മലബാറിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ മലപ്പുറംജില്ലയുടെ സ്ഥാനം വലുതാണ്. മലപ്പുറത്തിന്റെ സാംസ്കാരിക ചരിത്രത്തിൻ്റെ വർത്തമാനരേഖകളിൽ മഞ്ചേരിയുടെ സംഭാവനകൾ ജില്ലയിലെ മറ്റേത് പട്ടണത്തേക്കാളും തിളക്കമുള്ളതാണ്. മഞ്ചേരിയുടെ കുതിപ്പുകളെ അടയാളപ്പെടുത്തുമ്പോൾ അധ്യാപകനും പത്രാധിപരുമായി ഒരുകാലഘട്ടത്തിൻ്റെ ശബ്ദമായും വെളിച്ചമായും സാംസ്കാരികപ്രവർത്തനങ്ങളുടെ നായകനായും ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളെ പ്രകാശപൂർണ്ണമാക്കിയ കോട്ടയത്തുകാരനായ അക്ഷരസ്നേഹിയാണ് സെബാസ്റ്റ്യൻ വലിയകാല.
മുതിർന്ന എഴുത്തുകാരുടെ തോളോട് തോൾചേർന്ന് വളർന്നുവരുന്ന എഴുത്തുകാരുടെ കൈപിടിച്ച് മലബാറിലെ സാഹിത്യകുതുകികളുടെ കളിത്തൊട്ടിലായി അടയാളപ്പെടുത്താവുന്ന പ്രസിദ്ധീകരണങ്ങളാണ് സബാസ്റ്റ്യൻ മാസ്റ്റർ തുടങ്ങിവെച്ച സ്റ്റുഡൻസ് വോയിസ്, മലപ്പുറം വോയിസ് എന്ന മാസികകൾ.
മലപ്പുറത്തിന്റെ കണ്ണും കാതുമായി രണ്ടരപ്പതിറ്റാണ്ട് വർത്തമാനസമസ്യകളെ നിരീക്ഷിക്കാനും പഠിക്കാനും പ്രതികരണങ്ങളും പ്രതീക്ഷകളും അക്ഷരവടിവത്തിൽ പകർത്താനും പ്രചരിപ്പിക്കാനും മലപ്പുറത്തെ യുവതലമുറയെ ഉത്സാഹിപ്പിക്കുന്നതോടൊപ്പം മലബാറിലെ മൊത്തം എഴുത്തുത്സവങ്ങളെയും
ഒരുപരിധിവരെ ഏറ്റെടുക്കാനും സംഘടിപ്പിക്കുവാനും ഉറക്കമൊഴിച്ചിരുന്ന ഒരു പത്രാധിപരാണ് സെബാസ്റ്റ്യൻ മാസ്റ്റർ. അതിൻ്റെ സുവർണ്ണ മുദ്രകളാണ് ഇതിൽ കാണുന്ന മാസികകളുടെ മുഖചിത്രങ്ങൾ
പ്രാദേശിക ചരിത്രത്തിൻ ഗവേഷണം നടത്തുന്ന പ്രശസ്തനായ ഒരു യുവാവ് (പേരും പടവും കൊടുക്കാൻ കക്ഷിക്ക് താത്പര്യമില്ല) കഴിഞ്ഞദിവസം വോയ്സ് മാസികകളുടെ പഴയ ലക്കങ്ങൾ തേടി സബാസ്റ്റ്യൻ മാസ്റ്ററെ സമീപിച്ചു.
മാസവും വർഷവും തിരിച്ച് ബയൻ്റ്ചെയ്തു വെച്ചിരുന്ന പഴയലക്കങ്ങൾ മാസ്റ്റർ എടുത്തു കൊടുത്തു.
2000 മുതൽ 2014 വരെയുള്ള The Students Voice (TSV ) മാസികകളും 2005 മുതൽ 2015 വരെയുള്ള മലപ്പുറം വോയ്സ് (MV) മാസികകളും അദ്ദേഹം ഏതാണ്ട് മൂന്നുമണിക്കൂർ സമയം കൊണ്ട് മറിച്ചുനോക്കി കുറിപ്പുകൾ എടുത്തു തിരിച്ചുപോയി .
മാസികകളുടെ കവർസ്റ്റോറികൾ മുഖചിത്രങ്ങളിലെ വൈവിദ്ധ്യം എന്നിവ യുവാവായ ത്ത ചരിത്രവിദ്യാർത്ഥിയെ ആശ്ചര്യപ്പെടുത്തി.
സത്യത്തിൽ മാസികകൾ വീണ്ടും ഒന്നിച്ചുകണ്ടപ്പോൾ സബാസ്റ്റ്യൻ മാസ്റ്റർക്കും അത്ഭുതം തോന്നിയിരിക്കണം. ഓരോ ലക്കവും ഉറക്കമൊഴിച്ച് പ്രൂഫ് നോക്കി കാത്തുകാത്തിരുന്ന് പുറത്തിറക്കിയപ്പോൾ തോന്നാത്ത ഒരു അഭിമാനം.
സബാസ്റ്റ്യൻ വലിയകാലയുടെ വോയ്സ് മാസികകളിൽ ആദ്യത്തെ The Students’ Voice Magazine 2002 നവംബർ 1 – ന് ( കേരളപ്പിറവി ദിനം) തുടങ്ങി.
