“അവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം അഴിച്ചു മാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശിൽ തറയ്ക്കാൻ കൊണ്ടുപോയി.”
പെസഹാ വ്യാഴപ്പിറ്റേന്ന് ദുഃഖവെള്ളി പുലരുന്നു.
പുരോഹിത പ്രമുഖൻമാർ ജനപ്രമാണികളോടും നിയമജ്ഞരോടും ന്യായാധിപസംഘ
മുഴുവനോടും ഒന്നു ചേർന്ന് ആലോചന നടത്തി. ദേശാധിപതിയായ പീലാത്തോസിന്റെ അടുക്കൽ യേശുവിനെ കൊണ്ടുപോയി.
അവരുടെ ആവശ്യമാണ് മിശിഹായെ വധിക്കുകയെന്നത്. അവരുടെ തിന്മകളെ അറിഞ്ഞവനെ, ജനഹൃദയങ്ങളുടെ രാജാവാകാൻ വന്നവനെ അവർ ഭയപ്പെട്ടിരുന്നു. അവൻ കൊല്ലപ്പെടുക തന്നെവേണം.
യേശുവിൽ കുറ്റമൊന്നും കാണാതെ പിലാത്തോസ് എന്ന ഗവർണർ ഹേറോദേസ് എന്ന നാട്ടുരാജാവിന്റെ അടുക്കലേയ്ക്ക് യേശുവിനെ അയച്ചു.
ഹേറോദേസിന്റെയും പടയാളികളുടെയും അധിക്ഷേപത്തിനു ശേഷം വിധിക്കപ്പെടാതെ പീലാത്തോസിന്റെ അടുത്തേയ്ക്ക് വീണ്ടും തിരിച്ചയക്കപ്പെടുന്നു. അതോടെ ശത്രുക്കളായ രണ്ടുശക്തികൾ മിത്രങ്ങളായി.
എതിരാളിയായി യേശുവിനെ കണ്ടതുകൊണ്ടു മാത്രമാണോ അവർ സൗഹൃദം സ്ഥാപിച്ചത് . ഏതായാലും പീലാത്തോസിന്റെ നയതന്ത്രവിജയം അവിടെ നടന്നു.
വിചാരണയ്ക്കൊടുവിൽ ഈശോ കുറ്റമറ്റവനാണെന്നറിഞ്ഞിട്ടും പീലാത്തോസ് കൈകഴുകി തെറ്റില്ലാത്തവനായി സ്വയം അവരോധിച്ച് വിധി പ്രഖ്യാപനം നടത്തി.
ജനക്കൂട്ട വിചാരണ ശബ്ദമായ ” ഇവനെ ക്രൂശിക്കുക”എന്നതനുസരിച്ച് മരണത്തിനായി വിധിച്ചു…
ചുറ്റും ആരൊക്കെ പരിഹസിച്ചാലും വിചാരണയും വിധിയും നടത്തിയാലും ദൈവഹിതം നിറവേറ്റാൻ വന്ന മിശിഹാ സംസാരിക്കാൻ തയ്യാറാകാത്തതിൽ അവരെല്ലാം അസ്വസ്ഥരാണ്.
ദൈവപുത്രൻ നിശബ്ദതയുടെ പാഠങ്ങൾ നമ്മളെ പഠിപ്പിക്കുമ്പോൾ ശത്രു അക്ഷമനാകുന്നതും കാണിച്ചു തരുന്നുണ്ട്.
ഗോൽഗോഥായിലേയ്ക്ക് മരണവിധി നടപ്പാക്കാൻ കുരിശേന്തി നടക്കുമ്പോൾ വീഥിയിൽ വെച്ചു കണ്ട ശിമയോൻ എന്ന കിറാനേക്കാരനെ കുരിശു ചുമക്കാൻ പടയാളികൾ നിർബന്ധിച്ചേൽപ്പിക്കുന്നു.
യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല മരക്കുരിശിൽ തറയ്ക്കും മുമ്പേ പീഡകളേറ്റ് മരിച്ചു പോയാൽ അവർ വിചാരിച്ചപോലെ യേശുവെ വധിക്കാൻ കഴിയില്ല.
ജീവിതഭാരക്കുരിശു ചുമക്കാൻ നമുക്കും പലപ്പോഴും താങ്ങായി തണലായി ചില ശിമയോൻമാർ എത്താറില്ലേ!
മൂന്നാണിയിൽ തറക്കപ്പെട്ട യേശു എനിക്കു ദാഹിക്കുന്നു. എന്ന് പറയുന്നുണ്ട് .
ആത്മാക്കളെ നേടാനുള്ള ദാഹമാണതെന്ന് ബൈബിൾ പണ്ഡിതർ പറഞ്ഞു വെച്ചിട്ടുണ്ട്.
എല്ലാം പൂർത്തിയായി എന്നു പറഞ്ഞ് ഈശോ മരിക്കുന്നത് പഴയ നിയമത്തിലെ പ്രവാചകപ്രവചനങ്ങൾനിറവേറ്റപ്പെടുന്നതിന്റെ സൂചനയുമാണ്.
