Wednesday, June 24, 2026
Homeഅമേരിക്കശുഭചിന്ത - (139) പ്രകാശഗോപുരങ്ങൾ - (115) 'മഹാന്മാരെ മാതൃകയാക്കുക.' ✍ പി....

ശുഭചിന്ത – (139) പ്രകാശഗോപുരങ്ങൾ – (115) ‘മഹാന്മാരെ മാതൃകയാക്കുക.’ ✍ പി. എം.എൻ.നമ്പൂതിരി

“ ഉദാത്തമാമൊരു ജീവിതം നയിച്ചൊടുവിൽ

   കാലമാം മണൽപരപ്പിൽ കാല്പാടുകൾ

   വിട്ടുകടന്നുപോകാനാവും നമുക്കെ –

   ന്നോർമ്മിപ്പൂ മഹദ്ജീവിത ശൈലികൾ “

ഏതൊരു ജീവിതമണ്ഡലത്തിലും വ്യതിരിക്തരാവുന്നവരെ ആദരിച്ചാൽ മതിയാകും. ആരാധിക്കേണ്ടതില്ല.അവർ ചില കാര്യങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ചു എന്ന് കരുതി എല്ലാത്തിലും എല്ലായ്പ്പോഴും അപ്രതിരോധിതർ ആകണമെന്നില്ല.

ചിലർ ഏതെങ്കിലും ഒരു രംഗത്ത് മറ്റുള്ളവരെ അതിശയിക്കുന്നു എന്നുള്ളതുകൊണ്ടുമാത്രം ആ ആരാധനാമൂർത്തികളെ അതിമാനുഷികരായി കരുതേണ്ടതില്ല. അവർ ഔന്നത്യം പ്രാപിക്കുന്നത് അവരുടെ മിടുക്കുകൊണ്ടല്ല, മറിച്ച് ചുറ്റുപാടുമുള്ളവർ താഴ്ന്ന നിലവാരം പുലർത്തുന്നതുകൊണ്ടാണ്. നമ്മുടെ നിലവാരമില്ലായ്മ അംഗീകരിക്കാൻ നമ്മുടെ പൊങ്ങച്ചം നമ്മെ അനുവദിക്കുന്നില്ല. നാം സ്വയം നിലവാരം കൂട്ടുകയും സ്വയം പുകഴ്ത്തുകയും ചെയ്യുന്നു. സ്വാഭാവികമായും, നമുക്ക് നിലവാരം കൂടി എന്നൊരു തോന്നലുണ്ടായിക്കഴിയുമ്പോൾ, അതിലും നിലവാരം കൂടിയവർ ഉന്നതരോ അതിമാനുഷികരോ ആണെന്ന് നാം കരുതുന്നു.

ഏകാഗ്രതയും ദൃഢചിത്തതയും ഏതു രംഗത്തും വിജയം വരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. എല്ലാവർക്കും ഒരു ഐൻസ്റ്റീനോ, ഷെയ്ക്സ്പിയറോ ആകാനാവില്ല. ആരും അങ്ങനെ ആഗ്രഹിക്കാറുമില്ല. നമുക്കോരോരുത്തർക്കും ഓരോ അഭിരുചിയുണ്ട്. ആ അഭിരുചിയെ നമ്മളിൽ അന്തർലീനമായ പ്രാഗ്‌ ലഭ്യത്തിനും കഴിവിനും അനുരോധമായി വികസിപ്പിച്ചെടുക്കണം. ഉദാഹരണം പറയുകയാണെങ്കിൽ, ചിത്രരചനയിൽ അഭിരുചിയുള്ള ഒരാൾ എഡിസനോ, മാർക്കോണിയോ ആകാൻ ശ്രമിച്ചാൽ അയാൾ ഒരു വിഡ്ഢിതന്നെയെന്നു പറയേണ്ടിവരും. എന്നാൽ ശുഷ്കാന്തിയും ഏകാഗ്രതയും ദൃഢചിത്തതയും ഉണ്ടെങ്കിൽ റെനെയറുടെയൊ ഗോഗിൻ്റെയൊക്കെ നിലവാരത്തിൽ ഒരു പക്ഷെ, അയാൾക്ക് എത്തിച്ചേരാൻ കഴിയും.

