തിരുവനന്തപുരം: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ തുണിക്കടയുടെ ചില്ലുഗ്ലാസ് തകർന്ന് നെഞ്ചിൽ തുളച്ചുകയറി പതിനെട്ടുകാരൻ മരിച്ചു. കല്ലിയൂർ സ്വദേശി സുരേഷിൻ്റെ മകൻ ശിവസൂര്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 8.30-ഓടെ വെടിവച്ചാൻ കോവിൽ–പുന്നമൂട് റോഡിൽ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫീസിന് മുന്നിലായിരുന്നു സംഭവം. സമീപത്തെ ടർഫിൽ നിന്ന് കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശിവസൂര്യയും സുഹൃത്തുക്കളും അടങ്ങുന്ന സംഘവും മറ്റൊരു സംഘവും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബൈക്കുകളിലെത്തിയ നാലംഗ സംഘം ശിവസൂര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയും റോഡിന് എതിർവശത്തുള്ള ‘ജയചന്ദ്രികാസ്’ വസ്ത്രശാലയുടെ വലിയ ചില്ല് ഗ്ലാസിലേക്ക് ശക്തമായി പിടിച്ചുതള്ളുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചില്ല് തകരുകയും അതിൻ്റെ കൂർത്ത ഭാഗങ്ങൾ ശിവസൂര്യയുടെ നെഞ്ചിലും ശരീരത്തിലും ആഴത്തിൽ തുളച്ചുകയറുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രക്തം വാർന്ന നിലയിൽ ശിവസൂര്യയെ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലും പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റ് പ്രതികൾക്കായി നരുവാമൂട് പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.



