ലോകകപ്പ് ഫുട്‌ബോളിൽ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോൾ നേടിയത് ബോസ്നിയയും. യാവോ ലുക്കിച്ചാണ് 21-ാം മിനിറ്റിൽകോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലത്തെിച്ചത്. അന്താരാഷ്ട്ര കരിയറിൽ ലൂക്കിച്ചിൻ്റെ ആദ്യ ഗോളായി ഇത്.
ഒരുഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോള് പൊസിഷനില് മുന്നിട്ട് നിന്നെങ്കിലും ലഭിച്ച അവസരങ്ങള് ഒന്നും മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയും ബോസ്‌നിൻറ് പ്രതിരോധത്തിൻ്റെ മികച്ച പ്രകടനവുമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. തോൽവിയുറപ്പിച്ചിരിക്കെ 78-ാം മിനിറ്റിൽ സ്വന്തം കാണികൾക്ക് മുന്നിൽ രക്ഷകനായി പകരക്കാരൻ കൈൽ ലാറിൻ അവതരിച്ചു. പകരക്കാരനായി കളത്തിലിറങ്ങി രണ്ടാം മിനിറ്റിൽ സമനില ഗോൾ നേടി.
പിന്നീട് ലീഡെടുക്കാൻ ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സമനിലപ്പൂട്ട് പൊട്ടാതെ നിന്നു. ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം വീണുകിട്ടിയ അവസരം കൈൽ ലാറിന് മുതലാക്കാനായില്ല. ജൂൺ 19ന് ഖത്തറിനെതിരെയാണ് കാനഡയുടെ അടുത്ത മത്സരം.



