അതിർത്തിക്കല്ലുകൾ
പെരിയമുത്തുച്ചാമിക്കൗണ്ടറുടെ പടിപ്പുരവാതിൽ ശബ്ദമുണ്ടാക്കാതെ മെല്ലെ തുറന്ന് നാലഞ്ചുപേർ പൂമുഖത്തിന്റെ മുന്നിൽ വായപൊത്തി വളഞ്ഞുനിന്നു.
“അയ്യാ കൗണ്ടറയ്യാ കൊഞ്ചം വെളിയെ വാങ്കയ്യാ ”
വന്നുനിന്നവരിൽ ആണ്ടിയാണ് ഉറക്കെ വിളിച്ചു പറഞ്ഞത്. അകത്തുനിന്ന് കൗണ്ടറുടെ സംസാരമാണ് ആദ്യം പുറത്തുവന്നത് . അവർ ഒന്നും മനസ്സിലാവാതെ വായപൊളിച്ചു നിന്നു.
”എന്നാ എന്നാ ഇങ്കെ ഇവ്വളവ് കൂട്ടം ?”
“അമ്മാ തായേ അയ്യാവേ വരസ്സൊല്ല്ങ്കളേ”
അവർ കുറച്ചുനേരം പകച്ചുനിന്ന് തലയിൽ കൈ വച്ച് അകത്തേക്ക് പോയി. രണ്ടുമൂന്നു നിമിഷം കഴിഞ്ഞപ്പോൾ പെരിയമുത്തുച്ചാമിക്കൗണ്ടർ പുറത്തെത്തി. ഒന്നും മനസ്സിലാവാത്തപോലെ ഗൗരവത്തോടെ അവിടെത്തന്നെ നിന്നു.
സാന്തന്നൂരിലെ സമ്പന്നരായ ജന്മിമാരിൽ മുഖ്യൻ മുത്തുച്ചാമിക്കൗണ്ടറാണ്. കൗണ്ടർകുടുംബത്തിലെ കാരണവന്മാർക്ക് വേറെ പേരുകളുണ്ടെങ്കിലും പൊതുവേ അവർ മുത്തുച്ചാമിക്കൗണ്ടർ എന്ന പേരിലാണ് അറിയപ്പെടുന്നത് .
“അയ്യാ പത്തുനൂറ് ആളങ്ക വന്തിരിക്കാങ്കെ. എത്ക്ക്ന്ന് തെരിയില്ലൈ . എന്നാന്ന് തെരിയില്ലൈ . നമ്മ നിലത്തിൽ അവങ്ക അളക്കറാങ്കെ കുച്ചിയടിക്കറാങ്ക . എല്ലാം വെള്ളക്കാരങ്ക. നമ്മ ആള്ങ്കളും ഇരിക്കറാങ്കെ. ”
കൗണ്ടർക്ക് ഒന്നും വ്യക്തമായില്ല. അദ്ദേഹം വീണ്ടും ഓരോരുത്തരെയും നോക്കി മീശപിരിച്ച് നിന്നു “യതാവത് ഒന്ന് വിവരമാ ശൊല്ലപ്പാ . എന്നാ നടക്കുത്? യാരു വന്തിരിക്കാ ? ”
അപ്പോഴാണ് ചൊക്കൻ കുറച്ചുകൂടി വളഞ്ഞുനിന്ന് ഓച്ഛാനിച്ചുകൊണ്ട് പറഞ്ഞത്
“നമ്മ കിരാമത്തില് റെയില് വണ്ടി വരപ്പോകുത് ന്ന് സൊല്ലറാങ്കെ . നമ്മ നെലമെല്ലാം വെള്ളക്കാരങ്ക എട്ത്തിരിക്കാങ്ക ….. ”
” അത് താനാ ? അതെനക്ക് തെരിയുമേ . നീങ്കെല്ലാം പോയി അവങ്കള്ക്ക് തേവയാന ഒതവി ശെയ്. എല്ലാം നമ്മ നലത്തിർക്കാകത്താൻ. റെയില് വണ്ടി വരട്ടും നല്ലത് താനേ ”
കൗണ്ടർ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. അദ്ദേഹത്തെക്കണ്ട് വിവരം അറിയിക്കാൻ വന്ന ആശ്രിതർ ഒന്നും മനസ്സിലാവാതെ പിറുപിറുത്തുകൊണ്ട് കൈവഴികളായി പിരിഞ്ഞു .
