സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് അയവില്ല. ഇന്നലെ 13,187 പേർക്ക് പകർച്ചപ്പനി ബാധിച്ചു പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ഡ്രൈ ഡേ ആചരിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന നിപ രോഗബാധിതന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.
രോഗി അബോധാവസ്ഥയിലാണ്. നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയതു ആശ്വാസമായി.
സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് നാല് പേർക്കും, മലപ്പുറത്തും കണ്ണൂരും മൂന്ന് പേർക്ക് വീതവും ,പാലക്കാട് രണ്ട് പേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 209 ഷിഗെല്ല രോഗബാധയാണ്.
സൗത്ത് സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ് ആയി. പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയ്യാറാക്കാൻ ഹൈപവർ കമ്മറ്റി യോഗം ചേർന്നിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നാണ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസത്തിൽ 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.



