🔹രാജ്യത്തു നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാമാറ്റങ്ങള് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. 2026ലെ കറൻസി അപ്ഡേറ്റിന്റെ ഭാഗമായാണു നടപടി. എന്നാല്‍, ഇത് 2016ലേതുപോലുള്ള നോട്ട് നിരോധനമല്ലെന്നും നിലവിലുള്ള നോട്ടുകള്‍ അസാധുവാകില്ലെന്നും ആർബിഐ വ്യക്തമാക്കി. നോട്ടുകളുടെ രൂപകല്പനയില് മാറ്റമില്ലെങ്കിലും അവയുടെ സുരക്ഷയും ഈടുനില്പും വർധിപ്പിക്കുന്നതിനായുള്ള പരിഷ്കാരങ്ങളാണ് വരുത്തുന്നത്. നോട്ടുകളുടെ പ്രിന്റിംഗില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കും.നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മഷി മങ്ങുന്നതു തടയാൻ കൂടുതല്‍ കടുപ്പമുള്ള മഷി ഉപയോഗിക്കും. വാട്ടർമാർക്കിന്റെ വ്യക്തത വർധിപ്പിക്കുകയും മൈക്രോ ലെറ്ററിംഗ് കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കാഴ്ചപരിമിതിയുള്ളവർക്കും മറ്റും നോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈല്‍ മാർക്കുകള്‍ കൂടുതല്‍ വ്യക്തമാക്കും. ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നോട്ടുകളാണ് നൂറും അഞ്ഞൂറും.കൂടാതെ, കള്ളനോട്ടുകള്‍ നിർമിക്കുന്നതു തടയാൻ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ അറിയിച്ചു. നിലവില്‍ കൈവശമുള്ള 100, 500 രൂപ നോട്ടുകള്‍ നിയമപരമായി സാധുതയുള്ളതാണ്. അവ തുടർന്നും ഉപയോഗിക്കാം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്കി മാറ്റേണ്ട ആവശ്യമില്ല. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എടിഎമ്മുകള്‍ വഴിയും ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തുകയുള്ളൂ.
🔹ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും യാത്രക്കാരുടെ സൗകര്യങ്ങളും വർധി പ്പിക്കുന്നതിനായി ബൃഹത്തായ പരിഷ്കരണ നടപടികളുമായി കേന്ദ്ര സർക്കാർ. ‘ഇന്ത്യൻ റെയിൽവേ റിഫോം പുഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ട്രെയിൻ കോച്ചുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനായി ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുചിത്വ പരിപാടികൾ. സ്ലീപ്പർ, എസി കോച്ചുകൾക്ക് പുറമെ സാധാരണക്കാർ യാത്ര ചെയ്യുന്ന ജനറൽ കോച്ചുകളിലെ ശുചിത്വത്തിനും ഇനി വലിയ പ്രാധാന്യം നൽകും.
ട്രെയിനുകളിലെ ശുചിമുറികൾ കൂടുതൽ വൃത്തിയായും ദുർഗന്ധമില്ലാതെയും സൂക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.യാത്രക്കാർക്ക് ശുചിത്വമില്ലാത്ത ഭാഗങ്ങളെക്കുറിച്ച് തത്സമയം പരാതി നൽകാനും അത് വേഗത്തിൽ പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ കൂടുതൽ കർശനമാക്കും. റെയിൽവേയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ചരക്ക് നീക്കത്തിൽ വലിയ മാറ്റങ്ങളാണ് വരുന്നത്.കൂടുതൽ ഉത്പന്നങ്ങൾ റെയിൽവേ വഴി എത്തിക്കാൻ വ്യാപാരികൾക്ക് സൗകര്യമൊരുക്കും. ഇതിനായി ചരക്ക് ട്രെയിനുകളുടെ വേഗതയും ലഭ്യതയും വർധിപ്പിക്കും. ചരക്കുകൾ വേഗത്തിൽ കൈമാറാൻ പ്രധാന സ്റ്റേഷനുകൾക്ക് സമീപം അത്യാധുനിക ലോജിസ്റ്റിക് ഹബ്ബുകൾ സ്ഥാപിക്കും.
