Wednesday, May 20, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ) അദ്ധ്യായം 8 ' നാൽവർ ...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ) അദ്ധ്യായം 8 ‘ നാൽവർ സംഘം ‘ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം , മുവാറ്റുപുഴ .

മൂപ്പൻ മാവിന്റെ ചുവട്ടിൽ ഒരു ചെറിയ കുറ്റിയടിച്ച് ആടിന്റെ കയർ അതിൽ കെട്ടിയിട്ടിട്ട് ഗോപിക്കുട്ടനും രമേശനും ഗോട്ടി കളിക്കാൻ തയ്യാറെടുത്തു

നാലുദിവസം മുമ്പ് കളിച്ച ചെറുകുഴികൾ കരിയില വീണ് നികന്നിരിക്കുന്നു.

അവർ ഓരോ കുഴിയും ശ്രദ്ധാപൂർവ്വം തെളിച്ചെടുത്തു.

“എടാ ആ തൂങ്ങിക്കിടക്കുന്നത് എന്നാടാ”
രമേശൻ ചോദിച്ചു.

” എന്ത്? എവിടെ? ”

“എടാ.. അതു നോക്കിക്കേ.
ആ പ്ലാവിന്റെ കമ്പിൽ,..

ചാക്ക് പോലെ, എന്തോ ഒന്നില്ലേ?”

“തുണിസഞ്ചി പോലെയാണോ’

ഗോപിക്കുട്ടൻ ചോദിച്ചു

രമേശൻ കൈ ചൂണ്ടി

“ഓ….. അതോ…..”

“എടാ അതേ പശു പെറ്റതിന്റെ മാച്ച് ആണ്.
ആരെങ്കിലും തൂക്കിയിട്ടതാവും.”

“അതെന്തിനാ ”

അപ്പു ചോദിച്ചു.

“അത് അങ്ങനെയാ.
ഒന്നുകിൽ കുഴിച്ചിടും.

അല്ലെങ്കിൽ ഏതെങ്കിലും മരത്തിൽ കെട്ടിയിടും..”

ഗോപിക്കുട്ടൻ തന്റെ പൊതുവിജ്ഞാനം പങ്കുവെച്ചു.

“അല്ലെങ്കിൽ പെറ്റ പശുവിനു ദോഷമാ.”

“ഇതെവിടുന്നാ ഇത്രയും മാമ്പഴം?”

അമ്പാടി രണ്ട് കയ്യിലും നിറയെ മാമ്പഴം നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നുവരുന്നത് കണ്ട് അപ്പു ചോദിച്ചു.

“ലില്ലി ചേച്ചീടവിടുന്ന് ”

“അവിടുന്നോ? ”

ഗോപിക്കുട്ടൻ അതിശയിച്ചു.

ഇത്രമാത്രം മാമ്പഴം അവർ കൊടുക്കാൻ വഴിയില്ല.
ഒന്നോ രണ്ടോ ഒക്കെ കൊടുക്കുമായിരിക്കും.

” അപ്പോ നിങ്ങളറിഞ്ഞില്ലേ? അവരവിടെ ഇല്ല”
.
“മാഞ്ചുവട്ടിൽ ഇഷ്ടം പോലെ കിടപ്പുണ്ട്.
ഞാൻ പെറുക്കി എടുത്തതാ”

” അവരെന്ത്യേ? ”

“അതല്ലേ കാര്യം”.

അമ്പാടി പഴുത്തുതുടുത്ത മഞ്ഞനിറമുള്ള മിനുസമാർന്ന മാമ്പഴങ്ങൾ നിലത്തുവച്ചു.

അവരെല്ലാം ഓരോന്നു വീതം എടുത്ത് അതിന്റെ കൂർത്ത ഭാഗം മുതൽ കടിച്ചീമ്പി
തിന്നാൻ തുടങ്ങി.

ആഹാ….. എന്തൊരു മധുരം…. എന്തൊരു സ്വാദ്…

“ലില്ലി ചേച്ചി ആശൂത്രീലാ”

“എന്താ പറ്റ്യേ “?

“അതോ”

ഒരു രഹസ്യം പറയുന്ന മട്ടിൽ അമ്പാടി ശബ്ദം താഴ്ത്തി പറഞ്ഞു.

” അവരുടെ ഒരു മുല മുറിച്ചു കളഞ്ഞെന്നാ പറഞ്ഞത്. അവർക്ക് വലിയ അസുഖമാ”

“അയ്യോ”

അതു വേണ്ടായിരുന്നുവെന്ന് കുട്ടികൾക്ക് തോന്നി.

ആ വാർത്ത മാമ്പഴം തിന്നുമ്പോഴുള്ള സന്തോഷം അല്പം കുറച്ചു.