മിശിഹായുടെ ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുമ്പോൾ താളം തെറ്റിയപ്രകൃതിദൃശ്യങ്ങൾ സുവിശേഷകാരന്മാർ എഴുതിയത് വായിക്കുമ്പോൾ
അതു നമ്മെ അമ്പരിപ്പിക്കുന്നതാണ്.
മരിച്ചു കഴിഞ്ഞിട്ടും പടയാളികളിലൊരുവൻ കുന്തത്താൽ കുത്തുമ്പോഴൊഴുകുന്ന ഹൃദയരക്തവും ജലവും മാനവകുലപാപത്തെ
കഴുകുന്ന അടയാളമായി
പറയുന്നു .
മുൾക്കിരീടം, ചാട്ടവാറടി, വസ്ത്രമൂരിയെടുത്ത് നറുക്കിട്ടെടുക്കൽ, കാൽവരിയാത്ര , ഏറ്റവും വലിയ അപരാധിക്കു വിധിച്ചിരുന്ന കുരിശുമരണം ഇതെല്ലാം …എന്തിനിത്ര കഷ്ടതകൾ സ്വപുത്രന് ദൈവം നൽകിയെന്നു ചിന്തിക്കാത്തവരുണ്ടോ?
ലളിതമായ ഉത്തരമേയുള്ളു മാനവകുലത്തോടുള്ള ദൈവത്തിന്റെ അദമ്യമായ സ്നേഹം.
എന്നാൽപ്പിന്നെ മനുഷ്യരുടെ തെറ്റുകൾ പൊറുത്തുകൊണ്ട് അവരെ ദൈവത്തിനു സ്വീകരിച്ചു കൂടെ? ബലികൊടുക്കൽ എന്തിനെന്ന് മറ്റൊരു ചോദ്യമെറിയുന്നവരുണ്ട്.
ദൈവം നീതിമാനാണ്. മനുഷ്യൻ ചെയ്തു കൂട്ടിയ തെറ്റുകൾ തേച്ചു മായിച്ചു മൂടിവെക്കാനാവില്ല. പരിഹാരം ചെയ്തേപറ്റു.
തന്നിൽ നിന്നു പുറപ്പെട്ടു പോയ ആത്മാക്കളെ തിരിച്ചു കിട്ടണം. കൊടുംക്രൂരതകൾ ചെയ്തവർക്കു പോലും മാപ്പുകൊടുക്കുന്നത് അവർ അത് തിരിച്ചറിഞ്ഞ് തിരിച്ചു വരുമ്പോഴാണ്.
അതിന് അനുതാപത്തിന്റെ നിലവിളി വേണം. പാപപരിഹാരം വേണം.
അല്ലെങ്കിൽ തിന്മയുടെശക്തിയെന്നു പറയുന്ന പൈശാചികത അവനെ നേടിക്കൊണ്ടുപോകും.
ഇതിനെല്ലാം പ്രതിവിധിയായാണ് ദൈവപുത്രന്റെ സഹനബലി ദൈവം നിശ്ചയിച്ചത്. അവിടെ ദുഷ്ടശക്തിയുടെ പരാജയമാണ് വരച്ചിട്ടിരിക്കുന്നത്.
മാനവകുല പാപപരിഹാരാർത്ഥം സാത്താനൊരിക്കലും ഇതു ചെയ്യില്ലല്ലോ. നരകവാതിലുകൾ തുറന്നു കാത്തിരിക്കുന്നവന്റെ പരാജയമാണവിടെ നടന്നത്.
ബാല്യകാലത്തെ ദു:ഖവെള്ളിയാചരണം മറക്കാനാവാത്ത അനുഭവമാണ്.
ഇംഗ്ലീഷിൽ ഗുഡ്ഫ്രൈഡെ എന്നത് നമുക്കെങ്ങനെ ദു:ഖവെള്ളിയെന്നു വന്നു ? എന്നതായിരുന്നു അന്നത്തെ സംശയം.
ദൈവം ലോകത്തിന് പാപമോചനമേകിയ ദിനമെന്നർത്ഥത്തിൽ അത് നല്ല വെള്ളിയാണ്.
പക്ഷേ മിശിഹായുടെ അതിദാരുണമായ പീഡാസഹനങ്ങളെ ധ്യാനിച്ചാൽ അതു ദു:ഖവെള്ളി തന്നെയാണ്.
അന്നേ ദിനം മുതിർന്നവർ സമ്പൂർണ്ണ ഉപവാസം നടത്തും. കുട്ടികൾക്ക് ഒരുനേരം ഭക്ഷണം കഴിക്കാം.
വിശപ്പു സഹിക്കാൻ പറ്റിയില്ലെങ്കിൽ തലേന്നു വെച്ച പെസഹായപ്പവും പാനിയും തരും.