🔹നഷ്ടപരിഹാരം ആരു നൽകുമെന്നു രേഖാമൂലം ഉറപ്പുലഭിക്കാതെ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിലെ തീപിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങൾ മാറ്റേണ്ടതില്ലെന്നു വാഹനങ്ങളുടെ ഉടമകളുടെ തീരുമാനം.വിഷയത്തിൽ ടു വീലർ യൂസേഴ്സ് അസോസിയേഷൻ നേരിട്ടും ഇമെയിൽ മുഖേനയും റെയിൽവേക്കു നൽകിയ നിവേദനങ്ങൾക്കു മറുപടിനൽകാനോ നഷ്ടപരിഹാരത്തിൽ തീരുമാനം അറിയിക്കാനോ ദുരന്തം നടന്നു 48 ദിവസം കഴിഞ്ഞിട്ടും റെയിൽവേ തയാറായിട്ടില്ല. കത്തിനശിച്ച വാഹനങ്ങൾ എടുത്തുമാറ്റാൻ കരാറുകാരനാണ് ഇപ്പോൾ വാഹന ഉടമകൾക്കു നിർദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാഹന ഉടമകളുടെ തീരുമാനം.
🔹 ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി റൂറൽ പോലീസ്. പോലീസ് തയാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിന്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തെരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മണപ്പുറത്തുള്ള അമ്പലത്തിൽനിന്നു 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും റൗഡികളേയും മറ്റും നിരീക്ഷിക്കാൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അതേസമയം ഫെബ്രുവരി 15ന് വൈകുന്നേരം നാല് മുതൽ 16ന് ഉച്ചയ്ക്ക് രണ്ടു വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്നു ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
🔹 അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി മരണത്തിലും മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിടചൊല്ലുന്നു. മല്ലപ്പള്ളി നെടുങ്ങാപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം ആരംഭിച്ചു. വൈകുന്നേരം 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിലേക്ക് വിലാപയാത്രയായി ആലിന്റെ ഭൗതിക ശരീരം എത്തിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
🔹സാമ്പത്തിക ബാധ്യതകളെ തുടർന്ന് കർഷകൻ ജീവനൊടുക്കി. കണ്ണൂര്‍ ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്.കീടനാശിനി കഴിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഏലിയാസ് ചികിത്സയിൽ കഴിയുകയായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏലിയാസിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
🔹ഒല്ലൂർ സെന്ററിൽ ചരക്കുലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും കൂട്ടിയിടിച്ച് ആറുപേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ പുലർച്ചെ 4.20 നായിരുന്നു അപകടം.എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കുവരികയായിരുന്ന, അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസിൽ മരത്താക്കര ഭാഗത്തുനിന്നു ഒല്ലൂരിലേക്കുവരികയായിരുന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും ബസിൽ ഉണ്ടായിരുന്ന അഞ്ച് അയ്യപ്പഭക്തർക്കുമാണ് പരിക്കേറ്റത്. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൗൺസിലർ പോളി ജോസ്, മരംതട്ട് യൂണിയൻ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലിടിച്ച് തൂൺ ഒടിഞ്ഞുവീണു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലിടിച്ച് തൂൺ ഒടിഞ്ഞുവീണു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
