Thursday, June 4, 2026
Homeഅമേരിക്കപുസ്തക പരിചയം: 'ഡയാസ്പൊറ' രചന: സുരേഷ് കുമാർ വി. ✍തയ്യാറാക്കിയത്: ദീപ ആർ...

പുസ്തക പരിചയം: ‘ഡയാസ്പൊറ’ രചന: സുരേഷ് കുമാർ വി. ✍തയ്യാറാക്കിയത്: ദീപ ആർ അടൂർ

“ഡയാസ്പൊറ”

മട്ടാഞ്ചേരിയുടെ ഉൾത്തുടിപ്പുകളുടെ ആവിഷ്കാരം.

ഡിസി ബുക്ക്സ് 2024 ൽ നടത്തിയ സുവർണ ജൂബിലി നോവൽ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ നോവലാണ് ‘ഡയാസ്പൊറ’. ഇത് ഒരിക്കൽ മട്ടാഞ്ചേരി എന്ന തുരുത്തിനെ മനോഹരമാക്കിയ ജൂതസമൂഹത്തിന്റെ അസ്തമയവും, ഓർമ്മകളുടെ നിലവിളിയും, സോളമൻ ഹലേഗ്വ എന്ന സാധു മനുഷ്യന്റെ സ്വത്വാന്വേഷണവും ചേർന്നൊരു നോവലാണ്.

ഈ കൃതിയിൽ, എഴുത്തുകാരൻ ‘പ്രവാസം’ എന്ന ആശയത്തെ ഭൗതിക അർത്ഥത്തിൽ മാത്രം കാണുന്നില്ല; മറിച്ച്, സ്വന്തം നാട്ടിൽത്തന്നെ അന്യനായി ജീവിക്കേണ്ടിവരുന്ന ഒരു മാനസികാവസ്ഥയായി അവതരിപ്പിക്കുന്നു.

മുത്ത എന്ന് വിളിപ്പേരുള്ള സോളമൻ ഒരു വ്യക്തിയെന്നതിലുപരി, ഒരു സംസ്കാരത്തിന്റെ, കേരളത്തിലെ അവസാന സാക്ഷിയാണ്. ഇസ്രായേലിലേക്ക് പോയ തന്റെ സമൂഹത്തിൽനിന്ന് വേർപെട്ട്, മട്ടാഞ്ചേരിയിലെ പഴയ വീട്ടിലും ഓർമ്മകളിലും കുടുങ്ങിക്കിടക്കുന്നവനായി അയാൾ നിലകൊള്ളുന്നു. “കൊച്ചിയെ ഞങ്ങ മറന്നാൽ ഞങ്ങ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ” എന്ന ബാപ്പുച്ചയുടെ വാക്കുകൾ, ജൂതസമൂഹം കൊച്ചിയെ എത്രത്തോളം ഹൃദയത്തിൽ വഹിച്ചിരുന്നു എന്നത് സൂചിപ്പിക്കുന്നു. മക്കളുടെ നിർബന്ധത്താൽ യിസ്രയേലിലേക്ക് പോകാൻ പാതിസമ്മതം മൂളുന്ന മൂത്ത അപ്പോൾ മുതൽ മാനസികവും ശാരീരികവുമായി വല്ലാത്ത പ്രതിസന്ധികൾ ആണ് നേരിടുന്നത്. വാഗ്ദത്ത നാടായ യിസ്രയേലിനേക്കാൾ, ജനിച്ച മണ്ണായ കൊച്ചിയെ സ്നേഹിച്ച മുത്തയുടെ ജീവിതത്തിന്റെ അവസാനഘട്ടം, “എവിടെയാണ് എന്റെ നാട്?” എന്ന ചോദ്യത്തിന്റെ ചുറ്റും സഞ്ചരിക്കുന്നു.

യിസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതീകാത്മകമായി മുത്ത വളർത്തുന്ന പന്ത്രണ്ടു പൂച്ചകളായി എഴുത്തുകാരൻ അവതരിപ്പിക്കുന്നു. പന്ത്രണ്ടുപേരെയും പല കാലങ്ങളിലായി നഷ്ടപ്പെട്ട് പോകുന്നുണ്ടെങ്കിലും നോവലിന്റെ അവസാനം രണ്ടുപേരെ തിരിച്ചു കിട്ടുന്നതായി കാണാം. ശേഷിക്കുന്ന രണ്ടുഗോത്രങ്ങളെ അവ പ്രതിനിധാനം ചെയ്യുന്നു.


ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അവതരണരീതിയാണ്. സംഭവങ്ങളിലൂടെ മാത്രമല്ല കഥ മുന്നോട്ട് പോകുന്നത്. ശബ്ദങ്ങൾ, മണങ്ങൾ, ഓർമ്മകൾ എന്നിവയിൽ കൂടിയുമാണ്. പഴയ വീട്ടിന്റെ അടുക്കളമണം, തെരുവിന്റെ ഗന്ധം, മതചടങ്ങുകളുടെ ശബ്ദങ്ങൾ— ഇവയെല്ലാം ചേർന്ന് ഒരു ജീവിച്ചിരിക്കുന്ന ലോകം സൃഷ്ടിക്കുന്നു. വായനക്കാരൻ കഥ വായിക്കുകയല്ല; മറിച്ച് അതിനെ അനുഭവിക്കുന്നു. ഈ അനുഭവലോകത്തിൽ “ഗോവണി” പോലുള്ള വസ്തുക്കൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഗോവണി വെറും ഒരു വസ്തുവല്ല; അത് ഒരു കഥാപാത്രം തന്നെയാണ്. തലമുറകളുടെ ചുവടുകൾ കേട്ട, കാലത്തിന്റെ സഞ്ചാരത്തിന് സാക്ഷിയായ ഒരു സാന്നിധ്യം. സോളമന്റെ ജീവിതവും ഓർമ്മകളും ഈ ഗോവണിയുമായി ചേർന്ന് നിൽക്കുന്നതിലൂടെ, സമയം തന്നെ ഒരു ജീവിക്കുന്ന ഘടകമായി മാറുന്നു.

