കരിയിലകൾ വീണുകിടക്കുന്ന, വള്ളിപ്പടർപ്പുകൾ
നിറഞ്ഞ ആ ശാന്തമായ ഇടം. മാളുവമ്മ എന്നും സന്ധ്യാനേരങ്ങളിൽ അവിടെ വന്ന് വിളക്കുവെച്ചു പ്രാർത്ഥിക്കും.
സർപ്പക്കാവ് അതൊരു കേവലമായ കാവല്ല, പ്രകൃതി സഹസ്രാബ്ദങ്ങളായി അനുഷ്ഠിച്ചു പോരുന്ന ഒരു മഹത്തായ തപസ്സാണ്. മാനം മുട്ടേ വളർന്നു നിൽക്കുന്ന വൻമരങ്ങൾ തങ്ങളുടെ നിബിഢമായ
ഇലച്ചാർത്തുകൾ കൊണ്ട് സുര്യനെപോലും മണ്ണിലിറങ്ങാൻ അനുവദിക്കാതെ കാവൽ നിൽക്കുന്നു.
വാനിൽ നിന്നും ഊർന്നിറങ്ങിയ ജടകളെപ്പോലെ മരങ്ങളിൽ വെള്ളികൾ തൂങ്ങിക്കിടക്കുന്നു. കാറ്റൊന്ന് വീശുമ്പോഴോ, മരങ്ങൾ തമ്മിലുരസുമ്പോഴോ കേൾക്കാം, ആയിരം വർഷം പഴക്കമുള്ള മന്ത്രങ്ങളുടെ മൃദുവായ മർമ്മരം. ഓരോ കരിയിലയനക്കത്തിലും ഒരു നിഗൂഢതമായ ചരിത്രം ഇവിടെ ഉറങ്ങി കിടപ്പുണ്ട്.
സർപ്പം തുള്ളലിന്റെ ദൃശ്യചാരുത വർഷാവർഷം നടത്തുന്ന വെള്ളരി യിടലിനെക്കാൾ ഉപരിയായി, നാലോ അഞ്ചോവർഷം കൂടുമ്പോൾ തറവാട്ടിൽ അരങ്ങേറുന്ന “സർപ്പം തുള്ളൽ” ഒരു വലിയ അനുഷ്ഠാനമാണ്.
അത് കേവലം ഒരു ചടങ്ങല്ല, വിശ്വാസത്തിന്റെയും കാത്തിരിപ്പിന്റെയും ഒരു മഹോത്സവമാണ്.മഞ്ഞൾപ്പൊടിയുടെ മഞ്ഞയും, ഉമിക്കരിയുടെ കറുപ്പും
അരിപ്പൊടിയുടെ വെണ്മയും ചേർന്ന് തറയിൽ വിരിയുന്ന നാഗക്കളങ്ങൾ കണ്ടാൽ ഏതൊരു ശിൽപ്പിയും വിസ്മയിച്ചു പോകും.
പുള്ളുവകുടത്തിന്റെ താളം അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ, ആ താളത്തിനൊത്ത് നിലവിളക്കിന്റെ വെളിച്ചം നാഗാക്കളങ്ങളിൽ തട്ടി പ്രതിഫലിക്കും.
പുള്ളുവൻ പാട്ടുകൾ, കൊടുംബിരിക്കൊള്ളുമ്പോൾ പൂങ്കുലയും കയ്യിലേന്തി ഉറഞ്ഞുതുള്ളുന്ന കന്യകമാർ നാഗാത്മഭാവം ആവാഹിച്ചതുപോലെ നീങ്ങുന്നു. ആ കളങ്ങൾ മായ്ക്കപ്പെടുമ്പോൾ, സർപ്പദൈവങ്ങളുടെ അനുഗ്രഹം തറവാട്ടിലേക്ക് ഐശ്വര്യമായി പെയ്തിറങ്ങുന്നു എന്നാണ് വിശ്വാസം.
