യുഎസുമായുള്ള പുതിയ സമാധാന കരാർ ലംഘിച്ചാൽ ഇറാന്റെ മേൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക യുദ്ധവിരാമ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി.
അവർ കരാർ ലംഘിച്ചാൽ ഞങ്ങൾ ബോംബെറിഞ്ഞ് അവരെ തകർക്കും. എന്നാൽ അവർ കരാറിനെ ബഹുമാനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,’ ജി7 ഉച്ചകോടിക്കിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.
അടുത്ത 60 ദിവസത്തിനുള്ളിൽ ചർച്ചകളിലൂടെ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇറാനികൾ ബുദ്ധിശാലികളായ ജനങ്ങളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുൻപ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ പൂർണ്ണമായി നശിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തവണ ആ നിലപാടിൽ നേരിയ ഇളവ് വരുത്തി. ഇറാനിൽ ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാകരുതെന്ന് പറയുന്നത് അനീതി ആണെന്നായിരുന്നു ട്രംപിന്റെ പുതിയ പരാമർശം.
ട്രംപിന്റെ ഭീഷണിയോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പകരം, 1979-ൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിന് ശേഷം ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാർ ഒപ്പുവെക്കുന്ന ആദ്യ കരാറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഇറാൻ ഈ ചരിത്ര മുഹൂർത്തം ആഘോഷിച്ചത്.
‘സൈനിക നടപടിയിലൂടെ ഞങ്ങൾ നേടിയെടുക്കാൻ ഉദ്ദേശിച്ചതിനേക്കാൾ പലമടങ്ങ് നേട്ടങ്ങൾ ഈ നയതന്ത്ര ചർച്ചകളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞു. ഇത് ഒന്നിനോടും താരതമ്യം ചെയ്യാൻ പോലുമാകില്ല,’ മുഹമ്മദ് ബഖർ ഖാലിബാഫ് ഇറാൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ തിരികെ ലഭിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിക്കുന്നത്. ആക്രമണത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും നിരവധി മുതിർന്ന സൈനിക മേധാവികളും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പടർന്ന യുദ്ധത്തിൽ ഇതുവരെ 7,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.



