ജീവിതത്താൾ മറിയുമ്പോൾ
മേടമാസത്തിലെ ചൂടിന്റെ ആധിക്യത്താൽ ഇലകൾ കൊഴിഞ്ഞു വീണ വഴിത്താരയിലൂടെ നടക്കുമ്പോൾ ചവിട്ടേറ്റിട്ടും പൊടിയാ തെ ഉണങ്ങിയ ഇലകൾ കൂട്ടമായി പ്രതിരോധിച്ചു നിന്നു.
സ്കൂൾ അഡ്മിഷൻ സമയമാണ്. മധ്യവേനലവധിയ്ക്കിടെനടക്കുന്ന അഡ്മിഷൻ ഡ്യൂട്ടിക്കു അധ്യാപകർ എത്തണം. അങ്ങനെ സ്കൂളിൽ വന്നതാണ്.
മാതാപിതാക്കളുടെ നീണ്ട നിരയാണ്. സ്കൂൾ മുറ്റവും കഴിഞ്ഞ് പള്ളിയുടെ ഗേറ്റു വരെ ക്യൂ നീളുന്നു.
അറിയപ്പെടുന്ന പെൺപള്ളിക്കൂടമായതിനാൽ അവിടെ സീറ്റുറപ്പിക്കാൻ വല്ലാത്ത തിരക്കാണ്.
മരച്ചുവടുതേടി ചിലർ വിശ്രമിക്കുന്നുണ്ട്. കൂട്ടത്തിൽ പ്രായമായ ഒരു സ്ത്രീയും കൂടെ ഒരു പെൺകുട്ടിയും വ്യാകുലപ്പെട്ട് നിൽക്കുന്നതു കണ്ടു.
എന്തുകൊണ്ടോ മിഴികൾ അവരിലുടക്കി.
കുട്ടിയുടെ അമ്മൂമ്മയാണ് കൂടെയുള്ളതെന്നു നിശ്ചയം.
അഡ്മിഷൻ എടുത്തു കഴിഞ്ഞ് അവർ തിരികെ വന്നു പറഞ്ഞു.
“ഇനി ഉസ്കൂളു തുറക്കുമ്പ വന്നാ മതിയാ ടീച്ചറെ”
അതുമതി. ഞാൻ പറഞ്ഞു.
പെൺകുട്ടി നേർത്ത ലജ്ജയോടെ മന്ദഹസിച്ചു.
“തന്തേം തള്ളേമില്ലാത്തതാണു പ്രത്യേകം നോക്കിക്കോണേ ടീച്ചർമ്മാരെ”
അമ്മൂമ്മയുടെ അടുത്ത വരികൾ കുട്ടിയിൽ സങ്കടമല്ല ,അപമാനമാണ് ഉണ്ടാക്കിയതെന്ന് എനിക്ക് അവളുടെ മുഖഭാവം കണ്ടപ്പോൾ തോന്നി. അമ്മൂമ്മ കൈകൂപ്പി നിന്നു.തിരിഞ്ഞു നോക്കാതെയവൾ നടന്നു നീങ്ങി.
മഴ കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ സ്കൂൾ തുറന്ന ദിനം ക്ലാസ് റൂമിൽ ചെല്ലുമ്പോൾ യൂണിഫോമിട്ട മറ്റു കുട്ടികൾക്കിടയിൽ കളർ ഡ്രസ് ഇട്ട് അവൾ ഇരിക്കുന്നു.
പെട്ടെന്നെനിക്ക് ഓർമ്മവന്നു. ഞാനവളെ നോക്കി പുഞ്ചിരിച്ചു. അപരിചിതരുടെ ഇടയിൽപ്പെട്ടതിന്റെ അസ്വസ്ഥതയോടവൾ ചിരിക്കാൻ ശ്രമിച്ചു.
ഹൈസ്കൂളിലേയ്ക്ക് പുതിയ കുട്ടികളെ അന്ന് അധികം ചേർക്കാറില്ല.കാരണം സ്കൂളിലെ യു.പി.സെക്ഷനിൽ നിന്നു തന്നെ ആവശ്യത്തിലധികം കുട്ടികൾ ഹൈസ്കൂളിലേക്ക് പ്രമോഷനായി വരും.
പുതിയതായി ചേർന്ന ഒന്നോ രണ്ടോ കുട്ടികൾ ആദ്യത്തെ ഒരാഴ്ച യൂണിഫോം ധരിക്കാറില്ല.