കഥാപാത്രരൂപീകരണത്തിലും നോവൽ ശ്രദ്ധേയമാണ്. ശക്തമായ സൗഹൃദത്തിന്റെ കഥ കൂടിയാണ് ഡയാസ്പൊറ. സോളമന്റെ സന്തത സഹചാരി ആയിരുന്ന ഇളംപരിതി, ജോഷ്വാ, യോനാ എന്നിവർ നോവലിൽ ഉടനീളം സാന്നിധ്യം അറിയിക്കുന്നു. ജൂതപ്പുരയുടെ കാര്യസ്ഥൻ ലാസർ, യജമാനനോടുള്ള സ്നേഹത്തിന്റെയും വിധേയത്വത്തിന്റെയും മൂർത്തിഭാവമാണ്.

സോളമന്റെ ജീവിതത്തിൽ വരുന്ന സ്ത്രീ കഥാപാത്രങ്ങൾ—തിമോര, ലാസറിന്റെ ഭാര്യ മാർത്ത, ജോസഫൈൻ— അയാളുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്നു. ഭാര്യയായ തിമോര ശാന്തവും ഉൾക്കാഴ്ചയുള്ളതുമായ സാന്നിധ്യമാണ്; അവൾ ബന്ധങ്ങളുടെ സ്ഥിരതയും സഹിഷ്ണുതയും സൂചിപ്പിക്കുന്നു. വീട്ടുജോലിക്കാരിയായ മാർത്ത, സോളമന്റെ ജീവിതത്തിൽ ശക്തമായ പ്രണയവും ശാരീരിക ആകർഷണവും നിറഞ്ഞ ഒരാളാണ്; അവൾക്ക് സോളമനോടുള്ള ബന്ധത്തിൽ ഒരു മേൽക്കോയ്മയും തുറന്ന വികാരപ്രകടനവും കാണാം. യൗവനകാലത്തെ കാമുകിയായ ജോസഫൈൻ, സോളമന്റെ മനസ്സിൽ ഇന്നും ജീവിക്കുന്ന ഒരു മധുരനൊമ്പരമായ ഓർമ്മയാണ്. ഈ മൂന്ന് സ്ത്രീകളും ചേർന്ന്, പ്രണയത്തിന്റെ മൂന്ന് ഭാവങ്ങൾ—സ്ഥിരത, ആസക്തി, ഓർമ്മ—എന്ന രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

മട്ടാഞ്ചേരിയും അവിടത്തെ ജൂതസമൂഹവും ഈ നോവലിൽ പശ്ചാത്തലമല്ല; കഥാപാത്രങ്ങളാണ്. പതിഞ്ഞുപോകുന്ന ഒരു സമൂഹത്തിന്റെ നിശ്ശബ്ദമായ അസ്തിത്വം, സോളമന്റെ ഏകാന്തതയുമായി ചേർന്ന് ഒരു ദുഃഖഗാനമായി മാറുന്നു. ഈ പശ്ചാത്തലത്തിൽ, പ്രവാസം ഒരു ഭൗതിക യാത്രയല്ല, മറിച്ച് മനസ്സിന്റെ ഒറ്റപ്പെടൽ കൂടിയാണ് എന്ന സന്ദേശം നോവൽ ശക്തമായി അവതരിപ്പിക്കുന്നു.
അതിമനോഹരമായ ഭാഷയിലെ കാവ്യാത്മകത ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു.
ചുരുക്കത്തിൽ, ഡയാസ്പൊറ ഒരു കഥയല്ല; അത് ഒരു അനുഭവമാണ്. മനുഷ്യരെക്കാൾ ഓർമ്മകൾക്ക് ജീവൻ നൽകിയ, ശബ്ദങ്ങളും മണങ്ങളും കഥാപാത്രങ്ങളാക്കിയ ഈ നോവൽ, സ്വത്വം, പ്രവാസം, ഓർമ്മ എന്ന വിഷയങ്ങളെ വ്യത്യസ്തമായൊരു ഭാഷയിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയ കൃതിയാണ്.

മനോഹരമായ വായന സമ്മാനിച്ച ഡയാസ്പൊറയ്ക്കും എഴുത്തുകാരൻ ശ്രീ. സുരേഷ് കുമാർ വി യ്ക്കും ഹൃദയംനിറഞ്ഞ ആശംസകൾ..

ദീപ ആർ അടൂർ✍

RELATED ARTICLES

1 COMMENT

  1. പുസ്തകത്തെ ആഴമായി അറിയാൻ സാധിക്കുന്ന റിവ്യൂ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com