” ആ കാക്കേടെ പ്രാക്ക് ആരിക്കും”

അപ്പുക്കുട്ടന്റെ ആത്മഗതം പുറത്തേയ്ക്കു വന്നു.

“പിന്നെ…….പ്രാക്ക്.
ഒന്ന് പോടാ”

” അങ്ങനെയൊന്നും കാണൂല്ല. ”

രമേശൻ പറഞ്ഞു

” മിണ്ടാപ്രാണികളെ ഉപദ്രവിച്ചാൽ പ്രാക്ക് കിട്ടൂന്നെ.
അങ്ങനെയാ എല്ലാരും പറയണേ. ഗോപിക്കുട്ടനും അത് ശരി വെച്ചു.

“ആ കാക്കേടെ ചിറക് വെട്ടിയതാ?”

അമ്പാടി ചോദിച്ചു.

“ജന്തുക്കൾ പ്രാകിയാൽ മുടിഞ്ഞു പോകൂന്നാ അമ്മ പറയണത്.”

അപ്പു പറഞ്ഞു.

അപ്പുവിന് അതോർക്കുമ്പോൾ ലില്ലി ചേച്ചിയോട് അമർഷമുണ്ട്.

….. പക്ഷേ……. വേണ്ടായിരുന്നു……..

അവർക്ക് അസുഖം വരണ്ടായിരുന്നു……

..,,……………………..

മാവിൻചുവട്ടിലിരുന്നാൽ അക്കരെ കുന്നിൻ മുകളിലെ റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കാണാം .

ചെറിയ ഇറക്കം ഇറങ്ങി തോടും കടന്ന് കുന്നുകയറിയാൽ റോഡാണ്.

റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ എന്ത് രസമാണ്.
പെട്രോളിന്റെ ആ ഗംഭീരഗന്ധം അടിക്കുന്നത് തന്നെ എത്രയോ ആഹ്ലാദകരമാണ്.

അവർ പതിവുപോലെ റോഡിലേയ്ക്കു നടന്നു.

“കനലി”യുടെ ഉണങ്ങിയ ചുള്ളിക്കമ്പുകൾ പെറുക്കിയെടുക്കുകയാണ് അമ്പാടി.
അവർ റോഡിൽ എത്തി.

റോഡ് വിജനമാണ്. ആ സ്ഥലത്ത് വീടുകളോ കടകളോ ഇല്ല. വല്ലപ്പോഴും ഇടവിട്ട് വരുന്ന വാഹനങ്ങൾ കാണുമ്പോൾ അമ്പാടിക്കാണ് ഏറെ ആവേശം.

അവൻ ചുറ്റും നോക്കിയിട്ട് പതിവുപോലെ ഉണക്കച്ചുള്ളികൾ റോഡിന്റെ നടുക്ക് വിലങ്ങനെ വച്ചു.

ഇത് സ്ഥിരം പരിപാടിയാണ്.

എന്നിട്ട് റോഡിന് താഴേക്ക് അല്പം മാറി ഈണ്ടി യുടെ മറവിൽ പൂത്തു നിൽക്കുന്ന വെള്ളിലച്ചെടികൾക്കിടയിൽ ഒളിച്ചു നിൽക്കും.
വണ്ടി വരുമ്പോൾ അതിന്റെ ചക്രത്തിനടിയിൽപ്പെട്ട് ചുള്ളിക്കമ്പുകൾ പടപട ശബ്ദത്തോടെ ഞെരിഞ്ഞൊടിയുന്നത് കാണുമ്പോൾ എല്ലാവരും കൂടി ഒന്നിച്ച് “ഹ്ഹോ ‘എന്ന് ഉറക്കെ ഒച്ച ഉണ്ടാക്കുന്നതാണ് അവരുടെ വിനോദം.

ചുള്ളിക്കമ്പിൽ ടയർ കയറിയില്ലെങ്കിൽ അതെടുത്ത് അടുത്ത വണ്ടിയ്ക്കായി സ്ഥാനം ക്രമീകരിച്ചു വെക്കുന്നതും അമ്പാടി തന്നെയാണ്.

“ഈ കമ്പ് കൊറച്ചു വലുതാട്ടോ ”
അപ്പു പറയാതിരുന്നില്ല.

‘ഇത് ഒടിയും.. നല്ല ഒച്ചയും കേൾക്കും… ” ഇതു മതി”

അമ്പാടി പറഞ്ഞു.

അകലെ വണ്ടിയുടെ ഒച്ച കേട്ട മാത്രയിൽ ചുള്ളിക്കമ്പുകൾ വച്ചിട്ട് ഒറ്റയോട്ടത്തിന് എല്ലാവരും ഈണ്ടിയുടെ താഴെ മറഞ്ഞു നിന്നു .