🔹കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വച്ചത് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയെന്ന നിഗമനത്തിലാണ് പോലീസ്.നേരത്തെ മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ടൗൺ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരെ ലക്ഷ്യം വച്ച് കത്തി കൈയിൽ കരുതിയിരുന്നതായി പ്രതി പലരോടും പറഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
🔹ശബരിമല കൊടിമരക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.നിർമാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനും സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
🔹 സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്. ശനിയാഴ്ച രാത്രിയിൽ മുണ്ടക്കയം വണ്ടൻപതാലിലുണ്ടായ സംഭവത്തിൽ പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്.സുമേഷിനാണ് (36) പരിക്കേറ്റത്.സുമേഷ് സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുമേഷിനെ കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
🔹കെഎൽഡിസി കനാലിൽ വെള്ളമില്ലാത്തതിനാൽ ജില്ലയിലെ 8500 ഓളം ഏക്കർ നെൽക്കൃഷി ഉണങ്ങുകയാണെന്നും ചിമ്മിനി, പീച്ചി ഡാമുകളിൽ ഏതെങ്കിലുമൊന്ന് തുറന്നുവിടാൻ അടിയന്തരനടപടിയെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.പറപ്പൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലെ 2500 ഏക്കർ കൃഷിഭൂമിയും അടാട്ട്, കൈപ്പറമ്പ്, മുല്ലശേരി, എളവള്ളി പാടശേഖരങ്ങളിലെ അറുന്നൂറ് ഏക്കർ നെൽക്കൃഷിയും ഉണങ്ങുകയാണ്. അമ്പത്തൊന്നുതറ, പതിയാർക്കുളങ്ങര, മുള്ളൂർത്താഴം, പോന്നോർതാഴം പ്രദേശങ്ങളിലെ കോൾച്ചാലുകൾ ഒരുമാസത്തോളമായി വറ്റിവരണ്ടുകിടക്കുകയാണ്.
🔹ബോട്ട് ജെട്ടിയിൽ പോളപ്പൂവ് കാണാൻ വൻ ജനത്തിരക്ക്. സോഷ്യൽ മീഡിയയിൽ റീലുകൾ ചിത്രീകരിക്കാനും ചിത്രങ്ങൾ പകർത്താനുമായി ആളുകൾ വന്നുതുടങ്ങിയതോടെയാണ് പോളപ്പൂവ് ഹിറ്റായത്. ഫെബ്രുവരി മാസമാണ് ആഫ്രിക്കൻ പോള മുൻ വർഷങ്ങളിലും പൂവിട്ടത്. ബോട്ട് സർവീസ് നടത്തുന്നതിന് പോള തടസങ്ങൾ സൃഷ്ടിക്കുണ്ടെങ്കിലും ബോട്ട് ജെട്ടി ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
🔹വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ ഇന്നു നടക്കും. ക്ഷേത്രത്തിൽ രാവിലെ എട്ടിനു പഞ്ചവാദ്യം, വൈകീട്ട് ആറിന് നിറമാല എന്നിവയും ശ്രീമൂലസ്ഥാനത്തെ ശിവരാത്രിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ രാത്രി 11.45 വരെ ഭജനാമൃതം, സംഗീതക്കച്ചേരി, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ പരിപാടികളും, മതിൽക്കകത്ത് ഉച്ചകഴിഞ്ഞു മൂന്നിനു കൂത്ത്, രാത്രി ഒന്പതിനു തായമ്പക, രാത്രി 8.30 നു പാറമേക്കാവ് ക്ഷേത്രത്തിൽനിന്നും രാത്രി 10.30 ന് ഷൊർണൂർ റോഡിലെ സത്രം ജംഗ്ഷനിൽനിന്നും എഴുന്നള്ളിപ്പ്, പുലർച്ചെ 1.15ന് തൃപ്പുക നടയടയ്ക്കൽ, തുടർന്ന് വിളക്കാചാരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും. നാളെ ഏഴിനു നിർമാല്യദർശനവും നെയ്യഭിഷേകവും ഉണ്ടായിരിക്കും.
🔹തൃശൂർ – കുന്നംകുളം റോഡ് നവീകരണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സംഘവും അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരിച്ചും 40 കിലോമീറ്റർ സൈക്കിൾ റാലി നടത്തി.
2024 ഒക്ടോബറിൽ ഈ റോഡ് മോശം അവസ്ഥയിലായിരുന്നപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറും സംഘവും ഇതേ റോഡിൽ സൈക്ലിംഗ് നടത്തിയിരുന്നു. റോഡിന്റെ നവീകരണപ്രവൃത്തി ഈ മാസം 20നകം പൂർത്തിയാകുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു.
