ദേശത്തിൻ്റെ ഉത്ഭവം
ബോംബെയിലേയ്ക്ക് ആര്യന്മാർ ആദ്യമായി കുടിയേറി പാർത്തു തുടങ്ങിയതിൻ്റെ സ്വഭാവം മുമ്പ് വിവരിച്ചുവല്ലോ. ബാക്കി മൂന്ന് സ്ഥലങ്ങളിലേയ്ക്കുണ്ടായ കുടിയേറ്റത്തിൻ്റെ തുടക്കം ഏതാണ്ട് അതുപോലെ തന്നെയായിരിക്കും നടന്നിരിക്കുക. പക്ഷെ അവിടന്നങ്ങോട്ടുള്ള കുടിയേറ്റക്കാരുടെ സാമൂഹ്യജീവിതത്തിലും വ്യാപ്തിയിലും കേരളത്തിലെ ആര്യന്മാർ പല പരിഷ്ക്കാരങ്ങൾ വരുത്തി;അവരിൽ നിന്നെല്ലാം ഭിന്നമായ ഒരു മാർഗ്ഗം സ്വീകരിച്ച് നടപ്പാക്കുകയും ചെയ്തു. ഈ ഭിന്നത്വം കേവലം ലൗകിക കാര്യങ്ങളിൽ മാത്രമല്ല വൈദികവിഷയങ്ങളിൽ കൂടി സ്വീകരിക്കുകയുണ്ടായി. വൈദികകാര്യങ്ങളിൽ വരുത്തിയ ആ വകഭേദങ്ങളെ- പരിഷ്ക്കാരങ്ങളെ ശരിയായ വിധത്തിൽ മനസ്സിലാക്കുവാൻ ആ ആചാരങ്ങളെ യഥാവിധി പരിശീലിച്ച് അനുഷ്ഠിച്ചുവരുന്നവർക്കല്ലാതെ സാധ്യമല്ല. അതോടൊപ്പം ഒരു പരമാർത്ഥം കൂടി വായനക്കാരുടെ ദൃഷ്ടിയിൽ പെട്ടുത്തേണ്ടതായിട്ടുണ്ട്. അതെന്തെന്നാൽ കേരളീയരായ ബ്രാഹ്മണരുടെ – നമ്പൂതിരിമാരുടെ ജീവിതത്തിൽ കേവലം ലൗകികം മാത്രമായ യാതൊരു ആചാര നടവടികളുമില്ലെന്നും -അല്ലെങ്കിൽ ഉണ്ടായിരുന്നില്ലെന്നും നിത്യജീവിതത്തിലെ എല്ലാ കൃത്യങ്ങളെയും ഏർപ്പെടുത്തിയിരിക്കുന്നതും ആചരിച്ചുവന്നിരുന്നതും വൈദികത്തോടും മതത്തോടും ബന്ധിച്ചുകൊണ്ടാണെന്നുമുള്ളതാണ്. അതിനാൽ വൈദികത്തെ മുഴുവൻ മാറ്റിനിർത്തികൊണ്ട് ലൗകികത്തെ മാത്രമായി പറയുക സാധ്യമല്ല. എന്നാൽ എനിക്കിവിടെ പറയാനുള്ളത് ലൗകികം മാത്രമാണെങ്കിലും അവയിൽ പലതിൻ്റേയും ശരിയായ താല്പര്യം വെളിപ്പെടുത്താൻ കുറച്ചൊക്കെ വൈദികവിഷയങ്ങളെക്കൂടി പ്രതിപാദിക്കപ്പെടാതെ സാദ്ധ്യമല്ലെന്നും വരും. വൈദിക വിഷയങ്ങളെ ഇവിടെ പ്രസ്താവിച്ചു കാണുന്നതു ആ കാരണത്താലാണെന്നുകൂടി വായനക്കാരെ അറിയിക്കാൻ താല്പര്യമുണ്ട്.
അവർ ഇവിടെ വരുത്തിയ പ്രധാന പരിഷ്ക്കാരങ്ങൾ കുടി പാർക്കുന്ന രീതിയിലും സാമൂഹിക ജീവിതത്തിലുമാകുന്നു. സിന്ധിയിൽ അവർ പാർത്തു വരുന്നതും പാലക്കാട്ടും മറ്റുമുള്ള പട്ടന്മാരെപ്പോലെ – അഥവാ കേരളത്തിലെ ക്രിസ്ത്യാനികളെപ്പോലെ നടുക്കു പൊതുവഴിയും വഴിയുടെ ഇരുവശങ്ങളിൽ ഗൃഹങ്ങളുമുള്ള ഗ്രാമങ്ങളായിട്ടാണല്ലോ. അന്യോന്യമുള്ള സഹകരണത്തെ ഉദ്ദേശിച്ചും, കള്ളന്മാരിൽ നിന്നും മറ്റുമുള്ള രക്ഷയ്ക്കു വേണ്ടിയുമാണ് അവിടങ്ങളിൽ അവർ ആ സമ്പ്രദായം സ്വീകരിച്ചിരുന്നത്. ഈ അർത്ഥത്തിൽ അത് ഉപയോഗപ്രദമായിരിക്കാം. നടുവിലുള്ള പൊതുവഴിയിൽ നിന്നുകൊണ്ട് മുൻവശം കണ്ടാൽ ഭംഗിയും വൃത്തിയും ഉണ്ടെങ്കിലും ആ വീട്ടുകളുടെ പിൻഭാഗം – പൃഷ്ടഭാഗം- അത്ര സുഖകരമായ കാഴ്ചയല്ല. പലപ്പോഴും മലിനതയും വൃത്തികേടുമായിരിക്കും അവിടെ കാണുക. പകർച്ചവ്യാധികൾ വരാനും വന്നാൽ വിട്ടു പോകാതിരിക്കാനും അത് കാരണമാകുമല്ലോ. തുടർന്ന് ആ രീതി ഉപേക്ഷിക്കുകയും അതിൽ നിന്ന് വ്യത്യസ്തമായികൊണ്ട് ഓരോ പറമ്പിൽ ഓരോ വീടെന്ന സമ്പ്രദായം സ്വീകരിക്കുകയും ചെയ്തത് അവയിലൊന്നാകുന്നു.