അതാ വരുന്നു കറുത്ത ഒരു അംബാസഡർ കാർ.

ഇടതൂർന്ന വെള്ളിലച്ചെടികൾക്കിടയിലൂടെ എട്ടു കണ്ണുകൾ “ഹ്ഹോ” എന്ന് ആർത്തു വിളിക്കാൻ തയ്യാറായി റോഡിലേക്ക് നോക്കി പതുങ്ങി നിൽക്കുകയാണ്.

കാർ ഓടിവന്ന് ചുള്ളിക്കമ്പുകളെ ഞെരിച്ചൊടിച്ചു മുന്നോട്ടു നീങ്ങുന്നതിനിടെ എല്ലാവരും ചേർന്ന് ഒന്നിച്ച് “ഹ്ഹോ “എന്ന ശബ്ദം ഉണ്ടാക്കി ആർത്തു ചിരിച്ചുകൊണ്ട് റോഡിലേക്ക് ഓടിവന്നു.

ആ ചുള്ളി തന്നെ ഓടിയാത്തിടം വീണ്ടും ക്രമീകരിച്ചു വയ്ക്കണം അടുത്ത വണ്ടി വരുന്നതിനു മുമ്പായി.

പെട്രോളിന്റെ സുഖകരമായ ആ മദിപ്പിക്കുന്ന ഗന്ധം ആവുംവിധം വലിച്ചെടുത്ത് ആസ്വദിച്ചു നിൽക്കവെ അമ്പാടി അലറി.

” ഓടിക്കോടാ ”

അവർ നോക്കുമ്പോൾ കടന്നുപോയ കാർ നിർത്തിയിരിക്കുന്നു. അതിന്റെ ഡോർ തുറന്നു ഒരാൾ ഇറങ്ങി വരുന്നു..!

കുട്ടികൾ ഞൊടിയിടയിൽ വെള്ളിലക്കിടയിൽ മറഞ്ഞു.
അവരുടെ കുഞ്ഞിക്കണ്ണുകൾ എല്ലാം വീക്ഷിച്ചു കൊണ്ടിരുന്നു.

കാറിൽ നിന്നും ഒരു കഷണ്ടിത്തലയൻ പുറത്തിറങ്ങി.
വെളുത്ത വണ്ണമുള്ള ഒരു മധ്യ വയസ്കൻ.
അയാൾ കുട്ടികളുടെ പിന്നാലെ എത്താൻ ശ്രമിച്ചെങ്കിലും അവരെ കാണാൻ കൂടി കിട്ടിയില്ല.

“അവിടെ നിക്കെടാ”

“നിക്കടാ പിള്ളേരേ. ”

“അവിടെ നിക്കെടാ ”

എന്നൊക്കെ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

” എന്തിനാണോ അയാൾ വിളിക്കുന്നത്”?
അയാൾ തന്റെ ഓട്ട പരിശ്രമം നിർത്തി
തിരികെ സാവകാശത്തിൽ ചെന്ന് കാറിന്റെ ബോണറ്റ് തുറന്നു വച്ചു.

“വണ്ടിക്ക് എന്തോ പറ്റി എന്നാണ് തോന്നുന്നത് ”

രമേശൻ അഭിപ്രായപ്പെട്ടു

“നമ്മുടെ ചുള്ളിക്കമ്പാണോ കുഴപ്പമുണ്ടാക്കിയത്?”

ഗോപിക്കുട്ടൻ തന്റെ ആശങ്ക അറിയിച്ചു.

” ഏയ് അങ്ങനെ വരാൻ വഴിയില്ല”

അവർ ചിന്തിച്ചു.

എന്തോ തകരാറുണ്ട്.

അങ്ങോട്ട് പോയാൽ പ്രശ്നമാകുമോ?

അയാളെ ഒരു വിഷമ സന്ധിയിലാക്കിയിട്ട് സഹായിക്കാതിരിക്കുന്നത് തെറ്റാണെന്ന് അപ്പുവിന് തോന്നി.

ഏതായാലും ഒന്ന് നോക്കാൻ തന്നെ അവർ തീരുമാനിച്ചു.
നാൽവരും ധൈര്യം സംഭരിച്ച് കാറിനടുത്തേക്ക് നടന്നു

അയാൾ ആരായിരിക്കും?
അയാളുടെ ഉദ്ദേശം എന്താണെന്ന് ആർക്കറിയാം?

കുട്ടികളെങ്ങാനും അയാളുടെ തന്ത്രത്തിൽ പെടുമോ?

തുടരും…. 

സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com