Sunday, June 7, 2026
Homeഅമേരിക്കഅധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം - 6) ✍ റോമി ബെന്നി

അധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം – 6) ✍ റോമി ബെന്നി

‘കൊഴിയാത്ത പനിനീർദലങ്ങൾ’

അധ്യാപകർ താമസിക്കുന്ന സ്ഥലത്തു നിന്ന് സ്കൂളിലേയ്ക്കുള്ള നടവഴിക്കടുത്ത് കോളേജു കുട്ടികൾക്കായുളള പ്ലേ ഗ്രൗണ്ടാണ്.

അവിടെ പെൺകുട്ടികളുടെ വോളിബോൾ പ്രാക്ടീസ് നടക്കുന്നുണ്ട്.
വൈകുന്നേരമാകുമ്പോൾ ഹോസ്റ്റലിലുള്ള കോളേജു കുമാരികളും ബോർഡിംഗിൽ നിൽക്കുന്ന സ്കൂൾ കുട്ടികളും വോളിബോൾ കളിക്കുന്നത് കാണാൻ കുറച്ചുനേരം വന്നു നിൽക്കും.

അക്കൂട്ടത്തിൽ വലിയ കണ്ണുകളും തുടുത്ത മുഖവുമുള്ള ഒരു ചെറിയ പെൺകുട്ടി എന്നെ നോക്കി ചിരപരിചിതയെപ്പോലെ ചിരിച്ചു. സ്വാഭാവികമായി പുഞ്ചിരി പകരം കൊടുത്തുനടക്കുമ്പോൾ മനസിലുടക്കിയ പോലുള്ള നിഷ്കളങ്ക രൂപത്തെ ഞാൻ തിരിഞ്ഞു നോക്കി.

അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

എൽ.പി.സ്കൂളിൽ പഠിക്കുന്നതാണെന്നെനിക്കുമനസിലായി
ഹൈസ്കൂളിന്റെ മുറ്റത്തു കൂടി നടന്നാണ് എൽ.പി.സ്കൂളിലേയ്ക്ക് ബോർഡിംഗിലെ കുട്ടികൾ പോകുന്നത്.

പിറ്റേന്നും അവൾ എന്നെ കണ്ടു പുഞ്ചിരിച്ചു.

എന്താ മോളുടെ പേര്?

“നികിത ”

നല്ല പേരാണല്ലോ ! വിടെവിടെയാണ്?

വർത്തമാനം പറയാൻ ഒരാളെ കിട്ടിയതുപോലെ അവൾ സംസാരിക്കാൻ തുടങ്ങി.

ബെല്ലടിക്കാറായി. സ്കൂളിലേയ്ക്ക് പൊയ്ക്കോളു, വൈകുന്നേരം കാണാമെന്നു പറഞ്ഞു ഞാൻ വിട്ടു.

ഉച്ചയ്ക്ക് ഊണു കഴിക്കാൻ മെസ് ഹോളിൽ ചെന്നപ്പോൾ എൽ.പി.സ്കൂളിലെ രണ്ടു ടീച്ചർമാരും ഉണ്ടായിരുന്നു. അവരോട് വെറുതെ നികിതയെ കുറിച്ചു ചോദിച്ചു.

രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ബോർഡിംഗിൽ വന്നു നിൽക്കാനുണ്ടായ സാഹചര്യമത്ര സുഖകരമായി അവരുടെ വിവരണം കേട്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയില്ല.

ഹൃദയത്തിൽ എന്തോ ഭാരം കയറ്റിവെച്ചതു പോലെ തോന്നി. ഞാൻ രണ്ടാം ക്ലാസിലായിരുന്ന സമയത്ത് എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേർപിരിഞ്ഞ് ഇങ്ങനെ താമസിക്കേണ്ടി വന്നാലുള്ള അവസ്ഥയെക്കുറിച്ചു വെറുതെ ചിന്തിച്ചു.

ഈപ്രായത്തിലും
വെള്ളിയാഴ്ചയാകാൻ കാത്തിരിക്കുകയാണ് വീട്ടിലേയ്ക്ക് ഓടിപ്പോകാൻ.ഇത്ര ചെറിയ പെൺകുട്ടി ഇതെങ്ങനെ സഹിക്കുന്നു.

മാതാപിതാക്കൾ നഷ്ടപ്പെട്ടവരും അവരാൽ
ഉപക്ഷിക്കപ്പെട്ടവരുമൊക്കെ ബോർഡിംഗിൽ ഉണ്ട്.

