Wednesday, June 10, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ: (23) ' കൊട്ടാരക്കര ശ്രീധരൻ നായർ ' ✍ തയ്യാറാക്കിയത്:...

തിളക്കം കുറയാത്ത താരങ്ങൾ: (23) ‘ കൊട്ടാരക്കര ശ്രീധരൻ നായർ ‘ ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

കൊട്ടാരക്കര
അഭിനയക്കരുത്തിനൊരു മറു പേര്.
……………………………..

മലയാള സിനിമയിലെ തുടക്കം മുതൽ ഇക്കാലം വരെയുള്ള നടൻമാരിലെ നടന ഗാംഭീര്യവും അഭിനയക്കരുത്തും അടയാളപ്പെടുത്താനോ എടുത്തെഴുതാനോ ആവശ്യപ്പെട്ടു എന്ന് കരുതുക. സത്യസന്ധമായാണ് അത് നിർവ്വഹിക്കുന്നതെങ്കിൽ തീർച്ചയായും അതിൽ കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്ഥലനാമം ഉണ്ടാകും. ഉണ്ടായിരിക്കണം. ഉണ്ടായേ മതിയാകൂ. ആ സ്ഥലനാമമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര. കൊട്ടാരക്കര എന്നാൽ അത് കൊട്ടാരക്കര
എൻ . ശ്രീധരൻ നായരാണ്. ഏറ്റവും ചുരുങ്ങിയത് സിനിമയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ജീവിച്ച ഒരു തലമുറയ്ക്കെങ്കിലും അതങ്ങനെയാണ്.

അരനാഴികനേരം, തൊമ്മൻ്റെ മക്കൾ, പഴശ്ശിരാജ, വേലുതമ്പി ദളവ ,സ്നേഹസീമ, രണ്ടിടങ്ങഴി ,തൊട്ടാവാടി, കുഞ്ഞാലിമരയ്ക്കാർ, ചെമ്മീൻ, മൈഡിയർ കുട്ടിച്ചാത്തൻ കൊട്ടാരക്കര എന്ന നടനെ വിലയിരുത്താൻ എത്രയെത്ര മികച്ച സിനിമകൾ നമുക്ക് മുന്നിലുണ്ട്. അവസരം ലഭിച്ച എല്ലാ സിനിമകളിലും അത്ഭുതം ജനിപ്പിക്കുന്ന അഭിനയമാണ് മലയാളിക്ക് മുന്നിൽ ഇദ്ദേഹം കാഴ്ചവെച്ചത്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ മുന്നൂറോളം സിനിമകളിലാണ് ശക്തമായ വേഷങ്ങൾ അവതരിപ്പിച്ചത്.

ദീർഘകാലത്തെ അഭിനയ ജീവിതത്തിനിടയിൽ ശ്രീധരൻ നായരെ തേടി ആദ്യ പുരസ്കാരമെത്തുന്നത് 1969-ലാണ് കൂട്ടുകുടുംബം എന്നസിനിമയിലൂടെ .
തൊട്ടടുത്ത വർഷം അതായത് 1970 ൽ അരനാഴികനേരത്തിലൂടെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. അരനാഴികനേരത്തിലെ അതിശക്തമായ കഥാപാത്രമായ കുഞ്ഞേനച്ചന് കൊട്ടാരക്കര നൽകിയ ഭാവപൂർണത അന്നും ഇന്നും ഇനി കാണുമ്പോൾ എന്നും പ്രേക്ഷകർക്ക് വിസ്മയം തന്നെ. മഞ്ഞിലാസ് നിർമ്മിച്ച കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത പാറപ്പുറത്ത് എന്ന പേരിൽ പ്രശസ്തനായ കെ.ഈശോ മത്തായി രചിച്ച അരനാഴികനേരത്തിലെ തൊണ്ണൂറ് വയസ്സ് പ്രായമുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കൊട്ടാരക്കരയുടെ പ്രായം അമ്പത് വയസ്സിൽ താഴെയായിരുന്നു. സിനിമ കണ്ടവർ മറക്കില്ല ആദ്യ രംഗം. തുടക്കം മുതൽ ഈ നടൻ ആ കഥാപാത്രമായി മാറുകയാണ്. സത്യനെ തേടിചെന്ന കഥാപാത്രത്തെ സത്യൻ കൊട്ടാരക്കരയിലേക്ക് ആത്മാർത്ഥമായി തിരിച്ചുവിടുകയായിരുന്നത്രേ . എന്നേക്കാൾ ഭംഗിയായി കൊട്ടാരക്കര കുഞ്ഞേനച്ചനെ ചെയ്യും. അദ്ദേഹമാണ് ആ കഥാപാത്രം ചെയ്യേണ്ടത് എന്ന് പറയുകയും സിനിമയിൽ വേറൊരു വേഷം ചെയ്യുകയുമായിരുന്നത്രേ സത്യൻ. കൊട്ടാരക്കരയുടെ മികവിനെയും സത്യൻ്റെ വലിയ മനസ്സിനേയും നമുക്ക് നമിക്കാം. തനിക്ക് ലഭിക്കുമായിരുന്ന ഒരു സംസ്ഥാന പുരസ്കാരമാണ് സത്യൻ ആ സിനിമയിലുടെ കൊട്ടാരക്കരക്ക് കൈമാറിയത് എന്ന് പറഞ്ഞാലും തെറ്റില്ല .
സത്യൻ, നസീർ മധു എന്നീ ആ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയ താരങ്ങൾ അണിനിരക്കുന്ന സിനിമകളിലും കൊട്ടാരക്കര മികച്ച വേഷങ്ങൾ ചെയ്ത് അവർക്കൊപ്പം ഏറെ ജ്വലിച്ചു നിന്നു എന്നതും ചരിത്രം.