പത്രത്താളുകളിലെ അക്ഷരങ്ങൾ പോലും നോക്കാതെ വി.ബൈബിൾ വായിക്കണമെന്ന് അമ്മൂമ്മ പറയും. റേഡിയോ വാർത്ത കേൾക്കാൻ പോലും വെയ്ക്കാറില്ല.
അന്ന് മൊബൈലും മറ്റുദൃശ്യമാധ്യമമീഡിയ
കളൊന്നുമില്ലല്ലോ നോക്കിയിരിക്കാൻ.
പള്ളിയിൽ രൂപം മുത്താൻ പോകും. പ്രാർത്ഥന, കുരിശിന്റെ വഴി, പ്രസംഗം, ദിവ്യകാരുണ്യസ്വീകരണമൊക്കെയുണ്ട്.
പള്ളിമുറ്റത്തെ മേശപ്പുറത്തു വെച്ചിരിക്കുന്ന പാവയ്ക്കാനീര് സ്പൂണിൽ എടുത്ത് കൈയ്യിലൊഴിച്ച്കുടിക്കാം.
കാൽവരിമലയിൽ ദാഹിച്ചുവലഞ്ഞ യേശുനാഥന് യൂദന്മാർ കൊടുത്തത് കയ്പ്പുനീരാണല്ലോ!
അലക്കുകല്ലുകൾക്കു പോലുമന്ന് വിശ്രമമാണ്, ശബ്ദംപാടില്ല.
സ്വരമുയർത്തി വർത്തമാനമില്ല.
പ്രകൃതിക്കുപോലുമൊരു നിശ്ചലത .
കുട്ടികൾ ഓടിക്കളിക്കാനോ ഉച്ചത്തിൽസംസാരിച്ച് ബഹളമുണ്ടാക്കാനോ അനുവദിച്ചിരുന്നില്ല.
അന്നേ ദിനം ചിരിച്ചുല്ലസിക്കുന്നത് വലിയ തെറ്റായി കരുതിയിരുന്നു.
ഒരിക്കൽ എന്തോ കാര്യത്തിന് ഞങ്ങൾ കുട്ടികൾ ചിരിച്ചപ്പോൾ അമ്മൂമ്മ സ്നേഹത്തോടെ പറഞ്ഞ കാര്യമിന്നും ഓർമിക്കാറുണ്ട്.
” നിങ്ങളുടെ അപ്പനോ അമ്മയോ ഇന്നു മരിച്ചാൽ നിങ്ങൾ ഇന്നു ചിരിച്ചു കളിക്കുമോ ? അതിലും വലിയ ആളാണ് മരിച്ചത്.
മുട്ടിൻമേൽ നിന്ന് പ്രാർത്ഥിക്ക് ”
സത്യത്തിൽ ഞെട്ടലോടെയും സങ്കടത്തോടെയുമാണ് അന്നതു കേട്ടത്. പിന്നെ ഇന്നുവരെ ദു:ഖവെള്ളി ദിനം പൊട്ടിച്ചിരിച്ചിട്ടില്ല.
പള്ളിയിലെ കർമങ്ങൾക്കൊടുവിൽ കബറടക്കമെന്ന ചടങ്ങുണ്ട് .
ഇന്നും ആരംഗം കണ്ടാൽ കരയും. മരിച്ചു പോയ പ്രിയപ്പെട്ടവരെ ഓർമിക്കും. അവരുടെ വിലാപയാത്ര ദിനം നെഞ്ചിടിപ്പോടെ കൺമുന്നിൽ കാണുന്നപോലെ തെളിഞ്ഞു വരും.
നിശ്ചലനായി കിടക്കുന്ന യേശുനാഥന്റ പാടു പീഡകളേറ്റ ശരീരംകണ്ട് എനിക്കു വേണ്ടിയിങ്ങനെയൊക്കെ സഹിച്ചു എന്നു ധ്യാനിച്ചു മടങ്ങുമ്പോൾ ഒരു പ്രതീക്ഷയുണ്ട്.
മൂന്നാം നാൾ ഉയർത്തു വരുമല്ലോ! അതൊരു ആശ്വാസമാണ്. കാത്തിരിപ്പാണ്.
നല്ലതു ലഭിക്കാൻ വേദനയേറിയ ദുഃഖവെള്ളികൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. പക്ഷേ അവിടെ നിരാശ വേണ്ട. പ്രത്യാശയോടെ മഹിമ പ്രതീക്ഷിപ്പിൻ. ദുഃഖവെള്ളി ഗുഡ് ഫ്രൈഡേ കൂടിയാണല്ലോ.
എല്ലാവർക്കും ദുഃഖവെള്ളി ദിനത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.




🙏🙏
ശത്രുക്കളല്ല ശത്രുക്കളാകുന്നത്,
മിത്രഭാവത്തോട് അടുത്തുകൂടുന്നവർ…
ദുഃഖ വെള്ളിയെക്കുറിച്ചുള്ള നല്ല സന്ദേശം…. നന്നായി എഴുതി…. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്..
നന്നായി എഴുതി. അഭിനന്ദനങ്ങൾ.