തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വില മുകളിലേക്ക് ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,120 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,515 രൂപയായി. ഇന്നലെ പവന് 600 രൂപ വർദ്ധിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നത്. ഇന്നലെ 1,15,160 രൂപയായിരുന്നു പവന്റെ വില.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ അയവുണ്ടാകുമെന്ന സൂചനകളാണ് പെട്ടെന്ന് സ്വർണ്ണവില ഉയരാൻ കാരണമായത്. ഇറാനെതിരെയുള്ള ആക്രമണങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില (ക്രൂഡ് ഓയിൽ) ഇടിയുകയും നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുകയുമായിരുന്നു. ഇതിനൊപ്പം ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വലിയ തോതിൽ താഴേക്ക് പോയതും ആഭ്യന്തര വിപണിയിൽ വില കുതിക്കാൻ കാരണമായി.
അതേസമയം, ആഗോളവിപണിയിൽ സ്വർണ്ണവ്യാപാരത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔൺസിന് 43 ഡോളർ കുറഞ്ഞ് 4,465 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും ഒന്നര ശതമാനത്തിലേറെ ഇടിവുണ്ടായി 73.63 ഡോളർ എന്ന നിലയിലാണ് അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം.
കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ കേരളത്തിൽ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ റെക്കോർഡ് വർദ്ധനവ് ഉണ്ടായിട്ടുണ്ടായിരുന്നു. ഇതോടെ സ്വർണ്ണവില ചരിത്രത്തിലാദ്യമായി 1,23,120 രൂപ വരെയെത്തി. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് കേന്ദ്രം ഉയർത്തിയത്.
രാജ്യത്തേക്കുള്ള സ്വർണ്ണ ഇറക്കുമതി കുറയ്ക്കാനും അതുവഴി വ്യാപാര കമ്മി നിയന്ത്രിക്കാനുമായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. ഇതിനുശേഷമുള്ള ദിവസങ്ങളിൽ വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, അതിൽ നിന്നുള്ള തിരിച്ചു വരവെന്നോണമാണ് ഇപ്പോൾ തുടർച്ചയായ രണ്ടാം ദിവസവും വില ഉയർന്നിരിക്കുന്നത്.