കളർ ഡ്രസ് ഇട്ടാണ് വരവ്.തയിച്ചു കിട്ടിയില്ല എന്ന ന്യായത്തിനപ്പുറം അവരെ തിരിച്ചറിയാനും പ്രത്യേക പരിഗണന കൊടുക്കാനും അധ്യാപകർക്കു സാധിക്കുമെന്നത് മറ്റൊരു കാര്യമാണ്.
ആദ്യ ദിനം ഉച്ചയ്ക്ക് സ്കൂൾ വിട്ടപ്പോൾ പുതിയതായി ചേർന്ന കുട്ടികളുടെ മാതാപിതാക്കൾ
മിക്കവാറും എല്ലാവരും തന്നെ കുട്ടികളെ കൊണ്ടു പോകാൻ വന്നിരുന്നു.
മുടി രണ്ടായിമെടഞ്ഞ് അത് മുന്നിലേയ്ക്കിട്ട് എണ്ണമയമുള്ള മുഖത്തെ കുരുക്കളിൽ
വിരലോടിച്ചു കൊണ്ടവൾ എന്നോടു പറഞ്ഞു.
” ടീച്ചർ എനിക്കു പഴയ സ്കൂളായിരുന്നു എളുപ്പം. നടന്നുപോകാനുള്ള ദൂരമേയുണ്ടായിരുന്നുള്ളു. ഇപ്പോൾ ബസിലൊക്കെ കയറി പോകാൻ പേടിയാകുന്നു.”
അവൾ വിഷാദഭാവത്തോടെ എന്നെ നോക്കി.
ജീനയ്ക്കു പോകേണ്ട അതേ ബസിൽ കയറുന്ന മറ്റു മൂന്നാലു കുട്ടികളെ കണ്ടുപിടിച്ച് അവളെ അവരോടൊപ്പം പറഞ്ഞുവിടുമ്പോൾ പ്രത്യേകം ഞാൻ പറഞ്ഞു രണ്ടു നേരവും നിങ്ങൾ വരുന്ന ബസിൽ തന്നെ കൂടെ കൊണ്ടു പോകുകയും വരികയും വേണം.
പുതിയ കുട്ടികളെ സ്കൂൾ പരിസരവും മറ്റും പരിചയപ്പെടുത്താൻ കൂട്ടുകാർക്ക് വലിയ താൽപര്യമാണ്. ജീന പെട്ടെന്ന് എല്ലാവരുമായി ഇണങ്ങി.
പിറ്റേന്ന് എല്ലാവരോടും അവരവരെക്കുറിച്ച്എഴുതുവാൻ ഞാൻ ആവശ്യപ്പെട്ടു. ഇഷ്ടമുള്ള വിഷയമേ താണ് ? ആരാകാൻ ആഗ്രഹിക്കുന്നു. ? താൽപ്പര്യങ്ങളും അനിഷ്ടങ്ങളും എല്ലാം ഉൾപ്പെടുത്തി എഴുതണമെന്നു പറഞ്ഞു. പക്ഷേ കുട്ടികൾ എഴുതിത്തീരുന്നതിനു മുൻപേ ബെല്ലടിച്ചു.
പിറ്റേദിവസം കൊണ്ടുവരണമെന്നും മറ്റാരെയും കാണിക്കാതെ എന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും നിർദ്ദേശിച്ചു.
മലയാള ഭാഷയുടെ പ്രാവീണ്യമളക്കാനൊന്നുമല്ലെങ്കിലും അക്ഷരത്തെറ്റുകാരെ കൂടുതൽ ശ്രദ്ധിക്കാനും മോശം കൈയ്യക്ഷരം മെച്ചപ്പെടുത്താനും അതിലുപരി ഓരോരുത്തരെക്കുറിച്ച് മനസിലാക്കാനും ഈ ഹോംവർക്കു മൂലം എനിക്കു കഴിഞ്ഞിരുന്നു.
പിറ്റേന്ന് പകുതിപ്പേർ എഴുതിക്കൊണ്ടുവന്നു. രണ്ടു ദിവസം കൂടി സമയം കൊടുത്തെങ്കിലും ഞാൻ കൂടുതലായി അറിയാനാഗ്രഹിച്ച ജീനയുടെ പേപ്പർ മാത്രം കിട്ടിയില്ല.
