ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ നാം പതിവായി കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. എന്നാൽ ഒരേ ഭക്ഷണം സ്ഥിരമായി കഴിക്കുമ്പോൾ പലർക്കും മുട്ടയോട് മടുപ്പ് തോന്നാറുണ്ട്. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണമെന്ന നിലയിലാണ് മുട്ടയെ പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ മുട്ട കഴിച്ച് മടുത്തവർക്ക് പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളും ഉണ്ട്. അത്തരത്തിലുള്ള ചില മികച്ച പ്രോട്ടീൻ ഉറവിടങ്ങളെ പരിചയപ്പെടാം.
1. മുരിങ്ങയില
സാമ്പാറിലും അവിയലിലും തീയലിലും മുരിങ്ങ ഒഴിവാക്കാനാകാത്ത ഒരു പച്ചക്കറിയാണ്. മുരിങ്ങക്കോൽ മാത്രമല്ല, മുരിങ്ങയിലയും പോഷകഗുണങ്ങളിൽ മുന്നിലാണ്. 100 ഗ്രാം മുരിങ്ങയിലയിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, സി, ഇ എന്നിവയും കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു
2. കൂൺ
ഇരുമ്പ്, സെലീനിയം, ആന്റിഓക്സിഡന്റുകൾ, വിവിധ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കൂൺ. പ്രോട്ടീനും നല്ല അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. കലോറിയും കൊഴുപ്പും താരതമ്യേന കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ കൂൺ സഹായിക്കും. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൂൺ നല്ലൊരു തിരഞ്ഞെടുപ്പാണ്.
3. ചീര
പച്ചയും ചുവപ്പും ഉൾപ്പെടെ വിവിധ ഇനങ്ങളിലുള്ള ചീര നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ നിന്ന് ഏകദേശം 5 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ വിറ്റാമിനുകൾ, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ചീരയിൽ ധാരാളമുണ്ട്. ചീരയിൽ അടങ്ങിയിരിക്കുന്ന ആൽഫ-ലിപോയിക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്