അന്നതിന്റെ പേര് ഗേൾസ് ഹോം എന്നായിരുന്നു.

അവരെല്ലാം ആഹ്ലാദചിത്തരായി വീടുപോലെ ജീവിക്കുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്.

കാരണം ഓർമ്മ വെച്ച നാൾ മുതൽ അവർ കാണുന്ന വീടാണത്.

പക്ഷേ ഒരുകുടുംബത്തിലെ സ്നേഹ സൗഭാഗ്യങ്ങൾ അനുഭവിച്ചു വളർന്നിട്ട് പെട്ടെന്ന് അവിടെ നിന്ന് മാറിനിൽക്കേണ്ടി വരുന്ന അവസ്ഥ ഞാൻ വെറുതെ ഓർത്തു.

ഇനി കഷ്ടപ്പാടും ദാരിദ്ര്യവുമൊക്കെയാണെങ്കിലും അമ്മയുടെ വാത്സല്യമറിഞ്ഞു ജീവിച്ചുകൊണ്ടിരിക്കെ പൊടുന്നനെയുള്ള മാറ്റം.

വൈകുന്നേരം പതിവുപോലെ കാറ്റു കൊള്ളാനും വർത്തമാനം പറഞ്ഞിരിക്കാനും പുഴയിയിലേയ്ക്കിറങ്ങാൻ പണിത കല്പപടവുകളിൽ ഞങ്ങൾ അധ്യാപക സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയിരുന്നു.

എനിക്ക് നികിതയെ കുറിച്ചു സംസാരിക്കണമെന്നു തോന്നി.

ഇന്നും അവൾ കുസൃതിക്കണ്ണുമായി എന്നെ നോക്കിച്ചിരിച്ച്

“ടീച്ചറേ”യെന്നു വിളിച്ചു കൊണ്ട് ഓടിപ്പോയതാണ്.

ഞാൻ പഠിപ്പിക്കുന്ന കുട്ടിയല്ല . പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക് അവരുടെ ക്ലാസ്ടീച്ചറോടാണ് ഏറ്റവും ഇഷ്ടവും അടുപ്പവുമൊക്കെ.
പക്ഷേ എന്നെ കാണുമ്പോൾ അവളിൽ വിടരുന്ന പുഞ്ചിരി എന്തു കൊണ്ടോ എന്നെയും വല്ലാതെ അവളിലേയ്ക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നു.

ഏതോ ഒരു സന്ധ്യയ്ക്ക് അശരണയായി ഒരു കവറിൽ കുറച്ചു വസ്ത്രങ്ങളുമേന്തി ഒരു യുവതി കുട്ടിയുമായി കന്യാസ്ത്രി മഠത്തിലേയ്ക്ക് കയറി വന്നതാണത്രെ.

ദൂരെയാത്ര കഴിഞ്ഞു വന്ന ക്ഷീണത്താൽ അവരൊത്തിരി തളർന്നിരുന്നു.

അഭയം തേടി വന്നിരിക്കുന്ന അവരെയും കുട്ടിയെയും കണ്ടാൽ ദാരിദ്ര്യമല്ല അരക്ഷിതാവസ്ഥയുടെ ആകുലതയാണ് മുഖ്യ പ്രശ്നമെന്ന് ആർക്കും ഊഹിക്കാൻ കഴിയും.

വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് അവർ പറഞ്ഞത് ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ വീട്ടിൽ നിന്നിറങ്ങിയതാണ്.

അവരുടെ അയൽപക്കത്തെ വീടുപണിക്കു വന്നയാളുമായി നാടുവിട്ടതും പിന്നെയുണ്ടായ കഷ്ടത നിറഞ്ഞ ഏഴെട്ടു വർഷക്കാലത്തെ ജീവിതവും വിവരിക്കുമ്പോൾ അവർ പലതവണ ഏങ്ങിക്കരഞ്ഞു പോയത്രെ.

സ്വന്തം വീട്ടിലേയ്ക്കവരെ കയറ്റില്ല. ഭർത്താവിന്റെ അടി കൊണ്ടതിന്റെ പാടുകൾ അവർ കാണിച്ചു കൊടുത്തു. ഇത്ര ദൂരെ യാത്ര ചെയ്തു വന്നത് അയാളുടെ കൺവട്ടത്തിൽ നിന്ന് മറഞ്ഞിരിക്കാനാണ്.

