വലിയ മോഹന വാഗ്ദാനങ്ങളൊന്നും കൊടുക്കാതെ ആശീർവാദ് സിനിമാസ് മലയാളത്തിലെ ക്ലാസ്സിക് ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ദൃശ്യം സീരീസിലെ മൂന്നാം ഭാഗം റിലീസ് ചെയ്യുമ്പോൾ മലയാളി പ്രേക്ഷകർ വല്ലാത്ത പ്രതീക്ഷയുമായാണ് സിനിമ കാണാൻ പൊയ്ക്കിണ്ടിരിക്കുന്നത് .
ആദ്യമേ പറയട്ടെ. ദൃശ്യം ത്രീ തികച്ചും ഒരു സംവിധായകന്റെ സിനിമ തന്നെ ആക്കി മാറ്റാൻ ജിത്തു ജോസഫിന് സാധിച്ചിരിക്കുന്നു മികച്ച ഒരു സംവിധായകന്റെ പ്രതിഭ മുഴുവൻ ദൃശ്യം ത്രീയിൽ നമുക്ക് കാണാൻ സാധിക്കുന്നു.
ഓരോ രംഗവും കഥയുടെ ടെമ്പോ നിലനിർത്തിക്കൊണ്ട് ദൃശ്യവത്കരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ കയ്യടി നേടും വിധം അദ്ദേഹം തന്റെ തിരക്കഥയെ രൂപപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ട പ്രേക്ഷകൻ മൂന്നാം ഭാഗത്തിലും ജോർജ് കുട്ടിയുടെ കേസിൽ നിന്നും ഊരി പോരാനുള്ള കൂർമ്മ ബുദ്ധിയുടെ പ്രകടനങ്ങൾ പ്രതീക്ഷിച്ചു എങ്കിൽ അതിനു വിപരീതമായാണ് ഈ ചിത്രത്തെ ജിത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് സിനിമയെപ്പറ്റി രണ്ട് അഭിപ്രായങ്ങൾ ഉണ്ടാവാം, നന്നായിരിക്കുന്നു… മോശമില്ല….
മനസ്സിൽ ഭയവും കുടുംബത്തിനു മുന്നിൽ സന്തോഷവും പ്രകടമാക്കുന്ന ജോർജ് കുട്ടിയുടെ വേഷപ്പകർച്ചയിൽ മോഹൻലാൽ എന്ന നടൻ അനിതര സാധാരണമായ പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.
ചിത്രത്തിലെ എടുത്തുപറയാവുന്ന മറ്റൊരു നടൻ മുരളീ ഗോപിയാണ്. ഇരുത്തം വന്ന ഒരു നടന്റെ ഭാവഹാവാദികളോടെ ഈ ചിത്രത്തിലെ പോലീസ് മേധാവിയെ മുരളീ ഗോപി ഗംഭീരമാക്കി എന്ന് പറയാം. കൂടെ അഭിനയിച്ച ലെജണ്ടറി നടനായ സിദ്ദിഖിനെ പലയിടങ്ങളിലും കവച്ചുവെക്കുന്ന പ്രകടനപരതയാണ് മുരളി ഗോപി ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
എല്ലാ നടീനടന്മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ അഭിനയിച്ചു.
മീന കൈകാര്യം ചെയ്ത ജോർജുകുട്ടിയുടെ ഭാര്യയുടെ വേഷം ചിലയിടങ്ങളിൽ ഒരു റൊമാന്റിക് ഹീറോയിനെ പോലെ അനാവശ്യമായി കൊഞ്ചുന്നതു പോലെ തോന്നി, ചിലപ്പോഴൊക്കെ അത് അരോചകമായോ എന്നും തോന്നി.
ജോർജുകുട്ടിയെ പലയിടങ്ങളിലും രക്ഷപ്പെടുത്താനായി സൃഷ്ടിച്ച ഒരു പാത്ര സൃഷ്ടിയായിരുന്നു ചിത്രത്തിലെ ലേഡി വക്കീലിന്റെ വേഷം. അത് ഈ സിനിമയ്ക്ക് ഒരു ഏച്ചു കെട്ടിയ പോലെ തോന്നിയില്ലേ എന്ന് സംശയിക്കുന്നു.
ചില കുറ്റവും കുറവുകളും ഉണ്ടെങ്കിലും മൊത്തത്തിൽ മനോഹരമായ ഒരു മലയാള സിനിമ .. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന മലയാളത്തിലെ മെഗാ ഹിറ്റ് സിനിമയാകും എന്നതിൽ സംശയമില്ല.