എല്ലാ വിദഗ്ദ്ധന്മാരും ഒരു പ്രത്യേക തലത്തിലുള്ള വൈശിഷ്ട്യം പ്രാപിക്കുന്നു. അങ്ങനെ അതിശയിക്കാനാവാത്ത വൈശിഷ്ട്യം പ്രാപിക്കുന്നവരെ ആ രംഗത്തെ മഹാനായി കണക്കാക്കുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, പൊതുജനം ഈ തരത്തിലുള്ള വൈശിഷ്ട്യത്തെ അതിമാനുഷികമായ മഹത്ത്വമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

എൻ്റെ ചില സുഹൃത്തുക്കൾക്ക് പത്രപ്രവർത്തകരോട് വലിയ ആരാധനയായിരുന്നു. പ്രസിഡണ്ട്, പ്രധാനമന്ത്രി ,മറ്റു വിശിഷ്ട വ്യക്തികളോടും അവർ സംസാരിക്കുന്നതിനാൽ പത്രപ്രവർത്തകർ വളരെ മഹാന്മാരാണെന്നായിരുന്നു അവരുടെ അഭിപ്രയം. ഒന്നു മനസ്സിലാക്കുക പ്രിസിഡണ്ടും പ്രധാനമന്ത്രിയും പത്രപ്രവർത്തകരോട് സംസാരിക്കുന്നത് തികച്ചും ഔദ്യോഗിക ആവശ്യങ്ങൾക്കുവേണ്ടിയാണെന്ന് ഞാൻ അവരെ ഓർമ്മിപ്പിച്ചു. അവർക്കും അവരുടെ അഭിപ്രായങ്ങൾക്കും പ്രചാരം ലഭിക്കുന്നതിനു വേണ്ടിയാണ് അവർ പത്രപ്രവർത്തകരോട് സംസാരിക്കുന്നത്.

ഒരുകാര്യം മനസ്സിലാക്കുക: എല്ലാകാര്യങ്ങളും ശരിയായ കാഴ്ചപ്പാടിൽതന്നെ എടുക്കുകയാണെങ്കിൽ നമ്മുടെ സമനില അത്ര പെട്ടെന്നൊന്നും നഷ്ടപ്പെടുകയില്ല.

ചാർളിചാപ്ളിൻ തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്: “ദാരിദ്ര്യം അത്ര ആകർഷകമോ ഔന്നത്യമുണ്ടാക്കുന്നതോ ആയി എനിക്ക് തോന്നിയിട്ടില്ല. ധനികരുടെയും ആഢ്യന്മാർ എന്നറിയപ്പെടുന്നവരുടെയും ഗുണഗണങ്ങളും ഔദാര്യവും കണക്കിലേറെ പുകഴ്ത്തുന്നതുവഴിക്കുള്ള മൂല്യങ്ങളുടെ വളച്ചൊടിക്കൽ മാത്രമാണ് ദാരിദ്ര്യത്തിൻ്റെ ഫലമായി സംഭവിക്കുന്നത്.മറിച്ച് ധനവും പ്രശസ്തിയും ലോകത്തെ ശരിയായ കാഴ്ചപ്പാടിൽ നോക്കിക്കാണാനാണ് എന്നെ പഠിപ്പിച്ചത്. നമ്മളെ എല്ലാവരെയുംപോലെ ശ്രേഷ്ഠന്മാരും കുറ്റങ്ങളും കുറവുകളും ഉള്ളവരാണെന്ന് അവരെ അടുത്തറിഞ്ഞപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു “

ഒരു തൂപ്പുതൊഴിലാളി ചെയ്യുന്നത്ര കുറ്റമറ്റരീതിയിൽ നിരത്തു തൂക്കുവാനോ വിദഗ്ദ്ധനായ ഒരു ഷൂപോളീഷർ ചെയ്യുന്നത്ര ഭംഗിയായി ചെരുപ്പു മിനുക്കുവാനോ നമുക്ക് കഴിയണമെന്നില്ല. അവരുടെ തൊഴിലുകളിൽ അവർ നമ്മെ അതിശയിപ്പിക്കുന്നു എന്നു കരുതി അവർ നമ്മെക്കാൾ മഹാന്മാരാണെന്ന് ഒരിക്കലും പറയാനാകില്ല.