താമസിച്ചിരുന്ന വീടിനടുത്തുള്ള സ്കൂളിൽ ഉച്ചഭക്ഷണം വെച്ചു കൊടുക്കാൻ അവർ പോകുമായിരുന്നു. അങ്ങിനെയാണവർ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്.

അവിടെ പരിചയമുള്ള ഒരു ചേച്ചിയാണ് ഈ സ്ഥലം പറഞ്ഞു കൊടുത്ത് ബസു കയറ്റി ഇവരെ വിട്ടത്.

ഇനി മടങ്ങിച്ചെന്നാൽ അയാൾ കൊന്നുകളയുമെന്നവർ കരഞ്ഞുപറഞ്ഞു.

അമ്മയും മകളും ഇറങ്ങിപ്പോന്നതിൽ അയാൾക്കൊരു വിഷമവും കാണില്ലെന്നവർക്കറിയാം. കാരണം വേറെ ഭാര്യയും മകനും അയാൾക്ക് ഉണ്ടായിരുന്നത്രെ.

കുറച്ചുകാലമായി അയാൾ ആക്രോശിക്കുന്നത് അമ്മയും മകളെയും വൈകുന്നേരമാകു
മ്പോൾ ഇവിടെ കാണരുതെന്നാണ്.

സാമാന്യം സാമ്പത്തിക സ്ഥിതിയുള്ള നികിതയുടെ അമ്മയുടെ വീട്ടിൽ നിന്ന് എന്തെങ്കിലും തട്ടിയെടുക്കാമെന്ന വിശ്വാസത്തിലാണ് അയാൾ ഈ പെൺകുട്ടിയെ നുണ പറഞ്ഞ് മയക്കി കൊണ്ടുപോയത്.

പക്ഷേ അവളുടെ വീട്ടുകാർ അടുപ്പിക്കില്ലയെന്നു കണ്ട് അയാളുടെനാട്ടിലേയ്ക്ക് മടങ്ങിപ്പോയി .ഒറ്റമുറി വീട്ടിൽ താമസിപ്പിച്ചു.

കൂടെക്കൂടെ ആദ്യഭാര്യയെ കാണാൻ പോകുകയും രാത്രികളിൽ ഭയന്ന് ഒറ്റയ്ക്കാകുകയും ചെയ്തപ്പോഴാണ് ഇവർ കാര്യങ്ങളറിഞ്ഞത്.

ഏതോ കഥ പുസ്തകത്തിലെ കഥാഖ്യാനം പോലെ ഞാനിതില്ലാം വ്യസനത്തോടെ കേട്ടിരുന്നു.

കുഞ്ഞിനെ ഇവിടെ നിറുത്തി. മറ്റൊരു കോൺവെന്റിൽ അവളുടെ അമ്മയ്ക്ക് അവിടെ അടുക്കള സഹായിയാകാൻ ജോലി കൊടുത്തു. .

മാസത്തിൽ ഒരു ദിനം അവർ വന്നു മകളെ കണ്ടു മടങ്ങും.

അമ്മയും മകളും ഒരുമിച്ചു നിറുത്താൻ ഇവിടെ സൗകര്യമുണ്ടായിരുന്നില്ല.

മാത്രമല്ല മാതാപിതാക്കളില്ലാത്തവരും അവരെ പിരിഞ്ഞിരിക്കുന്നവരുമായ മറ്റു കുട്ടികൾക്ക് അമ്മമാരായിട്ടുള്ളത് അവിടത്തെ സിസ്റ്റേഴ്സാണ്.

ഒരു കുട്ടിയുടെ അമ്മയെ മാത്രം കൂടെ നിറുത്താൻ ഇവിടത്തെ നിയമവും അനുവദിക്കുന്നുമില്ല.

ആകാശമാകെ ഇരുണ്ടു മൂടിയിരുന്നു. മഴക്കാറു കൊണ്ടല്ല. സന്ധ്യയായി.

എന്നാൽ മൂവന്തിയുടെ സൗന്ദര്യം പെട്ടെന്നു കെടുത്തിക്കൊണ്ട് തമസ് തന്റെ ശക്തി വെളിപ്പെടുത്തി.

വല്ലാത്ത മനപ്രയാസത്തോടെ ഞാനെഴുന്നേറ്റു. പുഴയെ അവിടെ കാണുന്നില്ല. പകരം കറുത്ത പുതപ്പ് .