അങ്ങനെയാണ് സാന്തനൂരിൽ റെയിൽവേയുടെ പണി തുടങ്ങിയത്. ഭൂമി ആരുടെ പേരിലായാലും അതെല്ലാം കമ്പനിയുടെവക എന്ന കണക്കിലാണ് അധികാരികൾ പണിക്കു മാർഗ്ഗനിർദേശം നൽകിയത്. സാന്തന്നൂരിന്റെ ഹൃദയഭാഗം അവർ അളന്ന് കല്ലുകൾ നാട്ടി വേർതിരിക്കുകയാണ്. കുതിരവണ്ടികളിൽ വന്നിറങ്ങിയ സായിപ്പന്മാർ നിർദ്ദേശം കൊടുക്കുന്നു. കുതിരപ്പുറത്ത് ഇരുന്നുനീങ്ങുന്ന അവരുടെ കീഴുദ്യോഗസ്ഥർ മറ്റുള്ളവർക്ക് ആജ്ഞകൾ കൈമാറുന്നു.
“From there, not there, little more beyond ”
“The next one over there ……. ”
പണിക്കാർ അനുസരണയോടെ കല്ലുകൾ തൂക്കി എടുക്കുന്നു. ചിലർ കുഴിക്കുന്നു. ചിലർ വയ്ക്കുന്നു. ചിലർ ഉറപ്പിക്കുന്നു. എല്ലാവരും വിയർപ്പൊഴുക്കുന്നു. അവരുടെ വിയർപ്പുതുള്ളികൾവീണ് ഉറച്ച കല്ലുകൾ വരാനിരിക്കുന്ന അധികാരവിസ്തൃതിയുടെ വിളംബരക്കല്ലുകളായി നിൽക്കുന്നു.
ഒരുമാസത്തിനുള്ളിൽ ആയിരത്തോളം ഏക്കർഭൂമി രണ്ടുഭാഗത്തും കല്ലുകൾ ഇട്ട് അതിർത്തി തിരിക്കപ്പെട്ടു. സാന്തന്നൂരിനെ രണ്ടായിമുറിച്ചുകൊണ്ട് ഇരുഗൂർമുതൽ മതുക്കരവരെ ഏകദേശം പതിനഞ്ചു മൈൽ നീളത്തിൽ റെയിൽവേ കല്ലുകൾ പാകി അതിർത്തി തിരിക്കപ്പെട്ടു. സാന്തന്നൂരിലാണ് ഏറ്റവും അധികം സ്ഥലം അവർ കണ്ടുകെട്ടിയത്. റെയിൽപ്പാതയ്ക്കും ആപ്പീസിനും അതിനോട്ചേർന്ന് മറ്റുപല കെട്ടിടങ്ങൾക്കും ജോലിക്കാരുടെ പാർപ്പിടങ്ങൾക്കും അവരുടെ സൗകര്യങ്ങൾക്കും മറ്റുമായി ഏകദേശം മുന്നൂർ ഏക്കർ ഭൂമി അവർ പിടിച്ചെടുത്തിരുന്നു.
അതിൽ കൗണ്ടറുടെ നെൽവയലുകളും കരിമ്പിൻതോപ്പുകളും തെങ്ങിൻപറമ്പും ഉണ്ടായിരുന്നു.
നഷ്ടപ്പെട്ടതിലൊന്നും കൗണ്ടർ അസ്വസ്ഥനായില്ല. വരാനിരിക്കുന്ന നേട്ടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ കണ്ണ് . കൗണ്ടറുടെ മുൻഗാമികളും അങ്ങനെയായിരുന്നു.



