തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ദൃശ്യമാകുന്നുണ്ടെങ്കിലും കേരളത്തിലെ വിപണിയിൽ അതിന്റെ പ്രതിഫലനമില്ല. വില റെക്കോർഡ് നിലവാരത്തിൽ തന്നെ തുടരുന്നതിനാൽ പുതിയ സ്വർണാഭരണങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നതായാണ് ജ്വല്ലറി വ്യാപാരികൾ വ്യക്തമാക്കുന്നത്. എന്നാൽ, പുതിയവ വാങ്ങുന്നതിനേക്കാൾ കൈവശമുള്ള പഴയ സ്വർണം വിൽക്കാനും അത് നൽകി പുതിയ ആഭരണങ്ങൾ മാറ്റി വാങ്ങാനും എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് നിലവിലുള്ളത്.
ഇന്നത്തെ വിപണി വില നോക്കുകയാണെങ്കിൽ, 22 കാരറ്റ് സ്വർണം പവന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വർണം പവന് 94,120 രൂപയിലും ഗ്രാമിന് 11,765 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി അധികമായി നൽകേണ്ടതുണ്ട്. എന്നാൽ ഈ അധികച്ചെലവുകൾ ഒഴിവാക്കാൻ വേണ്ടി ചില ജ്വല്ലറികൾ നികുതി ഈടാക്കാതെയും ബില്ലില്ലാതെയും സ്വർണം വിൽക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നികുതി വെട്ടിപ്പുകൾ കർശനമായി തടയുന്നതിന്റെ ഭാഗമായി, ഈ മാസം അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ നിർണായകമായ പ്രഖ്യാപനങ്ങളും കടുത്ത നിയന്ത്രണങ്ങളും ധനകാര്യ വകുപ്പ് കൊണ്ടുവരുമെന്നാണ് സൂചനകൾ