സ്നേഹത്തിന്റെ ഒത്തുചേരൽ സർപ്പം തുള്ളലിന്റെ നാളുകളിൽ സ്നേഹകുടീരം വീണ്ടും ജീവൻ വെയ്ക്കും. നഗരത്തിരക്കുകളിൽ ഓടിത്തളർന്ന കുടുംബാംഗങ്ങൾ ഓരോരുത്തരായി തറവാട്ടു മുറ്റത്തെത്തുമ്പോൾ, അടഞ്ഞു കിടന്ന അറകൾ തുറക്കപ്പെടും. ഓരോ മൂലയ്ക്കും ഓരോ കഥ പറയാനുണ്ടാകും.
സർപ്പം തുള്ളലിന്റെ ദൃശ്യചാരുത വർഷം തോറും സർപ്പങ്ങൾക്ക് വെള്ളരിയിടലും, നാലോ അഞ്ചോ വർഷങ്ങൾ കൂടുമ്പോൾ വലിയൊരു അനുഷ്ഠാനമായി സർപ്പം തുള്ളലും ഇവിടെ നടത്താറുണ്ട്. അതൊരുത്സവമാണ്; വിശ്വാസത്തിന്റെയും കാത്തിരിപ്പിന്റെയും.
കളം വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. മഞ്ഞൾ, കരി, അരിപ്പൊടി, മറ്റു വർണ്ണധൂളികൾ എന്നിവകൊണ്ട് തറയിലെഴുതുന്ന നാഗക്കളങ്ങൾ കണ്ടാൽ ശില്പചാതുരിയെന്ന് തോന്നും.
പൂജകൾക്കു ശേഷം പുള്ളുവർ സ്തുതി പാടാൻ തുടങ്ങും. അവരുടെ വാദ്യമായ പുള്ളുവകുടത്തിന്റെ താളം അന്തരീക്ഷത്തിൽ നിറയുമ്പോൾ, പൂജാമുറിയിലെ നിലവിളക്കുകൾ കളത്തിന് ചുറ്റും തൂങ്ങിക്കിടന്ന് വർണ്ണക്കാഴ്ചകൾക്ക് ശോഭ കൂട്ടും. വിളക്കുകളുടെ മൃദുവായ വെളിച്ചത്തിൽ, സർപ്പക്കളം മനോഹരമായൊരു സ്വപ്നം പോലെ തിളങ്ങിനിൽക്കും.
കളം വരച്ചു കഴിഞ്ഞാൽ, കുടുംബാംഗങ്ങൾ ഭക്തിയോടെ കളം തൊഴുതു പ്രദക്ഷിണം വെക്കും. തറവാട്ടിലെ കാരണവർ കളപൂജ നടത്തും. അതിനുശേഷം പുള്ളുവൻ തിരിയുഴിച്ചിൽ നടത്തുന്നത് ഒരു ശുദ്ധീകരണ ചടങ്ങ് പോലെയാണ്.
തുടർന്ന്, കുരുത്തോലയും കവുങ്ങിൻ പൂങ്കുലയും കയ്യിലേന്തി കന്യകമാർ കളത്തിൽ പോയിരിക്കും. പുള്ളുവൻ പാട്ടുകൾ കൊടുമ്പിരിക്കൊള്ളുമ്പോൾ അവർ ഉറഞ്ഞുതുള്ളി നൃത്തമാടും.
നാഗങ്ങൾ ദേഹത്ത് ആവാഹിക്കപ്പെട്ടതുപോലെ നിരങ്ങി നീങ്ങി, ആ ദിവ്യമായ കളം അവർ പൂർണ്ണമായും മായ്ച്ചുകളയും. അതോടെ ഒരു വർഷത്തേക്കുള്ള ഐശ്വര്യം തറവാട്ടിൽ കുടികൊള്ളുമെന്നാണ് വിശ്വാസം.




🙏