അക്കരെ തെളിയുന്ന വഴിവിളക്കിന്റെ നേർത്ത പ്രകാശം കരയെവിടെയോ ഉണ്ടെന്നു തോന്നിപ്പിച്ചു.

രാത്രി ഹോസ്റ്റലിലെ അടുക്കളയിൽ നിന്ന് ചെറുചൂടുവെള്ളം കുപ്പിയിൽ പകർത്തുമ്പോൾ എന്നെ പിറകിൽ നിന്നാരോ തൊട്ടു.

ഒപ്പം കുപ്പിവള കിലുങ്ങുന്ന പോലെ ഒരു പൊട്ടിച്ചിരി.

“ടീച്ചറു പേടിച്ചാ”

ഉം. പേടിച്ചു പോയി. എന്താ ഇവിടെ ?

“സിസ്റ്ററമ്മയ്ക്കൊപ്പം വന്നതാ. ”

അവൾ എന്നെ തൊട്ടു നിന്നു. കണ്ണുകളിൽ എന്തൊരുപ്രകാശം. ഈ കുഞ്ഞിന്റെ മുഖത്തേയ്ക്കു നോക്കി ആ മനുഷ്യന് എങ്ങനെ ഇവരെ ഓടിച്ചു കളയാൻ തോന്നി.

കുടുംബമുള്ളയൊരാൾ ചെയ്ത വഞ്ചനയുടെ ഫലം അനുഭവിക്കുന്നത് മറ്റു രണ്ടു ജന്മങ്ങൾ.

വീട്ടിൽ നിന്നിറങ്ങി പോരുമ്പോൾ ആ പതിനെട്ടുകാരിയുമറിഞ്ഞു കാണില്ല കാലം കാത്തുവെച്ച ചതിക്കുഴികൾ.

വീട്ടുകാരെ മറന്നു ഒളിച്ചോടിയവൾ എന്ന ദുഷ്പേര് അവൾക്കു മാത്രം.ആലോചനയില്ലാതെടുത്ത ഒരു തീരുമാനത്തെ പ്രതി ജീവിതകാലം മുഴുവൻ നരകിച്ചു ജീവിക്കുക. വല്ലാത്ത വിധി തന്നെ.

ഓരോ ദിവസം ചെല്ലുന്തോറും നികിത എന്നോടു കൂടുതൽ സംസാരിക്കാനും അടുത്തു വന്നു സമയം ചിലവഴിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.

ബോർഡിംഗ് നിയമമനുസരിച്ച് സ്കൂൾ വിട്ടാൽ നേരെ അങ്ങോടു ചെല്ലണം. ടൈംടേബിൾ ക്രമമനുസരിച്ച് മണിയടിക്കുന്ന പോലെ ചിട്ടയോടെയാണ് ജീവിക്കേണ്ടത്.

എന്നാലും രാവിലെയും വൈകിട്ടും എന്നെയവൾ കാണാൻ വന്നിരുന്നു.

അമ്മയോടെന്ന മട്ടിൽ അധികാരഭാവത്തോടെ “പെൻസിൽ പോയി. ഒരെണ്ണം വേണം .കഥ പറഞ്ഞു തരുമോ” എന്നൊക്കെ കാണുമ്പോൾ ചോദിക്കാൻ തുടങ്ങി.

ബോർഡിംഗിലെ പൂന്തോട്ടത്തിലെ റോസാപ്പൂവ് ഇടയ്ക്കിടെ രാവിലെ പറിച്ചെടുത്ത് സ്റ്റാഫ് റൂമിന്റെ മുൻപിൽ വന്നു കാത്തു നിന്നു സമ്മാനിച്ചു കഴിഞ്ഞാൽ ഞാനത് മുടിയിൽ വെയ്ക്കാൻ നിർബന്ധിച്ചു കൊണ്ടിരിക്കും.

ഇതെവിടെന്ന് ? ഈ പൂവും വെച്ചു നടന്നാൽ അതുപൊട്ടിച്ചതിന് സിസ്റ്റർ എന്നെ ചൂരലിനടിക്കാനാണോ ?

എന്നെന്റെ ചോദ്യത്തിന് വാപൊത്തി അവൾ പൊട്ടിച്ചിരിക്കും.

