കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മന്ത്രിസഭവികസിപ്പിച്ചപ്പോൾ ഓസാം മണ്ഡലത്തിൽ നിന്ന് വിജയിച്ച കലിത മാജിയും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. എംഎൽഎയാകുന്നതിന് മുൻപുവരെ മാസം വെറും 2500 രൂപയ്ക്ക് വീട്ടുജോലി ചെയ്‌തായിരുന്നു ഉപജീവനം. ഇപ്പോൾ പുതിയ ചുമതല കൂടി തന്നിലേക്ക് എത്തിയപ്പോൾ തന്റെ ഉത്തരവാദിത്വം വർധിച്ചെതായി കലിത പറയുന്നു.
കലിത രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രദേശത്തെ വീടുകളിൽ വീട്ടുജോലിക്കാരിയായിരുന്നു. ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോഴും കലിത വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു. പ്രതിമാസം 2500 രൂപയാണ് വരുമാനമായി ലഭിച്ചതെന്ന് ഇവർ പറയുന്നു.
ബൂത്ത് തല പ്രവർത്തകയായാണ് കലിത മാജി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ‘മോദിജി എന്നെ ഈ പദവിയിലേക്ക് എത്തിച്ചതിൽ എനിക്ക് അളവറ്റ സന്തോഷമുണ്ട്. ഞാൻ ഒരു എംഎൽഎയാകുമെന്നോ, ഒരു മന്ത്രിയാകുമെന്നോ എനിക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. 2014 മുതൽ ഞാൻ ബിജെപിക്കായി പ്രവർത്തിക്കുന്നുണ്ട്. ആദ്യം എംഎൽഎയായി
തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്റെ ശ്രദ്ധ സ്വന്തം മണ്ഡലത്തിൽ മാത്രമായിരുന്നു; ഇപ്പോൾ അതുമാത്രം അല്ല, വലിയ ചുമതലകൂടി എന്നിലേക്ക് എത്തി.’ മാജി പറഞ്ഞു.
തൃണമൂലിന്റെ ശ്യാമ പ്രസന്ന ലോഹറിനെ 12,535 വോട്ടിനാണ് പരാജയപ്പെടുത്തിയാണ് കലിത എംഎൽഎയായി
തെരഞ്ഞെടുക്കപ്പെട്ടത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കലിത 11,815 വോട്ടിനാണ് പരാജയപ്പെട്ടത്. ഭർത്താവ് പ്ലംബറായി ജോലി ചെയ്യുന്നു. ഇവർക്ക് 12-ാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്.