തൃശൂർ സൈക്കിളേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾയാത്രയിൽ കളക്ടറോടൊപ്പം 50 ക്ലബ് അംഗങ്ങൾ പങ്കെടുത്തു. തൃശൂർ – കുറ്റിപ്പുറം കെ എസ്ടിപി റോഡ് നിർമാണപ്രവൃത്തി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട സമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്.
🔹ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് അയല്‍പ്പോരിന്റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്… വെറുമൊരു അയല്വാശിക്കപ്പുറം രാഷ്ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക. ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്നം പരിഹരിക്കുകയായിരുന്നു.ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില് വീര്പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്റെ നിപാടിനെ തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്ക്കുംശേഷം പാക്കിസ്ഥാന് മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഓണ്‍ ആയി.
🔹നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസുകളും ഉണ്ട്. കുടംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസുകൾ കടന്നു വരുന്നു.അതിന്റെ പിന്നാലെയുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.നവാഗതനായ യതീന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജുജെ ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു ജെ എന്നിവർ നിർമിക്കുന്നു.
കമലിനോടൊപ്പം ദീർഘകാലംസഹസംവിധായകനായി പ്രവർത്തിച്ചു പോന്ന വ്യക്തി കൂടിയാണ് യതീന്ദ്രൻ. അൽത്താഫ് സലിമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയ, പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, ഗോകുലൻ, നന്ദനാ വർമ്മ, സോഹൻ സീനുലാൽ, അബിൻ ബിനു, ശീതൾ സഖറിയ, മേഘ തോമസ്, ജയൻ രാജാ, സെബി ബാസിം, കൃഷ്ണപ്രിയാ, പ്രിയാ ശീജിത്ത് എന്നിവരും പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം നൂറ്റയമ്പതോളം പുതുമുഖങ്ങളും ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരും ഈ ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു.
സംഗീതം-പ്രിൻസ് ജോർജ്. ഛായാഗ്രഹണം – അർജുൻ ആർക്കോട്ട്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്. പ്രൊഡക്ഷൻ ഡിസൈൻ-സുജിത് രാഘവ്. മേക്കപ്പ് – സിനൂപ് രാജ്. കോസ്റ്റ്യും ഡിസൈൻ-മെൽവിൻ ജെ. കാസ്റ്റിംഗ് ഡയറക്ടർ – രാജേഷ് നാരായണൻ. സ്റ്റിൽസ്- ജിനു ഫ്രാൻസിസ്. ലൊക്കേഷൻ മാനേജർ – വേലപ്പൻ വാണിയംകുളം. പ്രൊഡക്ഷൻ മാനേജേർസ് – നിധിൻ ഫ്രെഡ്ഡി റിയാസ് മുഹമ്മദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ. പിആർഒ- വാഴൂർ ജോസ്.
💦 ഗുരുജിയുടെ വാക്കുകൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകാത്ത മനുഷ്യർ ഉണ്ടാവില്ല. കുടുംബ ബന്ധങ്ങളിലെ തകർച്ചകൾ, രോഗങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ജോലിക്കാര്യങ്ങൾ, മരണം തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കും മിക്ക പ്രതിസന്ധികളും. അതിനെ എങ്ങിനെയാണ് നമ്മൾ നേരിടുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്.
മനുഷ്യന് മസിൽ പവ്വർ പോലെ അത്യന്താപേക്ഷിതമാണ് മെൻ്റൽ പവ്വറും.മസിൽ പവ്വർ നന്നാക്കാനായി നമ്മൾ ജിംനേഷ്യത്തിൽ പോകുന്നു. എന്നാൽ മനുഷ്യൻ്റെ മെൻറൽ പവ്വറിൻ്റെ ശക്തി കൂട്ടുന്നത് അവൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ്. അതിജീവനം കൊണ്ട് അവൻ്റെ മന:ശ്ശക്തി പൂർവ്വാധികം ഉത്തേജിക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ജീവിതത്തോട് പോരാടി നമുക്ക് അവകാശപ്പെട്ടത് സ്വന്തമാക്കണം.