ചോദിക്കുമ്പോഴൊക്കെ മറന്നു പോയി എന്നു പറയും. ഇനി മലയാള അക്ഷരമറിയാഞ്ഞിട്ടാണോ എന്നു കരുതി വെറുതെ ഒരു കേട്ടെഴുത്തു മത്സരം നടത്താൻ ഞാൻ തീരുമാനിച്ചു. എഴുത്തു പരീക്ഷ കഴിഞ്ഞ് കൃത്യമായ പദങ്ങൾ ബോർഡിൽ എഴുതിയിട്ടു കൊടുത്തിട്ട് പരസ്പരം കറക്ട് ചെയ്യിപ്പിച്ചു.
മുഴുവൻ ശരിയായ കുറച്ചു പേരുടെ കൂട്ടത്തിൽ ജീനയും എഴുന്നേറ്റു നിന്നു.
ഞാനവളെ എല്ലാവരേക്കാൾ കൂടുതൽ അഭിനന്ദിച്ചു.
നാളെ വരുമ്പോൾ അന്നു തന്നുവിട്ട ഹോം വർക്ക് ചെയ്തു കൊണ്ടുവരണമെന്നു പൊതു നിർദ്ദേശം കൊടുത്ത് ക്ലാസു വിട്ടിറങ്ങിയ എന്റെയൊപ്പം നടന്നു വന്ന് ജീന ഒരു കടലാസ് എന്നെ ഏൽപ്പിച്ചു.
“ഞാനിത് ആദ്യദിവസം തന്നെയെഴുതിയതാണ് ടീച്ചർ. പക്ഷേ നാണക്കേടു കൊണ്ട് തരാത്തതാണ്” എന്നു പറഞ്ഞവൾ നിന്നു.
എന്തിനാണു നാണക്കേടു വിചാരിക്കുന്നത് ഞാനിത് ആരെയും കാണിക്കില്ല. ജീനയ്ക്കു വിഷമമാണെങ്കിൽ തരേണ്ടയെന്നു പറഞ്ഞു.
“അതല്ലടീച്ചർ എന്റെ കുടുംബചരിത്രമറിഞ്ഞാൽ ടീച്ചറിനെന്നോടു പുച്ഛം തോന്നും. അതാണ്. അവൾ തല കുനിച്ചു നിന്നു.”
അതെന്തിന്? എനിക്ക് നിങ്ങളെയെല്ലാവരുടെയും വ്യക്തിപരമായ കാര്യങ്ങൾ അറിയേണ്ടതുണ്ട്.
ടീച്ചറല്ലേ സ്കൂളിൽ വരുമ്പോൾ നിങ്ങളുടെ അമ്മ .
അവൾ പുസ്തകത്താൾ നീട്ടിപ്പിടിച്ച് എന്നോടു പറഞ്ഞു വായിച്ചിട്ട് കീറിക്കളയണം .
നാട്ടിലെല്ലാവർക്കുമറിയാം .പക്ഷേ മറ്റു ടീച്ചേഴ് സൊന്നുമറിയരുത്.
ഭദ്രമായി ഞാൻ ആ ജീവിതത്താൾ സൂക്ഷിച്ചു വെച്ചു .
ചെറിയ അക്ഷരങ്ങളെങ്കിലും വൃത്തിയോടെ അവൾ എഴുതിയത് വീട്ടിൽ കൊണ്ടു പോയാണ് ഞാൻ വായിച്ചത്.
പെറ്റമ്മയുടെ സാന്നിധ്യം എത്രയവൾ കൊതിക്കുന്നുവെന്നു ഓരോവരികളിലും
തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
അവൾ അമ്മയ്ക്ക് എഴുതുന്ന ഒരു കത്തു രൂപത്തിലാണ് സകല വിശേഷങ്ങളും എഴുതിയിരിക്കുന്നത്.
അവസാനത്തെ വരികൾ എന്റെ മിഴി നിറച്ചു.
മാതാപിതാക്കളുടെ പ്രവൃത്തി ദോഷങ്ങൾ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന വ്യഥകളെ കുറിച്ചു മനസിലാക്കിയാൽ ഒന്നിനും മക്കളെ കുറ്റം പറയാൻ പറ്റില്ല. അവർ ഭാവിയുടെ വാഗ്ദാനമാണെന്നു പ്രത്യാശിക്കണമെങ്കിൽ അവർക്കു മാതൃകകൾ തൊട്ടുമുമ്പിൽ വേണ്ടേ?