“അയ്യേ ടീച്ചറുമ്മാരെ ആരെങ്കിലുമടിക്കുമോ?” എന്നവൾ കൊഞ്ചിപ്പറയും.

ഹോസ്റ്റലിൽ കൂടെയുള്ള ടീച്ചറിലൊരാൾ പറഞ്ഞു.

“ആ കുട്ടിക്ക് ടീച്ചറോടു വലിയ സ്നേഹമാണ്. അമ്മയെയാണ് ടീച്ചറിൽ കാണുന്നത്. പക്ഷേ ഒരു കാര്യമുണ്ട്. നമ്മൾ ഇവിടെ നിന്നു പോകും. കുട്ടിക്കത് താങ്ങാനാകുമോ ”

ശരിയാണ് . അമ്മയെ പിരിഞ്ഞത് അവൾ മറന്നു തുടങ്ങിയതാണ്.
ഓരോ തവണയും പെറ്റമ്മ കാണാൻ വന്നു പിരിയുമ്പോൾ രണ്ടു പേരും വാവിട്ടു കരച്ചിലായിരുന്നു.

ഇപ്പോൾ അമ്മയ്ക്കു മാത്രമേ കണ്ണീരുള്ളു. മോൾ ചിരിച്ചു യാത്രയാക്കുന്നുണ്ട്.

ഒരു ദിനം നികിതയുടെ അമ്മ വന്നു. അവധിദിനത്തിൽ എനിക്ക് എക്സാം ഡ്യൂട്ടിയുണ്ടായിരുന്ന ദിവസം.

റെയിൽവേയുടെ എന്തോ ടെസ്റ്റായിരുന്നു അന്നു നടന്നത്..

ഞങ്ങളുടെ സ്കൂൾ പരീക്ഷാ കേന്ദ്രമാകുമ്പോൾ
ടീച്ചേഴ്സ് നിർബന്ധമായും പരീക്ഷയുടെ ഡ്യൂട്ടി ചെയ്യണം.

ജോലി കഴിഞ്ഞ് പുറത്തിറങ്ങി പിറ്റേന്ന് അവധി ആയതിനാൽ ഹോസ്റ്റലിലേയ്ക്ക് ചെല്ലാതെ വീട്ടിലേയ്ക്ക് പോകാനിറങ്ങിയ എന്റെ പിറകെ ഒരു സ്ത്രീ ഓടിയെത്തി.

ഒറ്റനോട്ടത്തിൽ തന്നെ നികിതയുടെ അമ്മയെന്നു മനസിലായി.

കണ്ണുകൾ തളർന്നു കൂമ്പിയിരിക്കുന്നുവെങ്കിലും ആസ്ത്രീയുടെ മിഴികൾ നികിതയെ പെട്ടെന്നോർമിപ്പിച്ചു.

“ടീച്ചറെ മോൾക്ക് ടീച്ചറെ കുറിച്ചു പറയാനേയുള്ളു”.

ഞാനെന്തു ചെയ്തിട്ടാണ്? ഇടയ്ക്ക് ഒരു പേരുവിളി , ഒരു ചെറിയ തലോടൽ, കുഞ്ഞു തമാശ പറഞ്ഞു ചിരിപ്പിക്കൽ ഇതിനപ്പുറമൊന്നും ഞാൻ ചെയ്തിട്ടില്ല.

ഇത്രയേറെ കുട്ടികളു
ള്ളിടത്ത് ഒരാൾക്കുമാത്രമായി ഒന്നും ചെയ്യാനാവുകയുമില്ല. എന്നൊക്കെ ഞാനോർത്തു നിന്നു.

പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ടവർ ഒരു ചോദ്യമെറിഞ്ഞു.

“ഞാനും മോളും ടീച്ചറുടെ വീട്ടിൽ നിൽക്കട്ടെ. വീട്ടിലെ പണിയെല്ലാം ചെയ്തോളാം. മോളെ കണ്ടു കൊണ്ട് ജീവിക്കാമല്ലോ. ”

നിശബ്ദയായി നിൽക്കുന്ന എന്നെ നോക്കിയവർ പറഞ്ഞു

“നടക്കില്ലല്ലേ ? ടീച്ചറുടെ വിവാഹം ഉറപ്പിച്ചെന്നു സിസ്റ്ററമ്മ പറഞ്ഞു. ”

നിസ്സഹായതയോടെ ഞാൻ അവരെ നോക്കി.

