കൊച്ചി: മലയാളത്തിന്റെ പ്രിയ കലാകാരൻ സലിം കുമാറിന്റെ വേർപാടിൽ നൊമ്പരപ്പെടുകയാണ് കേരളക്കര. ഓർമിക്കാൻ ഒട്ടനവധി അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച് അദ്ദേഹം മറയുമ്പോൾ മലയാള സിനിമയിലെ ഒരു സുവർണ്ണ യുഗത്തിനാണ് വിരാമമാകുന്നത്.
നടന്റെ അന്ത്യാഭിലാഷ പ്രകാരം മതപരമായ ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു വീട്ടുവളപ്പിൽ സംസ്കാരം നടത്തിയത്. എന്നാൽ, ഈ വിലാപനിമിഷങ്ങൾക്കിടയിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കേണ്ടി വന്ന സലിം കുമാറിന്റെ മകൻ ചന്തുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കവെ, ഓൺലൈൻ മാധ്യമങ്ങളടക്കമുള്ള വലിയൊരു ജനക്കൂട്ടം ക്യാമറകളുമായി തിക്കും തിരക്കും കൂട്ടുകയായിരുന്നു. പോലീസുകാർ ഇവരെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മാധ്യമപ്രവർത്തകർ ചടങ്ങുകൾ നടക്കുന്നതിന്റെ തൊട്ടടുത്തേക്ക് ഇരച്ചുകയറി. സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങുകൾ പോലും സ്വസ്ഥതയോടെ ചെയ്യാൻ അനുവദിക്കാതെ, വിങ്ങിപ്പൊട്ടി നിൽക്കുന്ന കുടുംബത്തിന്റെ മുഖത്തേക്ക് ക്യാമറകൾ നീട്ടിയപ്പോഴാണ് ചന്തുവിന് നിയന്ത്രണം നഷ്ടപ്പെട്ടത്.
എല്ലാവരോടും ദേഷ്യത്തോടെ ബാക്കിലോട്ട് മാറി നിൽക്കാൻ ആവശ്യപ്പെട്ട ചന്തു, ഒടുവിൽ സഹിക്കെട്ട് “എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?” എന്ന് ഉള്ളുലഞ്ഞ് ചോദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുറ്റുമുള്ളവർ ചന്തുവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഓൺലൈൻ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റം ചടങ്ങുകളെ ദോഷകരമായി ബാധിച്ചു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മാധ്യമങ്ങൾക്കെതിരെ കടുത്ത അമർഷവുമായി പൊതുജനങ്ങളും രംഗത്തെത്തി. ചന്തുവിന്റെ പ്രതികരണത്തെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടാണ് ആളുകൾ കമന്റുകൾ രേഖപ്പെടുത്തുന്നത്.
“ആരായാലും ദേഷ്യപ്പെട്ടു പോകും. സ്വന്തം അച്ഛന്റെ വേർപാടിന്റെ വേദനയിൽ നിൽക്കുന്ന മകനെ എങ്കിലും വെറുതെ വിട്ടുകൂടേ”, “ജന്മം നൽകിയ മനുഷ്യന്റെ അന്ത്യകർമ്മങ്ങൾ അയാൾ സ്വസ്ഥതയോടെ ചെയ്തോട്ടെ, ഉള്ളും പുറവും വിങ്ങി നിൽക്കുന്ന അവരെയെങ്കിലും ദയവായി വെറുതെ വിടൂ” എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. പണ്ടൊക്കെ ഗാനമേളകൾക്ക് മാത്രമായിരുന്ന തിക്കും തിരക്കും ഇപ്പോൾ മരണവീടുകളിലേക്കും ഓൺലൈൻ മാധ്യമങ്ങൾ എത്തിച്ചിരിക്കുകയാണെന്നും, ഇങ്ങനെയുള്ളവർക്ക് മരണവീടുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വലിയ വിമർശനമാണ് ക്യാമറക്കണ്ണുകൾക്കെതിരെ ഉയരുന്നത്