വളരെ ചെറുപ്പത്തിലേ നാടക രംഗത്ത് എത്തിയ സ്വന്തമായി നാടക ട്രൂപ്പുണ്ടായിരുന്ന കൊട്ടാരക്കര പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു. ആദ്യ സിനിമ ശശിധരൻ . ക്രമേണ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നിരവധി സിനിമകൾ വന്നു .ആ സിനിമകളൊക്കെ ശ്രദ്ധിക്കപ്പെടുകയും വലിയ വിജയങ്ങളായി മാറുകയും ചെയ്തു. 1964 ൽ പുറത്തു വന്ന പഴശ്ശിരാജ ഉത്തമ ഉദാഹരണം. പഴശ്ശി രാജയായി കൊട്ടാരക്കര. 65 ൽ വേലുത്തമ്പി ദളവ. വേലുതമ്പിദളവയായി കൊട്ടാരക്കര. അതേ വർഷം പ്രദർശനത്തിനെത്തിയ തൊമ്മനും മക്കളും എന്ന സിനിമയിൽ തൊമ്മനായി അഭിനയിച്ചതും ഇദ്ദേഹം . കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിലും പ്രധാന വേഷം .

രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ മലയാള ചിത്രം ചെമ്മീനിലെ ചെമ്പൻകുഞ്ഞ് ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. 1965 ൽ പുറത്തു വന്ന ഈസിനിമയിൽ സത്യൻ മധു എന്നിവർ നായകവേഷത്തിലും കൊട്ടാരക്കര തുല്യ പ്രാധാന്യമുള്ള പ്രതി നായകവേഷത്തിലുമായിരുന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ഈ സിനിമയുടെ വൻ വിജയത്തിന് കൊട്ടാരക്കരയുടെ സാന്നിധ്യവും പ്രകടനവും വലിയ തോതിൽ സഹായകമായി. സാധാരണക്കാരിൽ സാധാരണക്കാരനായ അരയനായി അയാളുടെ വിനയവും എളിമയും ആഗ്രഹങ്ങളും അത്യധ്വാനവും അതിലൂടെ അയാളുടെ വളർച്ചയും പിന്നീട് സ്വഭാവത്തിൽ വരുന്ന മാറ്റവും അത്യാഗ്രഹവും ചതികളും ഒടുവിൽ മാനസികനില തകരാറാകുന്നതും തുടങ്ങി ചെമ്പൻ കുഞ്ഞിലൂടെ കൊട്ടാരക്കര വെള്ളിത്തിരയ്ക്ക് സമ്മാനിച്ച അതിസുന്ദര ഭാവങ്ങളെ , സമാനതകളില്ലാത്ത ആവിഷ്ക്കാരങ്ങളെ മറികടന്ന് പോകാൻ മലയാളത്തിൽ പിന്നെ അതു പോലെ എത്ര കഥാപാത്രമുണ്ടായി? അധികളൊന്നും ഉണ്ടായിട്ടില്ലെന്നുറപ്പ്. അറുപത് കൊല്ലങ്ങൾ പിന്നിട്ടു എന്നിട്ടും ചെമ്പൻകുഞ്ഞ് തിരശ്ശീലയിൽ തീർത്ത ഓളം ഇന്നും അതേ ശക്തിയിൽ നിലനിൽക്കുന്നു . ചെമ്മീൻ റിലീസായ വർഷം ജനിച്ചവർ ഷഷ്ടിപൂർത്തിയിലെത്തി. .ചെമ്മീൻ സിനിമയ്ക്ക് ഇന്നും ചെറുപ്പം. ഇപ്പോഴും യുവത്വം.ചെമ്പൻ കുഞ്ഞിനും കൊട്ടാരക്കരയ്ക്കും അതേ തിളക്കവും .