“സാരമില്ല. ഞങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ചു നിൽക്കാൻ പറ്റിയ ഒരിടം ശരിയാക്കി തരാമെന്നു അവിടെ ഒരു ചേച്ചി പള്ളിയിൽ വെച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കു പേടിയാണ്. കോൺവെന്റിൽ കിട്ടുന്ന സുരക്ഷിതത്വം പുറത്തു കിട്ടുമോ”

ഒരിക്കൽ പറ്റിയ അബദ്ധത്തിന്റെ കുറ്റബോധത്താൽ കൺനിറഞ്ഞ് അവർ കുമ്പിട്ടു നിന്നു.

” ക്ലാസിലെ വലിയ പിള്ളേരോടൊക്കെ പറയണം ടീച്ചറെ ! ഒരു നിമിഷത്തെ തീരുമാനം തെറ്റിയാൽ ജീവിതകാലം മുഴുവൻ സഹിക്കേണ്ടിവരുമെന്ന്.

മോളില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചനേ. ഇപ്പോൾ അതിലും വേദനയാണ് അവളെ പിരിഞ്ഞു നിൽക്കുന്നത്. ”

അവർ നടന്നു പോയി.

മൂന്നാലുമാസങ്ങൾക്കു ശേഷം നികിതയെ അമ്മ വന്നു കൊണ്ടു പോയി എന്നറിഞ്ഞു.

എവിടെയോ ജോലി കിട്ടി എന്നു പറഞ്ഞാണ് പോയത്. പോകുന്ന സമയത്ത് അവർ എന്നെ കാണാൻ വന്നില്ല.

ഇപ്പോഴും ഇടയ്ക്കിടെ ആ വലിയ മിഴികൾ എന്നെത്തേടി ഓടി എത്തും. പിന്നെ ഓടിമറയും.

പനിനീർപ്പൂ പോലെവിടർന്നചിരിയുമായി നികിത ഇടയ്ക്കിടെ മനസിൽ വിരിഞ്ഞു നിൽക്കും.

കുട്ടികൾ സംഘമായി ക്ലാസിലേയ്ക്ക് നടന്നു പോകുമ്പോൾ നികിതേ എന്നെന്റെ ഒറ്റ വിളിയിൽ ഉൾപ്പുളകമാർന്ന് സ്വയം മറന്ന് ഒരു നിൽപ്പുണ്ടവൾക്ക്.

അഭിമാന ഭാവത്തോടെ സ്വന്തമാരെയോ കണ്ടതുപോലെ മറ്റു കുട്ടികൾക്കിടയിൽ മന്ദഹാസത്തോടെയുള്ള നിൽപ്പ്.

കാലമെത്ര കഴിഞ്ഞു. കൊടുത്തപരിഗണനയാലാണോ തിരിച്ചു കിട്ടിയ സ്നേഹത്തിൻ ഓർമ്മകൾ ഒരിക്കലും വിട്ടുമാറാതെ നിൽക്കുന്നതെന്താണ്.?

മനസിൽ അവളിന്നും കുഞ്ഞാമൽപ്പൂവായി വിടർന്നു ചിരിക്കുന്നു.

കുഞ്ഞുങ്ങൾക്ക് ഒരു സ്നേഹനോട്ടം കൊടുത്താൽ മതി അവരുടെ മനസിൽ നമ്മൾ ഇടം പിടിക്കാൻ എന്നു തെളിയിക്കുന്ന പവിത്രമായ നുറുങ്ങോർമ്മകൾ.

കാലം മാറ്റം വരുത്തിയ അവളുടെ മുഖം എന്റെ ഹൃദയത്തിൽ ഇനി പതിയില്ല.

പകരം വിടർന്ന മിഴികളോടെ എന്റെ ചെറിയ തമാശകളിൽ വാപൊത്തിച്ചിരിക്കുന്ന കൊച്ചു കുട്ടിയായി എന്നുമെന്നുവൾ മനസിൽ കളിച്ചു രസിക്കട്ടെ.

റോമി ബെന്നി✍

RELATED ARTICLES

3 COMMENTS

  1. നികിത… എവിടെയോ സന്തോഷവതിയായി കുടുംബ സമേതം ജീവിക്കുന്നു.അങ്ങനെ വിശ്വസിയ്ക്കാം.അല്ലെങ്കിൽ വെറുതെയവൾ മനസ്സ് നീറ്റിക്കൊണ്ടിരിയ്ക്കും

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com