രണ്ടാമത്തേത് മലപ്പുറം വോയ്സ് 2005-ൽ ആരംഭിച്ചു. മലപ്പുറത്തിൻ്റെ കണ്ണും കാതും എന്ന ടാഗ് ലൈനോടു കൂടിയ ഈ മാസിക മലപ്പുറത്തിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തെയും മലപ്പുറത്തിനു വെളിയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പ്രവർത്തിച്ചത്. രണ്ടു മാസികകൾക്കും RNI രജിസ്ട്രേഷനും ( Registrar of Newspapers of India) postal registration നും ഉണ്ട്.
രണ്ടുമാസികകളും ഒരു ലക്കം പോലും മുടങ്ങാതെ യഥാക്രമം 12 ഉം 10 ഉം വർഷങ്ങൾ പുറത്തിറങ്ങിയിരുന്നു. മുഖ്യധാരാമാധ്യമങ്ങളിൽ ഇടം കിട്ടാതിരുന്ന പ്രതിഭാധനരായ എഴുത്തുകാർക്ക് എഴുതിത്തെളിയാനുള്ള വേദിയായി ഇവ മാറി.
അക്കിത്തം, സി രാധാകൃഷ്ണൻ, പി സുരേന്ദ്രൻ, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, പി. ആർ നാഥൻ, പി . എൻ. വിജയൻ , മുസാഫിർ, മണമ്പൂർ രാജൻ ബാബു, പി.പി. ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, രാജൻ കരുവാരക്കുണ്ട്, റഹ്മ്മാൻ കിടങ്ങയം, തുടങ്ങിയ മുതിർന്ന എഴുത്തുകാരുടെ രചനകൾക്കിടയിലാന്ന് നവാഗതരെയും, താൻ ചേർത്തുനിർത്തിയത് എന്നാണ് സബാസ്റ്റ്യൻ മാസ്റ്റർ അവകാശപ്പെടുന്നത്.
അതിന്നുപുറമേ, മാസത്തിൽ രണ്ടോമൂന്നോ സാഹിത്യസാംസ്കാരിക സമ്മേളനങ്ങൾ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നിരുന്നു. അതിലൂടെ പേരുമാത്രം പരിചയമുണ്ടായിരുന്ന പ്രശസ്ത എഴുത്തുകാരെ ഏറനാടിൻ്റെ നവസാഹിത്യപ്രതിഭകൾക്ക് കാണാനും സംവദിക്കാനും അവസരമുണ്ടായി.
സെബാസ്റ്റ്യൻ വലിയകാലയും വോയ്സ് പ്രസിദ്ധീകരണങ്ങളും തൻ്റെ ചെറുപ്പകാലത്ത് മഞ്ചേരിയിൽ ഉണ്ടായിരുന്നെങ്കിൽ എടപ്പാളിലേയ്ക്ക് പോകുമായിരുന്നില്ല എന്ന് പി. സുരേന്ദ്രൻ ഒരിക്കൽ ഭാഷാപോഷിണിയിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുകയുണ്ടായി.

300 റോളം നവാഗതപ്രതിഭകൾ വോയ്സ് മാസികയിലൂടെയും വോയ്സ് പുസ്തകങ്ങളിലൂടെയും എഴുതിത്തെളിഞ്ഞു. അതിൽ 25 -ൽ അധികം പേർ ഇന്ന് മുഖ്യധാരാമാധ്യമങ്ങളിൽ ശ്രദ്ധേയരാണ്. തിരിഞ്ഞുനോക്കുമ്പോൾ സബാസ്റ്റ്യൻ മാസ്റ്റർ സംതൃപ്തനാണ്. സബാസ്റ്റ്യൻ മാസ്റ്ററുടെ പ്രസിദ്ധീകരണ വിഭാഗം മലപ്പുറം ജില്ലയിലെ എഴുത്തുകാരുടെ നൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും പ്രകാശിപ്പിക്കാനും മുന്നോട്ടു വന്നത് ശ്രദ്ധേയമായ ഒരു സേവനമാണ്
ഇപ്പോഴും മഞ്ചേരിയിലെ പുസ്തകപ്രകാശന വേദികളിൽ അനുഗ്രഹാശിസ്സുകളുമായി പങ്കെടുക്കാൻ സബാസ്റ്റ്യൻ മാസ്റ്റർ കോട്ടയത്തുനിന്ന് ഉറക്കമൊഴിച്ച് എത്തിച്ചേരാറുണ്ട് .
സഫലമായ അദ്ധ്യാപകസേവനത്തിന്നുശേഷം അതിലേറെ സംതൃപ്തി അനുഭവിച്ച അക്ഷരസേവനം മഞ്ചേരിയിൽനിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലേയ്ക്ക് മാസ്റ്ററെ നിർബന്ധിക്കുന്നുണ്ട്. പക്ഷെ, ജന്മനാട് , വീട്, കുടുംബം, കുട്ടികൾ, പ്രായം … എന്നിവ വിളിക്കുമ്പോൾ അനുസരിക്കുക എന്നത് ദൗർബ്ബല്യമായിട്ടല്ല, അനിവാര്യതയായിട്ടാണ് കാണേണ്ടത്