“എനിക്ക് ഓർമ്മ വെയ്ക്കും മുമ്പ് നിങ്ങൾ മരിച്ചു പോയിരുന്നെങ്കിൽ നിങ്ങളെ ഞാൻ ഒത്തിരി സ്നേഹിച്ചേനേ.”
എന്നെഴുതിയവൾ കത്ത് അവസാനിപ്പിച്ചിട്ടുണ്ട്.
എന്റെ ഹൃദയത്തിലേയ്ക്കാണ് ഈ വരികൾ ആഴ്ന്നിറങ്ങിയത്.
അവളുടെ അപ്പൻ ഉപേക്ഷിച്ചു പോയതാണ്. അമ്മയുടെ വീട്ടിലാണു നിൽക്കുന്നതെന്നെനിക്കറിയാം.
പക്ഷേ അമ്മ ജീവിച്ചിരിക്കുന്നില്ലയെന്ന രീതിയിലാണ് അവളുടെ അമ്മൂമ്മ അന്ന്
സംസാരിച്ചത്.
സ്കൂളിൽ ചെന്നയുടൻ ജീനയെ കാണണമെന്നു തോന്നിയെങ്കിലും ഉച്ചയൂണിന്റെ ഇന്റർവെൽ സമയത്താണ് കാണാൻ കഴിഞ്ഞത് .
അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അപ്പൻ മറ്റൊരു സ്ത്രീയുമായി പോകുമ്പോൾ താമസിക്കാനിടമില്ലാതെ അവർ സ്വന്തം വീട്ടിലേയ്ക്കു തിരികെ ചെന്നതാണ്.
അവിടെ അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും നോക്കി ജീവിക്കുമ്പോഴാണ് ജോലിക്കു പോകുന്ന സ്ഥലത്തെ മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ച് ജീനയുടെ അമ്മ നാടു വിട്ടത്.
കാര്യങ്ങൾ ചുരുക്കി പറഞ്ഞ ശേഷം അവളെന്നെ നോക്കി.
“ടീച്ചർകരുതുന്നുണ്ടാകും എന്റെ പാരന്റ്സ് എത്ര മോശം ആൾക്കാരെന്ന്. അതു ശരിയുമാണ് .
ഞാനും ചേട്ടനും എത്ര നാണം കെട്ടാണ് ജീവിക്കുന്നതെന്നറിയാമോ”
കണ്ണീരിനു പകരം അപമാനത്തിന്റെ തീ പാറുന്ന നയനങ്ങളാണു ഞാനവളിൽ കണ്ടത്.
ഞാനങ്ങനെ ആരെക്കുറിച്ചും ഒന്നും കരുതിയില്ല ജീന . അമ്മൂമ്മ നിങ്ങളെ നന്നായി നോക്കുന്നില്ലേ.?
എന്റെ ചോദ്യത്തിന് അൽപ്പമാലോചിച്ചിട്ടാണ് മറുപടി പറഞ്ഞത്.
” ഉം. അപ്പൂപ്പന്റെ പെൻഷൻ കിട്ടുന്നുണ്ട്. അതുകൊണ്ടു ചെലവൊക്കെ അമ്മൂമ്മ നടത്തും. ചെറിയ പച്ചക്കറി കൃഷിയുണ്ട്.
. ചേട്ടൻ പത്താം ക്ലാസിലായി. അമ്മ ഇറങ്ങിപ്പോയതോടെ അമ്മൂമ്മ നല്ല ചൊടിയോടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ഇതെത്ര കാലമിങ്ങനെ എന്നറിയില്ല. ”
അവൾ നിറുത്തി.
പിന്നെ രോഷത്തോടെ പറഞ്ഞു
” ഒന്നാലോചിച്ച് നോക്ക് ടീച്ചറെ അപ്പനും അമ്മയും രണ്ടു വഴി ഒളിച്ചോടിയ കുട്ടികൾക്ക് നാട്ടിൽ എന്തു വിലയുണ്ടെന്ന് ”
ഞാനെന്താണു പറയാൻ പോകുന്നതെന്നറിയാൻ അവളെന്നെ നോക്കി.
എല്ലാവരും ഉപദേശിക്കുന്നതുപോലെ ടീച്ചർ പറയരുത്. പഠിച്ചു വലിയ ആളായാൽ ഇതെല്ലാം ആളുകൾ മറക്കുമെന്നു മാത്രം ടീച്ചർ പറയരുത്.”