1984 ൽ പുറത്തു വന്ന ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ നാം മറക്കുമോ. അത്രമേൽ ആ കഥാപാത്രമായി മാറാൻ കൊട്ടാരക്കരയ്ക്കായില്ലേ? ആ ദുർമന്ത്രവാദി രൂപം കൊണ്ടും ചലനം കൊണ്ടും നമ്മിൽ ഭീതിയുണർത്തി ഇന്നും മനസ്സിൽ നിൽക്കുന്നില്ലേ?

കൊച്ചിൻ എക്സ്പ്രസിലെ മൊട്ടയായ വില്ലൻ .അത് കൗതുകം മാത്രമായിരുന്നില്ലല്ലോ. ആ സിനിമ കാണാൻ ഇരച്ചു കയറിയവരിൽ വലിയ ശരീരമുള്ള ഗംഭീരനായ ആവില്ലനെ കാണാൻ പ്രത്യേകത നിറഞ്ഞ സംഘട്ടന രംഗങ്ങൾ ആസ്വദിക്കാൻ കൊതിച്ചെത്തിയവരുമുണ്ടായിരുന്നല്ലോ.

1922 സെപ്തംബർ 11 ന് അന്ന് തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ പടിഞ്ഞാറ്റിക്കര കൊരട്ടിയോട് നാരായണപിളളയുടേയും ഉമ്മിണി അമ്മയുടേയും മകനായി ജനിച്ച ശ്രീധരൻ നായർ 1986 ഒക്ടോബർ 19 ന് തൻ്റെ 64-ാം വയസ്സിൽ അന്തരിച്ചു. വിജയലക്ഷ്മി അമ്മയായിരുന്നു ഭാര്യ. ഏഴ് പെൺമക്കളും ഒരു മകനും. ആ മകനാണ് മലയാള സിനിമയിൽ നായകനായുംവില്ലനായും സ്വഭാവനടനുമായൊക്കെ ശ്രദ്ധേയനായി നിൽക്കുന്ന സായികുമാർ. മകൾ ശോഭാ മോഹനും സിനിമാരംഗത്തുണ്ട്. ശോഭാ മോഹൻ്റെ മകൻ വിനു മോഹനും മുത്തച്ഛൻ്റെ പാരമ്പര്യവുമായി സിനിമയിലെത്തി.

രാജമാണിക്യം സിനിമ റിലീസായ സമയം ഒരു റിവ്യൂവിൽ സായികുമാറിനെ കുറിച്ച് എഴുതിയത് വായിച്ചതോർക്കുന്നു. മലയാള സിനിമയിലെ എക്കാലത്തേയും അഭിനയ ചക്രവർത്തി കൊട്ടാരക്കരയുടെ മകനാണ് താനെന്ന് സായ്കുമാർ വീണ്ടും വീണ്ടും തെളിയിക്കുന്നു. കാലങ്ങൾ കഴിഞ്ഞാലും തലമുറകൾ മാറിയാലും കൊട്ടാരക്കര എന്ന നടൻ്റെ അഭിനയത്തിൻ്റെ ചാരുതയും,ശക്തിയും ഓർക്കപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ തെളിവായി ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. മലയാള സിനിമ കണ്ടമികച്ച നടന്മാരിലൊരാളായ സായികുമാർ നിറഞ്ഞാടുന്ന സിനിമകൾ കാണുമ്പോൾ പ്രേക്ഷകർ പറയുന്നു. അതെന്താ ഇത്ര പറയാൻ ? അതങ്ങനെയല്ലാതെ വരുമോ? കൊട്ടാരക്കരയുടെ മകനല്ലേ? അത് സായികുമാർ എന്ന അഭിനയ സിദ്ധിയുള്ള വലിയനടൻ്റെ മഹാഭാഗ്യമോ? അതോ നിർഭാഗ്യമോ ?അതെന്തോ ആകട്ടെ അതാണ് കൊട്ടാരക്കര ശ്രീധരൻ നായർ എന്ന നടൻ മലയാളികളുടെ മനസ്സിൽ അവശേഷിപ്പിച്ചു പോയ സിംഹാസനത്തിൻ്റെ വലിപ്പവും ആ സ്ഥാനത്തിൻ്റെ മഹത്വവും.

തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com