ്യപ്പെട്ടു.

ഉമ്മൻ കാപ്പിൽ ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ, രജിസ്ട്രേഷൻ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെക്കുകയും എല്ലാ ഇടവക അംഗങ്ങളെയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

ജൂലിയ അലക്സ് രജിസ്ട്രേഷനെയും സ്പോൺസർഷിപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകി. ജെന്നിഫർ അലക്സ് റാഫിൾ, സൈറ്റ് & സൗണ്ട് ഷോ എന്നിവയെ കുറിച്ച് സംസാരിച്ചു. അനിൽ തോമസ് കോൺഫറൻസിനെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെക്കുകയും കുട്ടികൾ കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറയുകയും, ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സജി എം. പോത്തൻ കോൺഫറൻസിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും ഇടവക വികാരിക്കും ഇടവകാംഗങ്ങൾക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.
ദേവാലയ വികാരി ഫാ. വിജയ് തോമസ് രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566