എനിക്കൊന്നും പറയാനില്ലാതായി.
ജീവിതമേൽപ്പിച്ച ആഘാതങ്ങൾ കുട്ടിയെ തല്ലിപ്പഴുപ്പിച്ച പഴം പോലാക്കിയിട്ടുണ്ട്.
അപക്വമായ ചിന്താഗതികളാൽ ഉള്ളു പൊള്ളിയിരിക്കുന്ന ജീനയെ തണുപ്പിക്കാനായി ഞാൻ വിഷയം മാറ്റി.
“ചേട്ടനെങ്ങനെ? നന്നായി പഠിക്കുമോ? ”
ചേട്ടന് എപ്പോഴും പ്രതികാരചിന്തയാ അപ്പനെയും അമ്മയെയും കൊന്നു കളയാനുള്ള ദേഷ്യമുണ്ട്.
ആളു പാവമാണ്. രാവിലെ പത്രമിടാൻ പോകും. ജയിക്കാനുള്ള മാർക്കൊക്കെ കിട്ടുന്നുണ്ട്. പക്ഷേ ഈയിടെയായി അമ്മൂമ്മയുമായി വഴക്കു കൂടും. ഓരോ ചെറിയ കാര്യത്തിന്.”
ജീന അമ്മൂമ്മയെ എല്ലാ കാര്യങ്ങളിലും സഹായിച്ചു കൊടുക്കണം. മറ്റൊന്നും ചിന്തിക്കേണ്ട.
കിടക്കാനൊരിടവും അമ്മയുടെ സ്ഥാനത്ത് അമ്മൂമ്മയും ഉണ്ടല്ലോ. ഇതൊന്നുമില്ലാത്ത എത്ര പേരാണുള്ളത്.
പഠനത്തിൽ ശ്രദ്ധ കൊടുക്ക്. പോയവരെ കുറിച്ചോർത്തു സമയം കളഞ്ഞിട്ടെന്തിന്.
ഉപദേശമിഷ്ടമല്ലെന്നറിയാമെങ്കിലും ഞാനൊരു വിധം എന്തൊക്കെയോ പറഞ്ഞു മനസിലാക്കി അവളെ ക്ലാസിലേയ്ക്ക് അയച്ചു.
എത്രയെത്ര കുട്ടികൾ ഇങ്ങനെ ക്ലാസിൽ വന്നിരുന്ന് പഠിപ്പിക്കുന്നതു വളരെ ശ്രദ്ധിക്കുന്നതുപോലെയിരിക്കും പക്ഷ അവരുടെ മനോ വ്യാപാരങ്ങൾ ആരെങ്കിലുമറിയുന്നുണ്ടോ ?
പഠിക്കാൻ താൽപ്പര്യമില്ലാത്തതിനും മറ്റു പല കാര്യങ്ങൾക്കും കുറ്റപ്പെടുത്തുന്നതിനും ഒരു പാടു പേരുണ്ട്.
അവരുടെ ജീവിത ചുറ്റുപാടുകൾ ഭംഗിയാക്കി കൊടുക്കേണ്ടവർ തന്നെ നിഷ്കരുണം ഉപേക്ഷിച്ചതിനെക്കുറിച്ച് ആരും പറയുന്നില്ല .
പകരം കുട്ടികളെ പരിഹസിച്ചും അപമാനിച്ചും രസിക്കുന്നു.
ഓരോന്നോർത്തു മനസ് വല്ലാതെ നീറി.
ഒരു ദിവസം അമ്മൂമ്മ ഉച്ചസമയത്ത് സ്കൂളിൽ വന്നു. അവിടെ അടുത്ത് പെൻഷന്റെ കാര്യത്തിന് വന്നതാണ്.
പേരക്കുട്ടിയുടെ ടീച്ചറെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതിയെന്നു പറഞ്ഞു.
ജീനയെ ക്ലാസിൽ നിന്നു വിളിപ്പിച്ചു.
“എന്തിനാ ഒറ്റയ്ക്ക് ബസിലൊക്കെ കയറി വന്നത്. ശനിയാഴ്ച ഞാനും കൂടി വരാമെന്നു പറഞ്ഞതല്ലേ!” ജീന അമ്മൂമ്മയെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു.