അനേക നാഴിക ദൂരത്ത് – സിന്ധിയിൽ – നിന്നും കപ്പൽമാർഗ്ഗം വന്ന ആര്യന്മാരും അവരുടെ കൂടെ ഭൃത്യന്മാരുമായി കൊണ്ടുവന്ന വിശ്വസ്തന്മാരായ നാഗന്മാരും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവർ കുടിപാർക്കുന്ന പ്രദേശമൊഴിച്ച് ബാക്കി സ്ഥലം മുഴുവൻ ജനവാസമില്ലാത്ത കാടായിരുന്നുവല്ലോ. അതിനാൽ പുറമേയെങ്ങും കള്ളന്മാരോ കവർച്ചക്കാരോ ഉണ്ടായിരുന്നില്ല. ഈ നാഗന്മാരാണെങ്കിൽ ആര്യന്മാരുമായി അടുത്ത് പെരുമാറി എടപഴകുന്നവരാകയാൽ സംസ്ക്കാരത്തേയും സ്വഭാവത്തേയും സംബന്ധിച്ചിടത്തോളം ഏതാണ്ടൊക്കെ ആര്യന്മാരെപ്പോലെയാവുകയും ചെയ്തിരിക്കും. ഇങ്ങനെ ഒറ്റ ഒറ്റ വീടുകളായി നിർഭയം താമസിക്കാൻ സാധിച്ചതിനു കാരണമതായിരിക്കാം.
മുമ്പൊരിക്കൽ ആദ്യമായി കേരളത്തിൽ വന്ന ഒരു തമിഴൻ ഇവിടത്തെ ഈ കുടിപാർപ്പുസമ്പ്രദായം കണ്ടിട്ട് അത്ഭുതപ്പെടുകയും ഇങ്ങനെ പറയുകയും ചെയ്തു: ” വലുതായ പറമ്പിൻ്റെ നടുവിൽ ഒരു വിടുമാത്രമായാൽ എങ്ങനെയാണതിൽ താമസിക്കുക.? കള്ളന്മാരിൽ നിന്ന് ഉപദ്രവമുണ്ടാവില്ലെങ്കിലും രാത്രിയിൽ ഒറ്റയ്ക്ക് താമസിക്കാൻ ഭയമാവില്ലേ? വിളിച്ചാൽ കേൾക്കത്തക്ക ഒരയൽവക്കക്കാരനും കൂടിയില്ലല്ലോ.” എന്ന്. അവർ നടപ്പാക്കിയ ഒന്നാമത്തെ പരിഷ്ക്കാരമിതാണ്. ഇതിനെത്തുടർന്ന് മറ്റെങ്ങുമില്ലാത്ത പല പരിഷ്ക്കാരങ്ങൾ വേറേയും അവർ ഇവിടെ വരുത്തിയിട്ടുണ്ട്. അവയേയും പറ്റി കുറച്ചൊന്ന് ഈ സന്തർഭത്തിൽ വിവരിക്കേണ്ടിയിരിക്കുന്നു.
അവർ ഇവിടെ താമസമാരംഭിച്ചതു സ്വയംപര്യാപ്തമായ ദേശങ്ങളായിട്ടായിരുന്നു. ഒരു പ്രദേശത്തുണ്ടാക്കുന്ന വിളവുകൊണ്ട് എത്ര കുടുംബക്കാർക്ക് ചിലവിന് മതിയാകുമോ അത്രയും കുടുംബക്കാർ മാത്രമാണ് അവിടെ താമസിച്ചിരുന്നത്.
അടുത്ത പ്രദേശത്ത് മാർക്കറ്റോ പീടികയോ ഉണ്ടാവാനിടയില്ലാത്ത ഇത്തരം കുടിയേറ്റത്തിൽ സ്വാഭാവികമായിട്ട് അങ്ങനെ വരുവാനാണ് സാധ്യത. അത്തരത്തിലുള്ള ഓരോ പ്രദേശത്തിനും ദേശമെന്നും പേരിട്ടു.ദേശത്തിൻ്റെ വലുപ്പം നിശ്ചയിക്കുന്നതിന് അത് മാത്രമായിരുന്നു അടിസ്ഥാനം. അതിനാൽ 10 ഉം 15ഉം വീടുകൾ മാത്രമുള്ള ചെറിയ ദേശങ്ങൾ മുതൽക്കു വിളവിൻ്റെ തോതനുസരിച്ച് 50ഉം 100 ഉം വീടുകളുള്ള ദേശങ്ങൾ ഉണ്ടായി. ജനങ്ങളുടെ സുഖജീവിതത്തിനു നെല്ല് മാത്രമുണ്ടായാൽ പോരല്ലോ.
ആദ്യത്തെ 10-15 ആര്യത്തറവാടുകളും അവരുടെ ഭൃത്യന്മാരായി 3 – 35 നാഗക്കുടികളും ( വീടുകളും) ആയിട്ടായിരിക്കുമല്ലോ ഒരു ദേശമുണ്ടായത്. ആവലിനാവൽ വിരുന്നിനു വന്നാൽ അങ്ങേ കൊമ്പത്തും തൂങ്ങിക്കോ എന്ന് പറഞ്ഞപോലെയായിരുന്നു അവിടുത്തെ സ്ഥിതി.
(തുടരും.)



