എറണാകുളം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ വൈദ്യുതി നിലച്ചതില്‍ കെഎസ്ഇബിയില്‍ എത്തി വേറിട്ട പ്രിതിഷേധവുമായി യുവാക്കള്‍. പോര്‍ച്ചുഗല്‍ -കോംഗോ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ഇബി ഓഫീസില്‍ എത്തി മത്സരം കണ്ടാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. ഇന്നലെ രാത്രി കാഞ്ഞൂര്‍ പുതിയേടം കെഎസ്ഇബി ഓഫീസിലായിരുന്നു യുവാക്കളുടെ വേറിട്ട പ്രതിഷേധം.
വീണ്ടും വൈദ്യുതി മുടങ്ങിയാല്‍ സമാന പ്രതിഷേധം തുടരുമെന്ന് യുവാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് വൈകിട്ട് 6 മുതല്‍ 12 മണിക്കിടയില്‍ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി പറഞ്ഞിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമര്‍ശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാല്‍ വൈദ്യുതി ഉപേയോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ഉയര്‍ന്ന സമ്മര്‍ദം താങ്ങാനാകാതെ പ്രസരണ ലൈനുകള്‍ ചിലയിടങ്ങളില്‍ ഡ്രിപ്പ് ആകുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ പരമാവധി 15-20 മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