“നിന്നെ ഉസ്കൂളില് കൊണ്ടാക്കിയിട്ട് വിവരോന്നും അറിഞ്ഞില്ല. ടീച്ചറെ കൂടി കാണാമെന്നു വെച്ചു. പടിഞ്ഞാറേതിലെ ഷീലയും ഉണ്ടായിരുന്നു കൂട്ടിന്. അവർ പുറത്ത് കടയിലുണ്ട്. ”
അവർ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
“ടീച്ചറേ എല്ലാം അറിയാല്ലോ അപ്പനും അമ്മയും ഞാനാണിപ്പോൾ. ഇതുങ്ങളുടെ കണ്ണുതെളിഞ്ഞിട്ടു വേണം എനിക്കു കണ്ണടക്കാൻ”
നിശബ്ദയായി നിന്നിരുന്ന ജീന പെട്ടെന്ന് പ്രകോപിതയായ പോലെ പറഞ്ഞു.
“എന്തു പറഞ്ഞാലും ചാകണ കാര്യമേയുള്ളു. മോളു പോകുന്നതിനു മുമ്പ് ഞങ്ങളെ കൊന്നിട്ടു പോകാൻ പറയാമായിരുന്നില്ലേ”
ഞാൻ പെട്ടെന്ന് ജീനയെ ശകാരിച്ചു. അമ്മൂമ്മയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത്.
“അവളു വിഷമം കൊണ്ട് പറയണതാ ടീച്ചറെ. ഞാനും കൂടി പോയാൽ ഇതുങ്ങൾക്കാരുണ്ട്. ”
ഞങ്ങൾ മൂന്നാളുടെയും കണ്ണ് ഒരു ഞൊടിയിട കൊണ്ട് നിറഞ്ഞു.
“പേരക്കിടാങ്ങൾക്കു അവരുടെ അപ്പൻ ഇട്ടേച്ചു പോയതിൽ ഒരു വിഷമവുമില്ല. എന്റെ മോള് അതായത് ഇവരുടെ അമ്മ പോയതാ ദേഷ്യം.
അവൾക്കൊരു ജീവിതം വേണ്ടേ ടീച്ചറെ. ഞാനവളെ കുറ്റം പറയില്ല. രണ്ടു മക്കളുമായി അവൾ പെടാപ്പാടുപെടുന്ന സമയത്താ അവൻ ഇട്ടേച്ചു പോയത്”
അവർ കണ്ണീരൊപ്പി.
“അമ്മ ഞങ്ങളെക്കുറിച്ചോർത്തോ ഒരു നിമിഷമെങ്കിലും.? അമ്മൂമ്മ എപ്പോഴും മോളുടെ ഭാഗത്താ.”
വെറുപ്പു നിറഞ്ഞ മുഖത്തോടെ ജീന ശബ്ദമുയർത്തി.
“അവളു പോയതു നന്നായി .ജീവിതം മുഴുവൻ കഷ്ടപ്പെട്ട് നിങ്ങളെ വളർത്തും. നിങ്ങൾ നിങ്ങളുടെ പാട്ടിനു പോകും ”
അമ്മൂമ്മയും കൊച്ചുമകളും തമ്മിലുള്ള വാഗ്വാദം അധികം നീണ്ടു പോകാൻ ഞാനനുവദിച്ചില്ല.
രണ്ടു പേരെയും ഓരോന്നു പറഞ്ഞാശ്വസിപ്പിക്കുമ്പോൾ അവർ പെട്ടെന്ന് പറഞ്ഞു
“ടീച്ചറെ ദൂരെയാണെങ്കിലും എന്റെ മകൾ വേലയെടുത്തതിൽ പങ്ക് ഞങ്ങൾക്കയയ്ക്കും. അല്ലാതെ എന്റെ ചെറിയ പെൻഷൻ കൊണ്ടൊന്നുമല്ല ഇവരിങ്ങനെ ഒരു കുറവുമില്ലാതെ ജീവിക്കുന്നത്.”
നിമിഷനേരം മൗനമായിരുന്ന ജീന പരാജിതയെപ്പോലെ പറഞ്ഞു.
“ഇത് ഞങ്ങൾക്കറിയില്ലായിരുന്നു. ഇതിലും നല്ലത് വല്ല അനാഥാലയത്തിൽ ഞങ്ങളെ കൊണ്ടു പോയി വിടുന്നതാണ് ”
പറഞ്ഞു പോയത് അബദ്ധമായതു പോലെ വിഷണ്ണയായി അമ്മൂമ്മ നിന്നു.