മഹാന്മാരേയും മഹതികളെയും ദിവ്യന്മാരായി കല്പിക്കാനുള്ള ഒരു പ്രവണത നമുക്കുണ്ടെന്നുള്ളത് ഖേദകരമാണ്. അവരുടെ ഗുണങ്ങൾ നമുക്ക് സ്വായത്തമാക്കാനാവില്ല എന്ന് നാം തെറ്റിദ്ധരിക്കുകയാണ്. മഹാന്മാരുടെ ജീവിതകഥ വായിയ്ക്കുമ്പോൾ അവരും ചെറുപ്പത്തിൽ നമ്മളെപ്പോലെയൊക്കെത്തന്നെയായിരുന്നു എന്നു കാണാം.പക്ഷെ, നമ്മൾ ചെയ്യുന്നതുപോലെ അവർ അവരുടെ പൂർവ്വസൂരികളായ മഹാന്മാരെ ദിവ്യന്മാരായി ആരാധിച്ചിരുന്നില്ല; എന്നു മാത്രമല്ല അവരെപ്പോലെ മഹാന്മാരാകുന്നത് സ്വപ്നം കാണാൻ അവർ ദൈര്യമെടുക്കുകയും ചെയ്തു. അവർക്ക് മുൻപ് ഉണ്ടായിരുന്ന പ്രശസ്തരുടെ ജീവിതം അവർക്കു പ്രചോദനമാവുകയും അവരെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്തു.

അന്ധമായ വീരാരാധന ധിഷണയുടെ മുരടിപ്പിനു വഴിതെളിയിക്കുന്നു. ആരാധനാപാത്രങ്ങളുടെ ഗുണങ്ങളെ പർവ്വതീകരിക്കാനും നമ്മുടെ കഴിവുകളെ ലഘൂകരിക്കാനുമുള്ള പ്രവണത നമുക്കുണ്ടാകാറുണ്ട്. നമുക്കും അവർക്കും ഇടയ്ക്കുള്ള അകൽച്ച വലുതാക്കാൻ തമ്മൾതന്നെ കളമൊരുക്കുകയാണ്. ഈ തരത്തിലുള്ള അകൽച്ച കൂടുമ്പോൾ സ്വന്തം കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് അവർക്ക് മിഥ്യാധാരണയുണ്ടാകാൻ തുടങ്ങുകയും തങ്ങളുടെ അന്ധരായ ആരാധകരെ അധമരായി കണക്കാക്കാൻ തുടങ്ങുകയും ചെയ്യും.

വീരനായകരെ അന്ധമായി ആരാധിക്കുന്നതിനു പകരം അവരുടെ മഹത്ത്വത്തിൻ്റെ വിവിധ വശങ്ങളെ അപഗ്രഥിച്ചെടുത്ത് അവയെ കഴിയുന്നത്ര നമ്മുടെ ജീവിതവുമായി ഇണക്കിച്ചേർക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അവരെ ആരാധിച്ചാൽ മാത്രം നമുക്ക് അവരെപ്പോലെയാകാൻ കഴിയില്ല -നമ്മൾ നമ്മളായിത്തന്നെ എന്നും നിലനില്ക്കും. നമ്മുടെ കാലികമായ അവസ്ഥയിൽ നിന്ന് കുറച്ചെങ്കിലും ഉന്നമനം ഉണ്ടാകാനും വിജയത്തിൻ്റെ ചെറിയൊരു അംശമെങ്കിലും നേടിയെടുക്കാനുള്ള ഏക മാർഗ്ഗം മഹാരഥന്മാരുടെ ചെയ്തികൾ അനുകരിക്കുക എന്നതു മാത്രമാണ്.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

2 COMMENTS

  1. നമസ്‌കാരം ഗുരുജി അന്ധമായ ആരാധന മനുഷ്യരുടെ ഒരു ദൂർബലത തന്നെ. ഇത് അവനിൽ സ്വയം വിശ്വാസമാമില്ലായ്മ വളർത്തുന്നു. നല്ല അറിവ് തന്നെ നന്ദി ഗുന്ദജി

  2. സരോജിനി അഭിപ്രായം വളരെ ശരിയാണ് സന്തോഷം സ്‌നേഹം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com