ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്, കൊട്ടിയൂർ വൈശാഖോത്സവത്തിലെ രോഹിണി ആരാധനയുടെ ഭാഗമായുള്ള ‘ആലിംഗന പുഷ്പാഞ്ജലി’യാണ്.
സതീദേവിയുടെ ദേഹത്യാഗത്തെ തുടർന്ന്, അതികുപിതനായി ലോകം മുഴുവൻ മുച്ചൂടും മുടിക്കാൻ തുനിഞ്ഞ പരമേശ്വരനെ, സാക്ഷാൽ മഹാവിഷ്ണു മുറുക്കെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ച്, അദ്ദേഹത്തിന്റെ താപം ശമിപ്പിക്കുന്ന ആ പുരാണ സന്ദർഭമാണ് ഇതിന്റെ സങ്കൽപം.
ഈ ചടങ്ങിൽ കുറുമത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനമുള്ള മൂത്ത നമ്പൂതിരിക്കാണ് പൂജയ്ക്കുള്ള അധികാരം. ഈ കർമ്മത്തിൽ അദ്ദേഹം സാക്ഷാൽ മഹാവിഷ്ണുവിന്റെ സ്ഥാനത്താണ് നിലകൊള്ളുന്നത്. സ്വയംഭൂവായ കൊട്ടിയൂർ ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അദ്ദേഹം കിടക്കും. അത് ഒരു മിനിറ്റോ രണ്ടോ മിനിറ്റോ അല്ല, ദീർഘനേരമാണ്.
ആ കിടപ്പിൽ അദ്ദേഹം മരിച്ചുപോയോ എന്ന് പോലും കണ്ടുനിൽക്കുന്നവർക്ക് ശങ്ക തോന്നും. അത്രയേറെ ആഴത്തിൽ, കടുകിട ചലിക്കാതെ വിഷ്ണുവായി അദ്ദേഹം ശിവലിംഗത്തെ കെട്ടിപ്പുണർന്നു കിടക്കും. ഒടുവിൽ അദ്ദേഹം എഴുന്നേൽക്കുന്ന നേരത്ത് ഉയരുന്ന ആ വലിയ ആരവവും, തുടർന്ന് ദേവതാ വൃന്ദം നടത്തിയ പുഷ്പവൃഷ്ടിയെ അനുസ്മരിപ്പിക്കുന്ന ആ പുഷ്പാഞ്ജലിയും… അതൊരു അതിശയകരമായ അനുഭവമാണ്!
ശിവനും വിഷ്ണുവും തമ്മിലുള്ള ഗാഢമായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് ഈ ആരാധന.