ഞാനവരെ ആശ്വസിപ്പിച്ചയച്ചു. ജീനയെ ഞാൻ പറഞ്ഞു മനസിലാക്കാം. അവൾ നന്നായി പഠിക്കുന്നുണ്ട്. ഇവിടെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം.
കോപവും താപവും കൊണ്ടിരുണ്ട മുഖത്തോടെ ജീന മുഖം കുനിച്ചു നിന്നു.
അവളെ പറഞ്ഞാശ്വസിപ്പിക്കാൻ ഞാൻ ഒരുപാടു ബുദ്ധിമുട്ടി.
കാലമേറെക്കഴിഞ്ഞു.ഞാൻ ജീനയെ ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ജോലിക്കാരിയായി കണ്ടുമുട്ടി.
കൃത്യമായി സ്ഥലമെവിടെയെന്നു പറയുന്നില്ല.
ക്യൂവിൽ നിന്ന എന്റെ ബാഗു വാങ്ങി എന്നെവിളിച്ചു കൊണ്ടുപോയി ഓഫിസിനകത്ത് സീറ്റിലിരുത്തി .അവൾ സ്നേഹം കൊണ്ടെന്നെ പൊതിഞ്ഞു.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞു
സഹോദരൻ ഗൾഫിലാണ്. അമ്മൂമ്മ സുഖമായിരിക്കുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ട്.
തിരക്കിലും വർത്തമാനം പറഞ്ഞ ശേഷം എന്റെ നമ്പർ വാങ്ങിപ്പിരിയുമ്പോൾ അവൾ പറഞ്ഞു അന്നു ടീച്ചർ പറഞ്ഞ രണ്ടു കാര്യങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ട്.
ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി പഠിച്ച് ജോലി നേടണം. നിനക്കു ലഭിക്കാത്തത് നിന്റെ മക്കൾക്കു കൊടുത്ത് മധുരമായ പകരം വീട്ടിയാൽ മതിയെന്ന്. രണ്ടും ചെയ്യുന്നു.
ഞാനിതെപ്പോൾ പറഞ്ഞു. ? ഞാൻ ചിരിച്ചുപോയി.
അതു പിന്നെ ടീച്ചർ എത്ര കുട്ടികളെ കാണുന്നു. ഞങ്ങൾക്ക് നിങ്ങളോരോ അധ്യാപകരും പറയുന്നത് വേദവാക്യം പോലെ മനസിൽ പതിയും.
എനിക്കു വേണ്ടുന്ന ഓഫീസ് സഹായമൊക്കെ അവൾ പൊടുന്നനെ നടത്തിത്തന്നതു കൊണ്ട് ഞാൻ വേഗം പുറത്തേയ്ക്ക് ഇറങ്ങി.
വെറുതെ ചിന്തിച്ചു കൊണ്ടു നടന്നു.
കുറച്ചു കൂടി നല്ല അധ്യാപികയാകാൻ ഇനി അവസരമില്ലല്ലോ.




ചൂരൽ കഷായത്തിന്റെ കയ്പുനീരിനപ്പുറം അറിവാമൃതത്തിന്റെ അക്ഷരപുണ്യമൂട്ടിയ അധ്യാപികമാരെ അകതാരിലണയാത്ത വെളിച്ചമായ് എന്നും ഓർക്കപ്പെടും.നന്മയുടെ നല്ലെഴുത്ത്…..
നല്ല അധ്യാപികയ്ക്ക് കുട്ടികളുടെ ജീവിതത്തിൽ മാതൃകയും അമ്മയും ആകുവാൻ കഴിയും എന്നതാണ് ജീവിതത്താൾ മറിയുമ്പോൾ എന്ന അധ്യാപനക്കുറിപ്പിലുടെ വായിച്ചറിഞ്ഞത്……. ജീനയുടെ ജീവിതത്തിൽ പ്രയാസങ്ങളുടെ നടുവിലും അധ്യാപിക പകർന്നു കൊടുത്ത ആത്മവിശ്വാസം, പറയുന്ന കാര്യങ്ങൾ ഉൾകൊണ്ട് പ്രാവർത്തികമാക്കി വിജയം നേടി പിന്നിട്ട് അധ്യാപികയ്ക്ക് ആ സ്നേഹവും പരിഗണനയും തിരിച്ചു നൽകുന്നത്….. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്….. നല്ല എഴുത്ത്❤️❤️❤️❤️